``അല്ലാഹുവാണ് സത്യം. നിങ്ങളിലൊരാളും വിശ്വാസിയായിത്തീരുകയില്ല; തന്റെ മക്കള്‍, മാതാപിതാക്കള്‍, മറ്റു മനുഷ്യര്‍ തുടങ്ങി എല്ലാവരെക്കാളും നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ടവന്‍ ഞാന്‍ ആകുന്നതുവരെ''(ബുഖാരി). ഹദീസില്‍ പറയുന്ന ഈ ചിന്താഗതി നബി(സ)യുടെ സ്വാര്‍ഥതയല്ലേ വെളിപ്പെടുത്തുന്നത്?
അമീന്‍ ചേന്നര തിരൂര്‍
അനുയായികളില്‍ നിന്ന് ലൗകികമായ നേട്ടങ്ങളെന്തെങ്കിലും നബി(സ) കാംക്ഷിച്ചിരുന്നെങ്കിലേ അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയുന്നതില്‍ അര്‍ഥമുള്ളൂ. തന്നോടുള്ള നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പേരില്‍ അനുചരന്മാര്‍ ആദര്‍ശദൃഢതയും ധര്‍മനിഷ്‌ഠയുമുള്ള ജീവിതം നയിക്കണമെന്ന് മാത്രമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. അദ്ദേഹം ആവശ്യപ്പെട്ട മറ്റൊരു കാര്യം അദ്ദേഹത്തിനു വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുന്ന സ്വലാത്ത് ചൊല്ലണമെന്നാണ്. ഇതും അദ്ദേഹത്തിന് ഭൗതിക നേട്ടമുണ്ടാക്കുന്ന കാര്യമല്ല. ഒരു രാഷ്‌ട്രത്തിന്റെ സാരഥിയായിട്ടും അദ്ദേഹത്തിന്റെ ജീവിതം ദാരിദ്ര്യമുക്തമായിരുന്നില്ല. ഇഹലോകവാസം വെടിയുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു യഹൂദന്റെ പക്കല്‍ പണയം വെച്ച നിലയിലായിരുന്നു.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അതിപ്രധാനമായ കാര്യം അല്ലാഹുവിന് ഇഷ്‌ടപ്പെട്ട രീതിയില്‍ ജീവിതം നയിച്ചുകൊണ്ട് ശാശ്വതമായ സ്വര്‍ഗീയ സൗഭാഗ്യത്തിന് അവകാശിയായിത്തീരുക എന്നതാണ്. അതിനു വേണ്ട ഏറ്റവും ശരിയായ മാര്‍ഗദര്‍ശനം നല്‌കാന്‍ അല്ലാഹു നിയോഗിച്ച അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ)യെ മറ്റെല്ലാ മനുഷ്യരെക്കാളും ഉപരിയായി സ്‌നേഹിക്കണം എന്ന് പറയുന്നത് ആദര്‍ശത്തിന്റെ മൂല്യമറിയുന്നവര്‍ക്ക് തികച്ചും ന്യായമെന്ന് ബോധ്യമാകും.
0 അഭിപ്രായങ്ങള്‍:
Post a Comment