ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെയള്ള പരിണാമ പ്രക്രിയകളിലൂടെയാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ ഉടലെടുത്തത് എന്ന ഡാര്‍വിന്റെയും സമാനവാദക്കാരായ പരിണാമ വാദികളുടെയും സിദ്ധാന്തങ്ങള്‍ക്ക് പിന്നില്‍ കടുത്ത ദൈവനിഷേധമാണല്ലോ നമുക്ക് വീക്ഷിക്കാന്‍ കഴിയുന്നത്.
എന്നാല്‍ ദൈവത്തിന്റെ പങ്ക് അംഗീകരിച്ചുകൊണ്ട് തന്നെ നിരന്തരമായ പ്രക്രിയയിലൂടെ ഒരു ജീവജാതിയില്‍ നിന്നും മറ്റൊരു ജീവജാതിയും ഉപജാതികളും ഉണ്ടാകുന്നുവെന്ന പരിണാമവാദം നമുക്ക് അംഗീകരിച്ചുകൂടേ. ആദംനബി ആദ്യത്തെ മനുഷ്യനല്ലായിരുന്നുവെന്നും മാനസികവികാസം പ്രാപിക്കാത്ത നിയാണ്ടര്‍ത്താന്‍ മനുഷ്യനെയും ശിലായുഗ മനുഷ്യനെയും ആദമിന് മുമ്പ് ദൈവം സൃഷ്‌ടിച്ചിരുന്നുവെന്നും ഖാദിയാനികളുടെ ഒരു മാസികയില്‍ വായിക്കാന്‍ സാധിച്ചു. ഇത് ഖുര്‍ആനിന് വിരുദ്ധമല്ലേ?
ഇ കെ സാജുദ്ദീന്‍, ഓമശ്ശേരി
ഭൂമിയിലെ സസ്യജീവജാലങ്ങളും പരിസ്ഥിതി വ്യവസ്ഥകളുമൊക്കെ ഒരു നിമിഷത്തില്‍ ഇന്നുള്ള പോലെ ഉത്ഭൂതമാവുകയാണുണ്ടയതെന്ന് വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ പറഞ്ഞിട്ടില്ല. ജൈവ അഭിവൃദ്ധിയും ഭക്ഷ്യശൃംഖലയുമടക്കം ഭൂമിയിലെ സൃഷ്‌ടിവ്യവസ്ഥകള്‍ നാലുദിവസങ്ങളിലാണ് (അഥവാ ഘട്ടങ്ങളിലാണ്) അല്ലാഹു സംവിധാനിച്ചതെന്ന് വിശുദ്ധ ഖുര്‍ആനിലെ 41:10 സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാം. `യൗമ്' (ദിവസം) കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് ദീര്‍ഘമായ കാലയളവായിരിക്കാം എന്നതിന് ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ തെളിവുണ്ട്. എന്നാല്‍ ഒരു ജീവജാതിയില്‍ നിന്ന് മറ്റൊരു ജീവജാതിയെ പരിണമിപ്പിക്കുക എന്നതാണ് അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയെന്ന് പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലം കാണുന്നില്ല.
ചിമ്പന്‍സിയും ഗോറില്ലയും ഉള്‍പ്പെടെ പലതരം കുരങ്ങുകള്‍ അനേകായിരം വര്‍ഷങ്ങളായിട്ട് ലോകത്ത് നിലനില്‍ക്കുന്നുണ്ട്. മനുഷ്യനോടോ കുരങ്ങിനോടോ സാദൃശ്യമുള്ള പല ജീവജാതികള്‍ക്ക് വംശനാശം സംഭവിച്ചിട്ടുമുണ്ടാകും. അവയില്‍ പലതിന്റെയും ഫോസിലുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവയ്‌ക്കിടയില്‍ വല്ല സമാനതകളും കണ്ടാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് സിദ്ധാന്തിക്കുകയാണ് ഡാര്‍വിന്‍ ചെയ്‌തതും ഡാര്‍വിനിസ്റ്റുകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതും.
എന്നാല്‍ ചരിത്രത്തിന് അറിയാവുന്ന കാലങ്ങളിലൊന്നും ഒരു ജീവജാതി മറ്റൊന്നായി പരിണമിച്ചതായി തെളിവുകളുടെ പിന്‍ബലത്തോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഭീമാകാരമുള്ള ദിനോസറുകളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ `പരിണാമശൃംഖല'യില്‍ അവയ്‌ക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കണ്ണികള്‍ ഏതൊക്കെയായിരുന്നുവെന്ന് ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. ദശലക്ഷക്കണക്കില്‍ ജീവജാതികളില്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് പരിണാമമെങ്കില്‍ ജീവശാസ്‌ത്രം ഒട്ടൊക്കെ വികസിച്ച സമീപ നൂറ്റാണ്ടുകളില്‍ അതിന്റെ ഭൗതിക തെളിവുകള്‍ എവിടെ നിന്നെങ്കിലും ലഭ്യമാകേണ്ടതായിരുന്നു. അതൊരിക്കലും ഉണ്ടായിട്ടില്ല. സമാനതകളുള്ള ഫോസിലുകള്‍ നിരത്തിവെച്ച് കാല്‍പനിക സിദ്ധാന്തം ചമച്ച്‌അനിഷേധ്യ ശാസ്‌ത്രസത്യമെന്നോണം അവതരിപ്പിക്കുകയാണ് പരിണാമവാദികള്‍ എക്കാലത്തും ചെയ്‌തിട്ടുള്ളത്. യേശുക്രിസ്‌തുവിന്റെ ശവകുടീരം കശ്‌മീരിലാണെന്ന് ഒരു കഥ ചമച്ചുണ്ടാക്കി അത് മീര്‍സയുടെ പ്രവാചകത്വത്തിന് തെളിവാക്കുന്ന ഖാദിയാനികള്‍ പരിണാമവാദത്തില്‍ നിന്നും വ്യാജ പ്രവാചകത്വത്തിന് തെളിവുണ്ടാക്കിക്കൂടായ്‌കയില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment