ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഈ ദുര്യോഗത്തിന്‌ അറുതിവരുത്തേണ്ടതല്ലേ?

കാലഹരണപ്പെട്ട നാണയംപോലെയാണ്‌ ഇന്നത്തെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ. മുസ്‌ലിംകളെ അത്രമാത്രം തെറ്റിദ്ധരിച്ചിരിക്കുന്നു ഇതരസമുദായങ്ങള്‍. ഇല്ലാത്തതും ഉള്ളതുമായ തീവ്രവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്‌ലിം സമുദായത്തിന്‌. മാധ്യമങ്ങളും ഇസ്‌ലാം വിരുദ്ധരും കൈകോര്‍ക്കുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ മൗനംപാലിക്കുന്നു. സര്‍ക്കാറും നീതിന്യായ വ്യവസ്ഥയും പലപ്പോഴും സംഘപരിവാറിനെപ്പോലെ പെരുമാറുന്നു. ഈ ദുര്യോഗത്തിന്‌ അറുതിവരുത്തേണ്ടതല്ലേ? പ്രതിരോധ സംവിധാനം നമുക്ക്‌ എങ്ങനെ രൂപപ്പെടുത്താം?
അബൂഹിബനൂറണി, പാലക്കാട്‌

പ്രവാചകന്മാരും അവരുടെ അനുയായികളും എക്കാലത്തും പരിഹാസത്തെയും എതിര്‍പ്പുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ ക്ഷമയും സഹനവും കൈക്കൊണ്ടതിനാലാണ്‌ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക്‌ കരഗതമായത്‌. ``നിനക്ക്‌ മുമ്പും ദൂതന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്‌തത്‌, നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നതുവരെ അവര്‍ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്‌ മാറ്റംവരുത്താന്‍ ആരുംതന്നെയില്ല. ദൈവദൂതന്മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.'' (വി.ഖു 6:34)

യഥാര്‍ഥ വിശ്വാസികളായി ജീവിക്കുകയും സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ എന്തൊക്കെ കഷ്‌ടപ്പാടുകള്‍ സഹിക്കേണ്ടിവന്നാലും അതിനൊക്കെ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലൂടെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതിന്റെയൊന്നും പേരില്‍ മനസ്സ്‌ മടുത്ത്‌ സത്യമതത്തില്‍ നിന്ന്‌ പിന്തിരിയാനോ സത്യപ്രബോധനം ഉപേക്ഷിക്കാനോ പാടില്ല. അങ്ങനെ ചെയ്‌താല്‍ അല്ലാഹുവിന്റെ ശിക്ഷയ്‌ക്ക്‌ നാം അവകാശികളായിത്തീരും.

പരിഹാസത്തെ പരിഹാസംകൊണ്ടും അക്രമത്തെ അക്രമംകൊണ്ടും നേരിടുന്നത്‌ ഇസ്‌ലാമിക രീതിയല്ല. തിന്മയെ നന്മകൊണ്ട്‌ നേരിടുന്നതിനെയാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌. അതായത്‌ നമ്മെ പരിഹസിക്കുന്നവരോടും ശകാരിക്കുന്നവരോടും നാം മാന്യതയോടെ നല്ല വാക്കുകള്‍ പറയുക. നമ്മോട്‌ അനീതി കാണിക്കുന്നവരോടുപോലും നാം നീതിപാലിക്കുക. നമ്മെ ദ്രോഹിക്കുന്നവരെപ്പോലും നാം സഹായിക്കുക. വിമര്‍ശിക്കുന്നവര്‍ക്കും തെറ്റിദ്ധരിച്ചവര്‍ക്കും നാം കാര്യങ്ങള്‍ ഏറ്റവും നല്ല നിലയില്‍ വിശദീകരിച്ചുകൊടുക്കുക. ഇതൊക്കെ അസാധ്യമോ അപ്രായോഗികമോ ആണെന്ന്‌ തോന്നുന്നത്‌ വൈകാരികമായ സന്തുലിതത്വമില്ലാത്തതുകൊണ്ടാണ്‌. തീവ്രമായ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഇതൊക്കെ സാധ്യമാകും.

അങ്ങനെ സാധിച്ചാല്‍ അതിന്റെ ഫലം ആശ്ചര്യകരമായിരിക്കും. നമ്മുടെ സ്വഭാവമഹിമയും ആദര്‍ശത്തിന്റെ മഹത്വവും മനസ്സിലാക്കി ദുര്‍വാശിയില്ലാത്ത ആളുകള്‍ ശത്രുത കൈവെടിഞ്ഞ്‌ നമ്മുടെ മിത്രങ്ങളായി മാറും. അങ്ങനെ ക്ഷമാപൂര്‍വകമായ സമീപനങ്ങളിലൂടെ ശത്രുക്കളെ സുഹൃത്തുക്കളാക്കിത്തീര്‍ക്കാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു (41:34,35). ഉന്മൂലന ഭീഷണി നേരിട്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി സായുധ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മാര്‍ഗം നബി(സ)യും അനുചരന്മാരും സ്വീകരിച്ചിട്ടുള്ളൂ. ഉന്മൂലന ഭീഷണി നേരിടുമ്പോള്‍ ഒറ്റപ്പെട്ട സംഘങ്ങളല്ല ഇസ്‌ലാമിക രാഷ്‌ട്രമാണ്‌ ശത്രുക്കള്‍ക്കെതിരില്‍ പോരാട്ടം നയിക്കേണ്ടത്‌. ഇപ്പോള്‍ ഇസ്‌റാഈലൊഴികെയുള്ള ഒരു രാഷ്‌ട്രത്തിലും മുസ്‌ലിംകള്‍ ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ ഉന്മൂലന ഭീഷണി നേരിടുന്നില്ല.

മറ്റു മതസമുദായങ്ങളും മതനിഷേധികളും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രൂക്ഷമായി വിമര്‍ശിക്കുക എന്നത്‌ ഒരു പുതിയ സംഭവമല്ല. ചരിത്രത്തിലെ പല ദശാസന്ധികളിലും പല കാരണങ്ങളാലും എതിരാളികള്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ മുഴുകിയിട്ടുണ്ട്‌. ഇസ്‌ലാം ശ്രദ്ധിക്കപ്പെടുകയും മുസ്‌ലിംകള്‍ ഏതെങ്കിലും രംഗത്ത്‌ സ്വാധീനം നേടുകയും ചെയ്യുമ്പോള്‍ വിമര്‍ശകര്‍ക്ക്‌ വാശികൂടാറുണ്ട്‌. ഇതിനെ ഫലപ്രദമായി നേരിടാന്‍ ഒന്നാമതായി വേണ്ടത്‌ മുസ്‌ലിംകള്‍ എല്ലാ വിഷയങ്ങളിലും തങ്ങളുടെ നിലപാട്‌ കുറ്റമറ്റതാക്കുകയാണ്‌. മുസ്‌ലിം പേരുള്ള ചിലര്‍, നിരപരാധികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കുന്ന ചാവേറാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഇസ്‌ലാം വിമര്‍ശകര്‍ അത്‌ പൊക്കിക്കാണിക്കുക സ്വാഭാവികമാണ്‌. ചാവേറാക്രമണം എന്ന ഏര്‍പ്പാടുതന്നെ ഇസ്‌ലാമിക ആദര്‍ശത്തിന്‌ വിരുദ്ധമാണ്‌. ഇസ്‌ലാമിനെ താറടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക്‌ ന്യായമുണ്ടാക്കിക്കൊടുക്കുകയാണ്‌ ചാവേറുകള്‍ ചെയ്യുന്നത്‌. അല്ലാഹുവോടും റസൂലിനോടും ദീനിനോടും ആത്മാര്‍ഥതയുള്ള എല്ലാവരും ഒന്നിച്ച്‌ ഇസ്‌ലാമിന്‌ ചീത്തപ്പേരുണ്ടാക്കുന്ന തീവ്രവാദികളെ എതിര്‍ക്കുകയാണ്‌ രണ്ടാമതായി വേണ്ടത്‌. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച സമാധാനത്തിന്റെ ആദര്‍ശമായ ഇസ്‌ലാമിനെ ലോകജനതയ്‌ക്ക്‌ യഥോചിതം പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം കഴിവിന്റെ പരമാവധി നല്ല നിലയില്‍ നിര്‍വഹിക്കുകയാണ്‌ മൂന്നാമതായി വേണ്ടത്‌.

മുസ്‌ലിംകളെക്കാളേറെ തീവ്രവാദം സംഘപരിവാരത്തിനുണ്ട്‌ എന്നത്‌ ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വ്യക്തമായി അറിയാം. മുസ്‌ലിംകളോട്‌ പകപോക്കാന്‍ അവര്‍ ഒട്ടേറെ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയിട്ടുണ്ട്‌. മുസ്‌ലിംകളുടെ മേല്‍ ഭീകരത കെട്ടിയേല്‌പിക്കാന്‍ വേണ്ടി ഫാസിസ്റ്റു സംഘടനകള്‍ സ്വന്തം വകയായി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സംഘപരിവാര ഭീകരതയെ യഥാര്‍ഥ പേരില്‍ പരിചയപ്പെടുത്താന്‍ പോലും സന്നദ്ധത കാണിക്കാറില്ല. ഹിന്ദുത്വവാദികളെ പിണക്കിയാല്‍ വോട്ട്‌ കുറയുമെന്ന്‌ രാഷ്‌ട്രീയക്കാരും പ്രചാരം കുറയുമെന്ന്‌ മാധ്യമ നടത്തിപ്പുകാരും ആശങ്കിക്കുന്നതാണ്‌ ഇതിന്‌ കാരണം. മുസ്‌ലിംകള്‍ക്ക്‌ തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ ഈ ഭീരുക്കളുടെ തനിനിറം തുറന്നുകാണിക്കാം എന്നതില്‍ കവിഞ്ഞ്‌ കാര്യമായെന്തെങ്കിലും ചെയ്യുക പ്രയാസകരമായിരിക്കും. മുസ്‌ലിംകളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന രാഷ്‌ട്രീയ കക്ഷികളെ അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്താന്‍ കഴിയുംവിധം മുസ്‌ലിംവോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ചില സംസ്ഥാനങ്ങളില്‍ സാധിച്ചേക്കും. അതിനുള്ള കരുനീക്കങ്ങള്‍ വളരെ കരുതലോടെ ചെയ്‌തില്ലെങ്കില്‍ വിപരീത രാഷ്‌ട്രീയ ധ്രുവീകരണത്തിന്‌ നിമിത്തമാകാനുമിടയുണ്ട്‌. ജനാധിപത്യ രാഷ്‌ട്രീയത്തില്‍ വോട്ടിന്റെ എണ്ണമാണല്ലോ ഏറ്റവും നിര്‍ണായകം

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers