ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഇസ്‌ലാമും ചിന്താസ്വാതന്ത്ര്യവും

ഇസ്‌ലാം ചിന്താസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നല്‌കിയ മതമാണെന്ന്‌ പറയുന്നു. എന്നാല്‍ ഖുര്‍ആനില്‍ തന്നെ മനുഷ്യന്റെ സ്വതന്ത്രചിന്തയെയും, യുക്തിയെയും ഖണ്ഡിക്കുന്നത്‌ കാണാന്‍ കഴിയും. ചിന്തിക്കുവാനുള്ള മനുഷ്യന്റെ സ്വതന്ത്രശേഷിയെ വിലങ്ങണിയിക്കുന്ന ഇസ്‌ലാമിന്‌ എങ്ങനെയാണ്‌ സ്വതന്ത്രമായ ചിന്തകള്‍ മാനവര്‍ക്ക്‌ മുമ്പില്‍ സമര്‍പ്പിക്കാനാവുക?
ആയത്ത്‌ ഇപ്രകാരമാണ്‌: ``അല്ലാഹുവും റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷനാകട്ടെ, സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ `സ്വതന്ത്രമായ അഭിപ്രായം' ഉണ്ടായിരിക്കാവുന്നതല്ല (ഖുര്‍ആന്‍ 33:36). മുസ്‌ലിമിന്റെ അഭിപ്രായമെന്ത്‌?
ശൗക്കത്തലി ചങ്ങരംകുളം

മനുഷ്യന്‌ എന്തിനെക്കുറിച്ച്‌ ചിന്തിക്കാനും ഏത്‌ കാര്യം ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം അവരുടെ പ്രകൃതിയില്‍ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എന്നാല്‍ അനിയന്ത്രിതമായ ചിന്തയും ആവിഷ്‌കാരവും എല്ലായ്‌പ്പോഴും ഗുണദായകമായെന്ന്‌ വരില്ല. അന്യരുടെ ധനം മോഷ്‌ടിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യാനുള്ള വഴികളെ സംബന്ധിച്ച്‌ ചിന്തിക്കുന്നത്‌ തിന്മകളിലേക്കാണ്‌ നയിക്കുക. വ്യഭിചരിക്കാനോ ബലാല്‍സംഗം നടത്താനോ ഉള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുന്നതിന്റെ ഫലവും അതുപോലെ തന്നെ. ഒരാള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നത്‌ അശ്ലീല സാഹിത്യം രചിക്കാനാണെങ്കില്‍ അയാള്‍ക്കും അനുവാചകര്‍ക്കും അത്‌ ദോഷമേ ചെയ്യൂ. ഈ കാര്യം പക്വമതികള്‍ക്കെല്ലാം സംശയരഹിതമായി ബോധ്യപ്പെടുന്നതാണ്‌.

അതിനാല്‍ പ്രകൃത്യാ ഉള്ള സ്വാതന്ത്ര്യത്തിന്മേല്‍ ധാര്‍മികതയുടെ നിയന്ത്രണമുണ്ടാകേണ്ടത്‌ മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സുസ്ഥിതിക്ക്‌ അനുപേക്ഷ്യമാകുന്നു. ധര്‍മവും അധര്‍മവും നന്മയും തിന്മയും തിരിച്ചറിയുന്നതിന്‌ മനുഷ്യബുദ്ധി പലപ്പോഴും അപര്യാപ്‌തമാകാറുണ്ട്‌. വ്യഭിചാരവും സ്വവര്‍ഗരതിയും അധാര്‍മികമാണെന്ന ദൈവിക നിയമത്തെ ചില ബുദ്ധിജീവികള്‍ ചോദ്യംചെയ്യുന്നതിന്റെ കാരണം അതാണ്‌. മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സമ്പൂര്‍ണജ്ഞാനമുള്ള ലോകരക്ഷിതാവിന്‌ മാത്രമേ ധര്‍മത്തിന്റെയും നന്മയുടെയും കാര്യത്തില്‍ തെറ്റുപറ്റാത്ത വിവരം നല്‌കാന്‍ കഴിയൂ. അതിനാല്‍ സ്വന്തം അറിവിന്റെ പരിമിതിയും അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുന്ന സത്യവിശ്വാസി തന്റെ ഇഹലോക ക്ഷേമത്തിനും പരലോക മോക്ഷത്തിനും വേണ്ടി ചെയ്യേണ്ടത്‌ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മറികടക്കാതിരിക്കുകയാണ്‌. നിയമലംഘനത്തിനള്ള സ്വാതന്ത്ര്യം അല്ലാഹു നിഷേധിച്ചിട്ടില്ല. അതിന്റെ ദോഷഫലമോര്‍ത്ത്‌ വിശ്വാസികള്‍ അതില്‍ നിന്ന്‌ വിട്ടുനില്‌ക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers