എന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ 53.4 പവന്‍ സ്വാര്‍ണാഭരണമുണ്ട്. ഒരു വര്‍ഷം തികയുമ്പോള്‍ അതിന്റെ പൂര്‍ണമായ മൂല്യവില കണക്കാക്കി സകാത്ത് കൊടുക്കേണ്ടതുണ്ടോ? സ്വര്‍ണാഭരണത്തിന്റെ നിസ്വാബ് എത്രയാണ്? ആഭരണമായതിനാല്‍ ആവശ്യത്തിന് അണിയാനുള്ളത് മാറ്റിവെച്ച് അവശേഷിക്കുന്ന അളവിന് സകാത്ത് നല്‌കിയാല്‍ മതി എന്ന അഭിപ്രായത്തിന് തെളിവുണ്ടോ?
മുനവ്വര്‍ അലി കോഴിക്കോട്
നബി(സ) അവിടുത്തെ പത്‌നി ആഇശ(റ)യുടെ കൈയിലണിഞ്ഞ വെള്ളിവളകള്‍ക്കും, മറ്റൊരു പത്‌നി ഉമ്മുസലമ(റ) കാലിലണിഞ്ഞ സ്വര്‍ണ പാദസരങ്ങള്‍ക്കും, ഒരു സ്വഹാബി വനിത കൈയിലണിഞ്ഞ സ്വര്‍ണവളകള്‍ക്കും സകാത്ത് നല്‌കാന്‍ കല്‌പിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. ശരീരത്തില്‍ അണിയുന്ന ആഭരണത്തിന് സകാത്ത് നല്‌കേണ്ടതില്ലെന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസുണ്ടെങ്കിലും ഉപര്യുക്ത ഹദീസുകളെ അപേക്ഷിച്ച് അത് പ്രബലമല്ല. എങ്കിലും പണ്ഡിതന്മാരില്‍ ഒരു വിഭാഗം, പതിവായി ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നിര്‍ബന്ധമില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആഭരണം, നാണയം, ലോഹം എന്നിങ്ങനെ ഏത് രൂപത്തിലാണെങ്കിലും സ്വര്‍ണത്തിന് സകാത്ത് നിര്‍ബന്ധമാകുന്ന പരിധി നബി(സ) വ്യക്തമാക്കിയതനുസരിച്ച് ഇരുപത് ദീനാര്‍ (ഏകദേശം പത്തരപവന്‍) ആകുന്നു. അതിന് (അല്ലെങ്കില്‍ അതിന്റെ മൂല്യത്തിന്) രണ്ടര ശതമാനമാണ് സകാത്ത്. പരിധി എത്തിയാല്‍ മൊത്തം മൂല്യത്തിന്റെ രണ്ടര ശതമാനമാണ് നല്‌കേണ്ടത്. പരിധിയില്‍ കൂടുതലുള്ളതിന് മാത്രമല്ല. ഈ കാര്യം ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പണ്ഡിതന്മാര്‍ക്ക് അതില്‍ അഭിപ്രായവ്യത്യാസമില്ല. ``നിനക്ക് ഇരുപത് ദീനാര്‍ ഉണ്ടാവുകയും ഒരു കൊല്ലം പൂര്‍ത്തിയാവുകയും ചെയ്‌താല്‍ അതില്‍ അരദീനാറാണ് സകാത്ത്'' എന്ന് നബി(സ) പറഞ്ഞതായി അലി(റ)യില്‍ നിന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നു.
1 അഭിപ്രായങ്ങള്‍:
മേൽ പറഞ്ഞ അബൂദാവൂദിൽ നിന്നുള്ള ഹദീസിൻറെ (നമ്പർ :1573) സനദ് ദുർബലമല്ലേ ?
Post a Comment