ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഈ മിഠായികളും പലഹാരങ്ങളും നിഷിദ്ധമാണോ?

ദീപാവലി, ക്രിസ്‌തുമസ്‌ തുടങ്ങിയ ആഘോഷവേളകളില്‍ മാത്രം തയ്യാറാക്കപ്പെടുന്ന പ്രത്യേക പലഹാരങ്ങള്‍ ബേക്കറികളില്‍ ലഭ്യമാവും. പ്രത്യേക മതവിഭാഗങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി വില്‍ക്കപ്പെടുന്ന ഇത്തരം മിഠായികള്‍ നമുക്ക്‌ അനുവദനീയമാണോ? ശബരിമലയില്‍ പോയി വരുന്ന സുഹൃത്തുക്കളും അയല്‍വാസികളും നല്‍കുന്ന അരവണയും മറ്റു പലഹാരങ്ങളും സ്വീകരിക്കാമോ?

മുജീബുര്‌റഹ്മാന്‍ പാലക്കല്‍



അല്ലാഹുവും റസൂലും(സ) നിരോധിച്ചതല്ലാത്ത ഭക്ഷ്യവസ്‌തുക്കളെല്ലാം അനുവദനീയമാണ്‌ എന്നതത്രെ പൊതുവായ ഇസ്ലാമിക തത്വം. നിഷിദ്ധമായ കാര്യങ്ങള്‍ എടുത്തുപറഞ്ഞതിനുശേഷം “അതിനപ്പുറമുള്ളത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു'' എന്ന്‌ വിശുദ്ധഖുര്‍ആനില്‍ (4:24) വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവര്‍ക്ക്‌ നേര്‍ച്ചയായും ബലിയായും സമര്‍പ്പിക്കപ്പെട്ട ജന്തുക്കളുടെ മാംസം കഴിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ (5:3) നിരോധിച്ചിട്ടുണ്ട്‌. വിഗ്രഹങ്ങള്‍ക്കും അല്ലാഹുവിന്‌ പുറമെ ദിവ്യത്വം കല്‍പിക്കപ്പെടുന്നവര്‍ക്കും സമര്‍പ്പിക്കപ്പെടുന്ന മാംസേതരമായ ഭക്ഷ്യവസ്‌തുക്കള്‍ക്കും നിഷിദ്ധമായ മാംസത്തോട്‌ സാമ്യമുണ്ട്‌. അതിനാല്‍ അവ വര്‍ജിക്കുന്നതാണ്‌ നമ്മുടെ ജീവിതം പാപമുക്തമാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം. ഹറാമിനോട്‌ സാധര്‍മ്യമുള്ളതെല്ലാം വര്‍ജിക്കാന്‍ നബി(സ) പ്രേരിപ്പിച്ചതായി പ്രാമാണികമായ ഹദീസില്‍ കാണാം. എന്നാല്‍ പ്രത്യേക മധുരപലഹാരങ്ങളോ മറ്റു ഭക്ഷ്യവസ്‌തുക്കളോ കഴിക്കുന്നതുകൊണ്ട്‌ അല്ലാഹുവല്ലാത്ത ആരാധ്യരുടെ അനുഗ്രഹം ലഭിക്കുമെന്ന്‌ വിശ്വസിക്കുകയാണെങ്കില്‍ അത്‌ ശിര്‍ക്കിന്റെ (ബഹുദൈവാരാധന) വകുപ്പില്‍ ഉള്‍പ്പെടുന്നതാണ്‌. ഒരു ആഘോഷവേളയില്‍ ബേക്കറിക്കാരോ മറ്റോ തയ്യാറാക്കുന്നതാണ്‌ എന്നതിന്റെ പേരില്‍ മാത്രം ഒരു ഭക്ഷ്യവസ്‌തു നിഷിദ്ധമാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല.

1 അഭിപ്രായങ്ങള്‍‌:

അല്‍ഭുത കുട്ടി said...

വീടിനടുത്തുള്ള ചില ഹിന്ദുക്കള്‍ ശബരിമലക്കും മറ്റും പോയിട്ട് കൊണ്ടുവരുന്ന പലഹാരങ്ങള്‍ കഴിക്കാമോ ??

Followers -NetworkedBlogs-

Followers