ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

രാഷ്‌ട്രീയം ഇല്ലാത്ത ഇസ്‌ലാമോ?

"ഇസ്‌ലാം ഭൂമുഖത്തു വന്ന ഒന്നാം തിയ്യതി മുതല്‍ അതില്‍ (ഇസ്‌ലാമില്‍) രാഷ്‌ട്രീയം ഉണ്ട്‌. പ്രവാചകന്മാര്‍ ഒന്നടങ്കം രാഷ്‌ട്രീയം പറഞ ്ഞിട്ടുമുണ്ട്‌. ചിലര്‍ രാഷ്‌ട്രം തന്നെ സ്ഥാപിച്ചു. ഉദാഹരണം ദാവൂദും സുലൈമാനും(അ) മുഹമ്മദ്‌ നബി(സ)യും. ഇങ്ങനെയല്ലാത്ത ഒരു ഇസ്‌ലാം മുജാഹിദ്‌ മൗലവിമാരുടെ കൈവശം ഉണ്ടെങ്കില്‍ അവര്‍ അവതരിപ്പിക്കട്ടെ.'' (പ്രബോധനം വാരിക -2010 ജനുവരി 30). `മുസ്‌ലിം' എന്തുപറയുന്നു?

അബൂസഹ്‌ദ്‌ വണ്ടൂര്‍

ഇസ്‌ലാമില്‍ രാഷ്‌ട്രീയം ഇല്ല എന്നൊരു വാദം മുജാഹിദുകള്‍ ഒരിക്കലും ഉന്നയിച്ചിട്ടില്ല. `മുസ്‌ലിം' അങ്ങനെ എഴുതിയിട്ടുമില്ല. എന്നാല്‍ ഇസ്‌ലാം രാഷ്‌ട്രീയമാണ്‌ എന്ന്‌ പറയുന്നതും ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ട്‌ എന്ന്‌ പറയുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്‌. സയ്യിദ്‌ മൗദൂദി അദ്ദേഹത്തിന്റെ ഖുതുബാത്തില്‍ ദീന്‍ എന്നാല്‍ സ്റ്റെയ്‌റ്റാണ്‌ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. രാഷ്‌ട്രം എന്ന അര്‍ഥത്തിലാണ്‌ അദ്ദേഹം സ്റ്റെയ്‌റ്റ്‌ എന്ന പദം പ്രയോഗിച്ചത്‌. വിശുദ്ധ ഖുര്‍ആനിനെ ആ രാഷ്‌ട്രത്തിന്റെ ഭരണഘടന എന്ന നിലയിലാണ്‌ അദ്ദേഹം പരിചയപ്പെടുത്തിയത്‌. നോമ്പും നമസ്‌കാരവുമൊക്കെ ആ രാഷ്‌ട്രം സ്ഥാപിക്കാനും നടത്താനുമുള്ള പരിശീലന കോഴ്‌സാണെന്ന്‌ അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്‌. മുഹമ്മദ്‌ നബി(സ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരാരും ദീനിനെ രാഷ്‌ട്രമായും അല്ലാഹുവിനുള്ള ആരാധനകളെ രാഷ്‌ട്രീയ പരിശീലനമായും ചിത്രീകരിച്ചിട്ടില്ല. ദീനിനെ രാഷ്‌ട്രമാക്കുന്ന വ്യാഖ്യാനത്തോട്‌ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, ഇസ്‌ലാമിനെ അടിസ്ഥാനപരമായി പഠിച്ച പലര്‍ക്കും വിയോജിപ്പുണ്ടാവുക സ്വാഭാവികമാണ്‌.

ഇന്ത്യയിലെ പ്രശസ്‌ത പണ്ഡിതനായിരുന്ന അബുല്‍ഹസന്‍ അലി നദ്‌വി ഇസ്‌ലാമിനെ അടിമുടി രാഷ്‌ട്രീയവത്‌കരിക്കുന്ന സയ്യിദ്‌ മൗദൂദിയുടെയും അനുയായികളുടെയും വ്യാഖ്യാനത്തിലെ തെറ്റുകള്‍ അക്കമിട്ട്‌ വിശദീകരിക്കുന്ന ഒരു ഗ്രന്ഥം അത്തഫ്‌സീറുസ്സിയാസി ലില്‍ ഇസ്‌ലാം എന്ന പേരില്‍ രചിച്ചിട്ടുണ്ട്‌. അതിന്റെ മലയാള തര്‍ജമയും പുറത്തുവന്നിട്ടുണ്ട്‌. നബി(സ)യും സ്വഹാബിമാരും പില്‍ക്കാലത്തെ പ്രമുഖ പണ്ഡിതന്മാരും ഇസ്‌ലാമിനെ പരിചയപ്പെടുത്തിയതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായാണ്‌ സയ്യിദ്‌ മൗദൂദി തന്റെ രാഷ്‌ട്രീയ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതെന്ന്‌ നദ്‌വി സാഹിബ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാന്‍ കഴിയുന്നത്‌, പ്രവാചകന്മാരുടെയെല്ലാം മുഖ്യപ്രബോധനവിഷയം, അല്ലാഹുവല്ലാത്ത ദൈവങ്ങളെയൊന്നും ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യാന്‍ പാടില്ല എന്നതാണെന്നത്രെ. എന്നാല്‍ ജമാഅത്ത്‌ സാഹിത്യങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതനുസരിച്ച്‌ എല്ലാ പ്രവാചകന്മാരും പ്രധാനമായി പ്രബോധനം ചെയ്‌ത വിഷയം, അല്ലാഹുവല്ലാത്ത ഒരു ഭരണാധികാരിയെയും അനുസരിക്കാന്‍ പാടില്ല എന്നതാണ്‌. പല പ്രവാചകന്മാരും വിഗ്രഹാരാധനയെ എതിര്‍ത്തത്‌ അവരുടെ നാട്ടിലെ രാഷ്‌ട്രീയ വ്യവസ്ഥിതിയില്‍ വിഗ്രഹങ്ങള്‍ക്ക്‌ സ്വാധീനമുണ്ടായിരുന്നതു കൊണ്ടാണെന്ന്‌ പോലും ചില ജമാഅത്ത്‌ ലേഖകര്‍ എഴുതിയിട്ടുണ്ട്‌. പ്രവാചകന്മാരുടെ ദൗത്യത്തെ സംബന്ധിച്ച്‌ പൂര്‍വിക പണ്ഡിതന്മാര്‍ ഈ വിധത്തില്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. നോമ്പും നമസ്‌കാരവും രാഷ്‌ട്രീയ പരിശീലനമാണെന്ന്‌ തട്ടിവിടുന്നവര്‍ക്ക്‌ പ്രവാചകന്മാരെ ഫുള്‍ടൈം രാഷ്‌ട്രീയക്കാരായി ചിത്രീകരിക്കാന്‍ പ്രയാസമൊന്നും ഉണ്ടാവില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers