ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് അഖീഖ അറുക്കുന്നത് സംബന്ധിച്ച മതവിധിയെന്താണ്? അഖീഖ അറുക്കേണ്ടതിന്റെ ഏറ്റവും ശ്രേഷ്‌ഠമായ സമയമെപ്പോഴാണ്? അറുക്കേണ്ടത് പിതാവാകണമെന്നുണ്ടോ? മാംസം ആര്‍ക്കൊക്കെ വിതരണം ചെയ്യണം? ഈ മാംസത്തിന് പ്രത്യേക പുണ്യമുണ്ടോ? ഉരുവിനെ അറുക്കലും കുട്ടിയുടെ തലമുടി നീക്കം ചെയ്യലും ഒരേ നിമിഷത്തില്‍ തന്നെയാവണമെന്നുണ്ടോ? നീക്കം ചെയ്‌ത മുടിയുടെ അത്ര തൂക്കം സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് യതീമുകള്‍ക്ക് ദാനംചെയ്യണമെന്ന് പറയുന്നതിന് തെളിവുണ്ടോ? മുടികളയുന്ന വേളയില്‍ കുട്ടിയെ പേരുവിളിക്കണമെന്നും ആ പേരാണ് പരലോകത്ത് വിചാരണവേളയില്‍ അല്ലാഹു വിളിക്കുകയെന്നും പറയുന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
എം അബ്‌ദുല്‍ഗഫൂര്‍, തൃശൂര്‍
അഖീഖ അറുക്കാന്‍ റസൂല്‍(സ) കല്‌പിച്ചതായും അദ്ദേഹത്തിന്റെ പൗത്രന്മാരുടെ പേരില്‍ അദ്ദേഹം അറുത്തതായും പ്രാമാണികമായ ഹദീസുകളില്‍ കാണാം. ``വല്ലവനും തന്റെ സന്തതിയുടെ പേരില്‍ ബലികര്‍മം ചെയ്യാന്‍ അഗ്രഹിക്കുന്നുവെങ്കില്‍ അവനത് ചെയ്യട്ടെ'' എന്ന് നബി(സ) പറഞ്ഞത് നിര്‍ബന്ധ സ്വരത്തിലല്ലാത്തതിനാല്‍ അഖീഖ നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മമാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്. പ്രസവത്തിന്റെ ഏഴാം ദിവസമാണ് അഖീഖ അറുക്കുകയും പേരിടുകയും തലമുണ്ഡനം നടത്തുകയും ചെയ്യേണ്ടതെന്ന് റസൂല്‍(സ) പറഞ്ഞതായി പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ ഹദീസിലെ യുദ്‌ബഹു (അറുക്കപ്പെടേണ്ടതാണ്) എന്ന പദം നല്‍കുന്ന സൂചന, അറുക്കുന്നത് പിതാവ് തന്നെയാകണമെന്നില്ലെന്നാണ്. പണ്ഡിതന്മാരുടെ അഭിപ്രായവും അതുതന്നെയാണ്. ഏഴാം ദിവസത്തില്‍ അറുക്കാന്‍ സാധിക്കാത്തവന് പതിനാല്, ഇരുപത്തൊന്ന് എന്നീ ദിവസങ്ങളില്‍ അറുക്കുന്നതാണ് ഉത്തമമെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതിന് ഖണ്ഡിതമായ തെളിവിന്റെ പിന്‍ബലമില്ല. എട്ടാമത്തെയോ ഒമ്പതാമത്തെയോ ദിവസങ്ങളില്‍ അറുക്കുന്നതിനും വിരോധമില്ല. അറവും മുടിനീക്കലും ഒരേ സമയത്താകണമെന്ന് ഹദീസുകളിലൊന്നും പറഞ്ഞിട്ടില്ല. അഖീഖയുടെ മാംസം ഇന്നവര്‍ക്കേ കൊടുക്കാവൂ എന്ന് നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. ഈ മാംസം കഴിക്കുന്നത് പ്രത്യേകം പുണ്യകരമാണെന്ന് ഹദീസുകളില്‍ പറഞ്ഞിട്ടില്ല. മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ ദാനം ചെയ്യല്‍ സുന്നത്താണെന്ന് ഒരു ഹദീസില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സനദ് (റിപ്പോര്‍ട്ടര്‍മാരുടെ പരമ്പര) പ്രബലമല്ല. മുടികളയുമ്പോള്‍ പേരു വിളിക്കണമെന്നോ അപ്പോള്‍ വിളിക്കുന്ന പേരാണ് പരലോകത്ത് വിളിക്കുകയെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment