ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പൂര്‍ണ പ്രതിഫലം ഇഹലോകത്തില്‍ തന്നെ ലഭ്യമാവുക സാധ്യമല്ലേ?



മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ (നന്മയായാലും തിന്മയായാലും) അവയ്‌ക്ക്‌ പൂര്‍ണ പ്രതിഫലം നല്‌കാനാണ്‌ പരലോകമെന്ന്‌ ഇസ്‌‌ലാം പറയുന്നു. ഇവിടെ ചെയ്‌ത പ്രവര്‍ത്തനത്തിന്‌ പൂര്‍ണമായ പ്രതിഫലം ഈ ലോകത്തുവെച്ച്‌ നല്‌കാന്‍ കഴിയില്ല എന്നത്‌ ഒരു മിഥ്യാധാരണയാണ്‌. യഥാര്‍ഥത്തില്‍ മനുഷ്യരായ നമുക്ക്‌ പ്രത്യക്ഷത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. കോടിക്കണക്കിന്‌ പേരെ കൊന്ന ഹിറ്റ്‌ലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതിന്റെ വേദന അനുഭവിച്ച്‌ തീര്‍ന്നിട്ടില്ല എന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റുമോ? അതേപോലെ വലിയ നന്മകള്‍ ചെയ്‌തവര്‍ക്ക്‌ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നതായി കാണാം. അവര്‍ക്ക്‌ ലഭിക്കുന്ന പ്രശസ്‌തിയും സല്‍പ്പേരും അവര്‍ ചെയ്‌ത നന്മക്കുള്ള പ്രതിഫലമല്ലേ? ഉദാഹരണമായി മദര്‍ തെരേസ. ഒരുപാട്‌ നന്മകള്‍ ചെയ്‌ത അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രശസ്‌തി പ്രസ്‌തുത നന്മകള്‍ക്കുള്ള പ്രതിഫലമായിരിക്കാം. ചെയ്യുന്ന നന്മക്കും തിന്മക്കും പൂര്‍ണാര്‍ഥത്തില്‍ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നുണ്ട്‌. നൂറുപേരെ കൊന്നവനെ ഒരു തവണയേ കൊല്ലാന്‍ കഴിയുന്നുള്ളൂ എന്ന്‌ നാം പറയുന്നുണ്ടെങ്കിലും ആ മനുഷ്യന്‍ അതിന്റെ പ്രതിഫലം ഈ ജീവിതത്തില്‍ വെച്ചുതന്നെ ഏറ്റുവാങ്ങിയിട്ടില്ല എന്ന്‌ പ്രത്യക്ഷ വസ്‌തുതകള്‍ മാത്രം അറിയാന്‍ കഴിയുന്ന നമുക്ക്‌ എങ്ങനെയാണ്‌ പറയാന്‍ കഴിയുക?


ജംഷിദ്‌ നരിക്കുനി


യുക്തിചിന്തയെ സംബന്ധിച്ച്‌ പലരുടെയും കാഴ്‌ചപ്പാടുകള്‍ വ്യത്യസ്‌തമാകാം. ഞാന്‍ യുക്തിയെന്ന്‌ കരുതുന്നത്‌ മറ്റൊരാള്‍ക്ക്‌ അയുക്തിയായി തോന്നാം. ദീര്‍ഘകാലം ജനങ്ങളെ സേവിച്ച വ്യക്തിക്ക്‌ നീണ്ടുനില്‌ക്കുന്ന സല്‍ഫലവും ദീര്‍ഘകാലം ദ്രോഹങ്ങള്‍ ചെയ്‌ത ആള്‍ക്ക്‌ നീണ്ടുനില്‌ക്കുന്ന ശിക്ഷയും ലഭിക്കേണ്ടതുണ്ടെന്ന്‌ യുക്തി ചിന്തയില്‍ തെളിയുന്നു എന്നതുകൊണ്ടല്ല, പൂര്‍ണമായ പ്രതിഫലം ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളിലാണ്‌ നല്‌കപ്പെടുകയെന്നും അത്‌ ശാശ്വതവാസത്തിന്റെ നാളായിരിക്കുമെന്നും പ്രപഞ്ച നാഥനായ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയതു കൊണ്ടാണ്‌ മുസ്‌ലിംകള്‍ പരലോകത്തില്‍ വിശ്വസിക്കുന്നത്‌.

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണമായി നല്‌കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (വി.ഖു 3:185). “(അവരോട്‌ പറയപ്പെടും) സമാധാനപൂര്‍വം നിങ്ങള്‍ അവിടെ പ്രവേശിച്ചു കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നു അത്‌. അവര്‍ക്കവിടെ അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.'' (50:34,35)

അല്ലാഹു ഇഹലോകത്ത്‌ പ്രതിഫലമോ ശിക്ഷയോ നല്‌കുകയില്ലെന്ന്‌ ഇതിനര്‍ഥമില്ല. സത്യവിശ്വാസികള്‍ക്കും സച്ചരിതര്‍ക്കും അവന്‍ ഇഹലോകത്ത്‌ നല്‌കുന്ന പലതരം അനുഗ്രഹങ്ങളെയും സൗഭാഗ്യങ്ങളെയും സംബന്ധിച്ച്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ അനശ്വരമായ പരലോക സൗഭാഗ്യങ്ങളെ അപേക്ഷിച്ച്‌ ക്ഷണികമായ ഐഹിക ജീവിതത്തിലെ ഏത്‌ മഹാഭാഗ്യവും നിസ്സാരം മാത്രമാണ്‌. നശ്വരവും അനശ്വരവും ഒരുപോലെ പൂര്‍ണമല്ലെന്ന്‌ സാമാന്യമായ യുക്തിബോധമുള്ള എല്ലാവര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

“നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ സൂക്ഷ്‌മത പാലിക്കുന്നവരോട്‌ ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘ഉത്തമമായത്‌ തന്നെ.’ നല്ലത്‌ ചെയ്‌തവര്‍ക്ക്‌ ഈ ദുന്‍യാവില്‍ തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!''(വി.ഖു 16:30). ശാശ്വതമായ പരലോക ശിക്ഷക്ക്‌ മുമ്പായി സത്യനിഷേധികളും അതിക്രമകാരികളുമായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു ഇഹലോകത്ത്‌ നല്‌കിയ കഠിന ശിക്ഷയെകുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. പരലോകത്തെ വലിയ ശിക്ഷയെ അപേക്ഷിച്ച്‌ അതൊക്കെ നിസ്സാരമാണെന്ന്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌.

“എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്നു പുറത്തു കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവര്‍ തിരിച്ചയയ്‌ക്കപ്പെടുന്നതാണ്‌. നിങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.''(വി.ഖു 32:20,21)

മരണത്തോടുകൂടെ മനുഷ്യജീവിതം ശൂന്യതയില്‍ കലാശിക്കുന്നുവെങ്കില്‍ അതിനു ശേഷം അവാര്‍ഡുകളോ പ്രശംസകളോ ആദരാഞ്‌ജലികളോ റീത്തുകളോ ലഭിച്ചതു കൊണ്ട്‌ പരേതന്‌ യാതൊരു പ്രയോജനവുമില്ല. ഭൗതിക വാദികള്‍ സ്ഥാപിക്കുന്ന രക്തസാക്ഷി മണ്ഡപങ്ങളൊക്കെ വട്ടപൂജ്യത്തിന്‌ മുകളില്‍ കെട്ടിപ്പൊക്കുന്ന അസംബന്ധങ്ങള്‍ മാത്രമാണ്‌. ഏക ദൈവവിശ്വാസികള്‍ക്ക്‌ മാത്രമാണ്‌ നിലനില്‌ക്കുന്ന ദാനങ്ങള്‍ മുഖേനയും ബന്ധുമിത്രാദികളുടെ പ്രാര്‍ഥനകള്‍ മുഖേനയും മരണാന്തരം ദൈവികമായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്‌. ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെയും അനശ്വരതയുടെ യുഗത്തിലെ രക്ഷാശിക്ഷകളെയും തുല്യമായി ഗണിക്കാമെന്നാണ്‌ ഒരാളുടെ യുക്തി വിധിക്കുന്നതെങ്കില്‍ ആ യുക്തി മൗഢ്യത്തിന്റെ പര്യായം മാത്രമായിരിക്കും.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers