`വസഖ്‌ഖറശ്ശംസ വല്‍ഖമറ കുല്ലുന്‍ യജ്‌രീ ഇലാ അജലിന്‍ മുസമ്മാ', `ജന്നാത്തിന്‍ തജ്‌രീ മിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' തുടങ്ങിയ വാചകങ്ങള്‍ ഖുര്‍ആനില്‍ വളരെയധികം തവണയുണ്ടല്ലോ. പതിനാല് നൂറ്റാണ്ടു മുമ്പവതരിച്ച, ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി നിലകൊള്ളേണ്ട, അമാനുഷികത അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ ഇത്തരത്തില്‍ ഒരേ വാചകങ്ങള്‍ തന്നെ പലവുരു ആവര്‍ത്തിച്ചിരിക്കുന്നതിന്റെ സാംഗത്യമെന്താണ്? കാര്യങ്ങള്‍ സംക്ഷിപ്‌തമായും കാര്യമാത്ര പ്രസക്തമായും വൃഥാസ്ഥൂലത വരാതെയും സമര്‍പ്പിക്കുകയായിരുന്നില്ലേ ഖുര്‍ആന്‍ വേണ്ടിയിരുന്നത്?
അബൂഅമാന (ഷാര്‍ജ)
ആരെ പ്രവാചകനാക്കണം, ഏത് ഭാഷയില്‍ വേദഗ്രന്ഥമവതരിപ്പിക്കണം, വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കണം എന്നൊക്കെ അല്ലാഹുവാണ് തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ ന്യായവും പ്രസക്തിയും നമുക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. നമ്മുടെ അറിവിന് ഏറെ പരിമിതിയുണ്ട്. മനുഷ്യര്‍ രചിക്കുന്ന വൈജ്ഞാനികവും കാല്‌പനികവും മറ്റുമായ ഗ്രന്ഥങ്ങളുടെ രൂപവും ക്രമവുമാണ് നമുക്ക് പരിചയമുള്ളത്. ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്‌തമായ മാര്‍ഗദര്‍ശക ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. ആദര്‍ശാധിഷ്‌ഠിതമായ ജീവിതം നയിച്ചാല്‍ ഇഹത്തിലും പരത്തിലും ധന്യത നല്‌കി പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കാനും നിഷേധിയും ധിക്കാരിയുമായി ജീവിച്ചാല്‍ നാഥന്‍ ശാശ്വത ശിക്ഷ നല്‌കാന്‍ സാധ്യതയുണ്ടെന്ന് താക്കീത് നല്‌കാനുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ഘടനാപരമായി മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്‌തമാവുക സ്വാഭാവികമാണ്.
`വസഖ്‌ഖറശ്ശംസ-അജലിന്‍ മുസമ്മാ' എന്ന ഖുര്‍ആന്‍ വാക്യം ഭൂമിയിലെ ജീവിതത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ രണ്ടു ഘടകങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ``സൂര്യനെയും ചന്ദ്രനെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു. അവ ഓരോന്നും നിര്‍ണിതമായ ഒരു അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കും'' എന്നാണ് ഈ വാക്യത്തിന്റെ പരിഭാഷ. സൂര്യനെ ഭൂമിയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിലകൊള്ളുന്നതും വ്യവസ്ഥാപിതമായി സഞ്ചരിക്കുന്നതുമായി പ്രപഞ്ചനാഥന്‍ വിധേയമാക്കിയതുകൊണ്ടാണ് ഭൂമിയിലെ ജീവ-സസ്യജാലങ്ങള്‍ സമൃദ്ധമായി വളരുന്നതും നിലനില്‌ക്കുന്നതും. ചന്ദ്രഗതിയാണ് ഭൂമിയിലെ ഒട്ടേറെ പ്രതിഭാസങ്ങള്‍ക്ക് നിദാനമായിട്ടുള്ളത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ കാലഗണനയ്‌ക്ക് അടിസ്ഥാനമാകുന്നു. നിലാവിന്റെ മനോഹാരിത ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിനാല്‍ നാഥന്റെ അറിവിന്റെയും കഴിവിന്റെയും അനുഗ്രഹത്തിന്റെയും തെളിവെന്ന നിലയില്‍ സൗര-ചാന്ദ്ര വ്യവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നതിന് പ്രത്യേക പ്രസക്തിയുണ്ട്. ഖുര്‍ആനിലെ 104 അധ്യായങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ ഈ വാക്യം വന്നിട്ടുള്ളൂ. ആകാശഗോളങ്ങളില്‍ നമ്മുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട രണ്ടെണ്ണത്തിന്റെ നിശ്ചിതമായ ഭ്രമണ പരിക്രമണങ്ങളെ സംബന്ധിച്ച് നാലു തവണ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചത് അസംഗതമാണെന്ന് പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല.
`ജന്നാത്തിന്‍ തജ്‌രീമിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' എന്നതിന് `താഴ്‌ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍' എന്നാണര്‍ഥം. പരലോകത്തെ സ്വര്‍ഗീയ ഉദ്യാനങ്ങളെക്കുറിച്ചാണ് ഈ പരാമര്‍ശം. അനന്ത കാലത്തേക്ക് നല്ല മനുഷ്യര്‍ക്ക് അല്ലാഹു നല്‌കുന്ന സ്വര്‍ഗീയ സൗഭാഗ്യങ്ങളെ സംബന്ധിച്ച് സന്തോഷവാര്‍ത്ത നല്‌കുക എന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളില്‍ അതിപ്രധാനമായ ഒന്ന്. ധര്‍മനിഷ്‌ഠയുള്ള വിശ്വാസികളുടെ മഹത്വങ്ങള്‍ വിവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന അനര്‍ഘമായ സമ്മാനങ്ങളെക്കുറിച്ച് അനേകം സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്. സ്വര്‍ഗീയ ഉദ്യാനങ്ങളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അവയ്‌ക്ക് കീഴിലൂടെ അരുവികള്‍ ഒഴുകുന്നു എന്നതാണ്. ഭൂമിയിലെ ഉദ്യാനങ്ങള്‍ക്കും ഏറ്റവും ആകര്‍ഷകത്വം ഉളവാക്കുന്നത് പൊയ്‌കകളുടെയും ജലധാരകളുടെയും മറ്റും സാന്നിധ്യമാണല്ലോ. സല്‍കര്‍മകാരികളായ സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‌കുന്ന ശാശ്വത സൗഭാഗ്യത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക എന്നത് തികച്ചും ഉചിതമായ കാര്യമാകുന്നു. ആദര്‍ശജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോള്‍ ആദര്‍ശനിഷ്‌ഠയുടെ സദ്‌ഫലത്തെപ്പറ്റി യാതൊന്നും പറയാതിരിക്കുന്നതാണ് അനൗചിത്യം.
0 അഭിപ്രായങ്ങള്‍:
Post a Comment