ഒരു വസ്‌തുവിന്റെ മാര്‍ക്കറ്റ് വില രൂപപ്പെടുന്നത് അതിന്റെ ലഭ്യതയും ആവശ്യക്കാരുടെ എണ്ണവും അനുസരിച്ചാണല്ലോ. സ്വന്തമായി ഉപയോഗത്തിനാവശ്യമില്ലാത്തവര്‍ വസ്‌തുക്കള്‍ കൈയിലുള്ളതെല്ലാം മുടക്കി വാങ്ങിക്കൂട്ടുകയും വസ്‌തുവിന്റെ യഥാര്‍ഥ ആവശ്യക്കാര്‍ക്കിത് മൂലം ഇവരോടിത് വാങ്ങേണ്ടി വരികയും ചെയ്യുന്ന അവസ്ഥക്ക് ഉദാഹരണമാണ് ഇന്ന് നമ്മുടെ നാട്ടിലെ ഭൂമിയുടെ കാര്യം. ഒരു ശരാശരി വരുമാനക്കാരനോ അതിന് മുകളിലുള്ളവനോ പോലുമോ പാര്‍പ്പിടാവശ്യത്തിന് അഞ്ചോ എട്ടോ സെന്റ് ഭൂമി വാങ്ങുന്നത് ഏതാണ്ട് അസാധ്യമായിരിക്കുന്ന സ്ഥിതിയാണിത് മൂലം ഉള്ളത്. ഒരു സാമൂഹ്യ സേവനം ആയിരിക്കേണ്ട സ്ഥാനത്ത് സാമൂഹ്യ ദ്രോഹമായിത്തീര്‍ന്നിട്ടുള്ള ഈ ഏര്‍പ്പാടില്‍ ഒരു മുസ്‌ലിമിന് പങ്കാളിയാവാമോ? `റിയല്‍എസ്റ്റേറ്റ് ഭൂമാഫിയ'കളോളം വരില്ലെങ്കില്‍ തന്നെ, തങ്ങള്‍ നടത്തുന്നതിന്റെ തോതനുസരിച്ച് ഏവരും മതദൃഷ്‌ട്യാ കുറ്റക്കാരാവില്ലേ? `കച്ചവടത്തിന് വേണ്ടി മാത്രമുള്ള കച്ചവടം' നബി(സ) വിലക്കിയതായി ഹദീസുകളിലുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ പെടില്ലേ ഇതും?
`വരുമാനമില്ലാത്ത ഭൂമിക്ക് സകാത്തില്ല' എന്ന ഗണത്തില്‍ ഈ ഭൂമി അതെത്ര കുറവായാലും ഉള്‍പ്പെടുമോ? സ്വര്‍ണം-വെള്ളിയുടെ പോലെ ഇവക്കും സകാത്തും നല്‌കേണ്ടതില്ലേ? സ്വര്‍ണം-വെള്ളിക്ക് സകാത്ത് എന്നതിന്റെ `സ്‌പിരിറ്റ്' അല്ലേ കണക്കിലെടുക്കേണ്ടത്. അല്ലെങ്കില്‍, ചില പണ്ഡിതന്മാര്‍ പറഞ്ഞപോലെ, വന്‍ ധനികര്‍ കൈവശം വെക്കുന്ന സ്വര്‍ണത്തിന്റെ എത്രയോ ഇരട്ടി വിലവരുന്ന ഡയമണ്ട് ആഭരണങ്ങള്‍ക്ക് സകാത്ത് വേണ്ടെന്ന് വരില്ലേ? ഇത് ഇസ്‌ലാമികമായി ശരിയാവുമോ?
എം ഖാലിദ് നിലമ്പൂര്‍
കെട്ടിടങ്ങള്‍ നിര്‍മിക്കാനും കൃഷി ചെയ്യാനും മറ്റും വേണ്ടി ഭൂമി വാങ്ങലും വില്‌ക്കലും നബി(സ)യുടെ കാലത്ത് അദ്ദേഹത്തിന്റെ അംഗീകാരത്തോടെ നടന്നിരുന്നുവെന്നാണ് ഹദീസ്-ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. രണ്ടു അനാഥക്കുട്ടികളില്‍ നിന്ന് നബി(സ) വില കൊടുത്തു വാങ്ങിയ സ്ഥലത്താണ് മദീനയിലെ പള്ളി പണിതതെന്ന് ബുഖാരിയും മറ്റും റിപ്പോര്‍ട്ട് ചെയ്‌ത ഹദീസില്‍ കാണാം. എന്നാല്‍ ഭൂസ്വത്തുക്കള്‍ വന്‍ തോതില്‍ കൈവശപ്പെടുത്തി കൊള്ളലാഭമെടുക്കുന്ന സമ്പ്രദായം അക്കാലത്ത് ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള വസ്‌തുക്കള്‍ പൂഴ്‌ത്തിവെച്ചും കുത്തകയാക്കിയും കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നത് നബി(സ) വിലക്കിയതായി ഉമര്‍, അബൂഹുറയ്‌റ, മഅ്‌ഖിലുബ്‌നുയസാര്‍ എന്നീ സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യവസ്‌തുക്കള്‍ പൂഴ്‌ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് അക്കാലത്ത് ഒട്ടൊക്കെ നടന്നിരുന്നത്. വീട് വെക്കാനും മറ്റും സ്ഥലത്തിന് ഏറെ ആവശ്യക്കാരുള്ള പ്രദേശത്ത് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി വിലക്കയറ്റം സൃഷ്‌ടിക്കുന്നത് നബി(സ) വിലക്കിയ പൂഴ്‌ത്തിവെപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഭൂമി ഒരു കച്ചവടച്ചരക്കാക്കുന്നത് തീര്‍ത്തും നിഷിദ്ധമാണെന്ന് പറയാന്‍ ഖണ്ഡിതമായ തെളിവില്ല. `കച്ചവടത്തിനുവേണ്ടി മാത്രമുള്ള കച്ചവടം' നിരോധിക്കുന്ന പ്രബലമായ ഹദീസൊന്നും `മുസ്‌ലിമി'ന് കാണാന്‍ കഴിഞ്ഞിട്ടില്ല.
വില്‍ക്കാന്‍ വേണ്ടി ഭൂമി വാങ്ങിയാല്‍ അതൊരു കച്ചവടച്ചരക്കാണ്. അതിന് സകാത്ത് നിര്‍ബന്ധമാണ്. ഭൂമി വ്യാപാരത്തില്‍ നിക്ഷേപിച്ച പണത്തിന്റെ രണ്ടര ശതമാനമോ ഭൂമി വില്‌പനയിലെ അറ്റാദായത്തിന്റെ പത്തു ശതമാനമോ ആണ് സകാത്ത്. ഭൂമിയില്‍ നിന്ന് മറ്റു ആദായമുണ്ടെങ്കില്‍ അതിനും അതിന്റെ കണക്കനുസരിച്ച് സകാത്ത് നല്‌കണം. വരുമാനമില്ലാത്ത ഭൂമി സകാത്ത് ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നത് അത് സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടി വാങ്ങിയതാണെങ്കില്‍ മാത്രമാണ്. ഭൂമി ഒരു കച്ചവടച്ചരക്കാക്കുമ്പോള്‍ അതിന്റെ നിസ്വാബ് (സകാത്ത് നിര്‍ബന്ധമാകുന്ന ചുരുങ്ങിയ പരിധി) ഇരുനൂറ് ദിര്‍ഹം (590 ഗ്രാം) വെള്ളിയുടെ മൂല്യമായിരിക്കും. ഡയമന്‍ഡ് ആഭരണങ്ങള്‍ ഒരു പുതിയ വിഷയമാണ്. അതിന്റെ സകാത്ത് സംബന്ധമായി വീക്ഷണവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. വെള്ളിയാഭരണങ്ങളുമായി തുലനം ചെയ്‌ത് അവയുടെ സകാത്തിന്റെ പരിധിയും വിഹിതവും കണക്കാക്കാവുന്നതാണ്.
0 അഭിപ്രായങ്ങള്‍:
Post a Comment