`കുറ്റവാസനയുടെ ഉറവിടത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ നിന്നും ആരംഭിക്കുന്നതായി കണ്ടെത്തി. ഗര്‍ഭിണിക്ക് മാനസിക സമ്മര്‍ദമുണ്ടെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുന്നു. പ്രസവശേഷം അസുഖങ്ങള്‍ ഉണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ സ്‌ത്രീകള്‍ക്കുണ്ടാവുന്ന സമ്മര്‍ദത്തിന്റെ ഏറ്റക്കറച്ചിലിനനുസരിച്ചായിരിക്കും ക്രിമിനല്‍വാസനയും വളരുന്നത്. അക്രമസ്വഭാവം കാണിക്കുന്ന പലരുടെയും കുടുംബപശ്ചാത്തലം പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം.
കുട്ടികളുടെ ആരോഗ്യം അവരുടെ ഭ്രൂണാവസ്ഥ മുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അമ്മയുടെ ചിന്തയും വികാരവും മനോനിലയും ശിശുക്കളെ സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭകാലത്തെ മാനസികസമ്മര്‍ദം ശിശുക്കള്‍ക്ക് ജീവിതകാലം മുഴുവനും നിലനില്‌ക്കുന്ന പ്രശ്‌നമായി മാറും. പിറവിയെടുത്തതിന് ശേഷം സ്‌നേഹം ചൊരിയുന്നതിനെക്കാള്‍ ഗര്‍ഭസ്ഥശിശുവിനെ അംഗീകരിക്കാനും സ്‌നേഹിക്കാനും തയ്യാറാകുന്നതിലൂടെ താരതമ്യേന കുറ്റവാസന കുറഞ്ഞ കുട്ടികളുടെ ലോകം സൃഷ്‌ടിക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഗര്‍ഭിണികളെ സംഗീതം കേള്‍പ്പിക്കുകയും അവര്‍ പാര്‍ക്കുന്നിടത്ത് ഓമനത്തമുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പതിവാണ്.'' (സ്‌ത്രീ, 2010 ഡിസം. 21)
`ഓരോ കുട്ടിയും ശുദ്ധ പ്രകൃതിയോടെയാണ് ജനിക്കുന്നത്' എന്ന നബിവചനവും ഈ കണ്ടെത്തലും തമ്മില്‍ എങ്ങനെയാണ് യോജിക്കുക?
പി കെ മുസംബുലു, വേരുപാലം
അല്ലാഹു ഓരോ ബീജവും സൃഷ്‌ടിക്കുന്നത് ഒരു അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായി വളര്‍ന്ന് ലക്ഷണമൊത്ത ശിശുവായി ജനിക്കാന്‍ വേണ്ടിയാണ്. ഗര്‍ഭാശയ വ്യവസ്ഥകള്‍ കൂട്ടിയിണക്കിയിട്ടുള്ളത് ഗര്‍ഭസ്ഥശിശുവിന്റെ യഥോചിതമായ വളര്‍ച്ചയ്‌ക്ക് ഉതകുന്ന വിധമാണ്. എന്നാലും പലവിധ ഭൗതിക കാരണങ്ങളാല്‍ ചില കുട്ടികള്‍ക്ക് ജന്മനാ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങലുണ്ടാകാറുണ്ട്. അണുബോംബ് വീണ നാടുകളിലും എന്‍ഡോസള്‍ഫാന്‍ പെയ്‌തിറങ്ങിയ നാടുകളിലും രാസവാതകം മഹാദുരന്തമായി പടര്‍ന്നുകയറിയ ഭോപ്പാലിലും മറ്റും ഇത് ബീഭത്സമാംവിധം പ്രകടമാവുകയുണ്ടായി. ദൈവിക വ്യവസ്ഥ വികലമായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്.
ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കുളിര്‍മയുള്ള സമാധാന നിര്‍ഭരമായ കുടുംബാംന്തരീക്ഷമാണ്. ``നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്‌ടാന്തങ്ങളുണ്ട്'' (വി.ഖു 30:21). ഇത്തരം കുടംബാന്തരീക്ഷത്തില്‍ ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥശിശുവിനോ നവജാതശിശുവിനോ വിവിധ പ്രായക്കാരായ കുട്ടികള്‍ക്കോ അരക്ഷിതാവസ്ഥയുണ്ടാവില്ല. ഓരോ കുട്ടിയും ശുദ്ധപ്രകൃതിയോടെ ജനിക്കുന്നത് ഇങ്ങനെയുള്ള കുടുംബ സാഹചര്യത്തിലായിരിക്കും.
ഗര്‍ഭിണിയുടെ ജീവിതം അരക്ഷിതാവസ്ഥയിലാവുകയോ അവളുടെ ദുസ്സ്വഭാവങ്ങളും ദുശ്ശീലങ്ങളും അപപോഷണവും മറ്റും നിമിത്തം ഗര്‍ഭസ്ഥശിശുവിന്റെ സ്ഥിതി അരക്ഷിതമാവുകയോ ചെയ്‌താല്‍ ശിശുവിന് മാനസികവും ശാരീരികവുമായ അപചയമുണ്ടാവുക സ്വാഭാവികമാണ്. കുറ്റവാസനയും ഈ അപചയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുകൂടായ്‌കയില്ല.
ലൈംഗിക അരാജകത്വം കൊടികുത്തിവാഴുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബത്തകര്‍ച്ച വ്യാപകമാണ്. ഇത് നിമിത്തം ധാരാളം ഗര്‍ഭിണികള്‍ കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കുന്നുണ്ടാകും. അതുകൊണ്ടാണ് സംഗീതം, ചിത്രപ്രദര്‍ശനം തുടങ്ങിയ കൃത്രിമ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷ ലഘൂകരണ യത്‌നങ്ങള്‍ നടത്തേണ്ടിവരുന്നത്. ഉത്തമ വികാരങ്ങള്‍ കൊണ്ട് സമ്പുഷ്‌ടമായ ഇസ്‌ലാമിക കുടുംബാന്തരീക്ഷത്തില്‍ സംഘര്‍ഷത്തിന്റെ ലാവ പൊട്ടി ഒഴുകാന്‍ സാധ്യത വളരെ കുറവാണ്.
0 അഭിപ്രായങ്ങള്‍:
Post a Comment