പള്ളിയില്‍ വെച്ച് വിരലുകള്‍ കോര്‍ത്തുപിടിക്കല്‍ എന്ന അധ്യായത്തില്‍ ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ -അബൂഹുറയ്‌റ(റ) നിവേദനം- ആദ്യം ഒരു സലാം വീട്ടിയ ശേഷം മറവിയുടെ സുജൂദ് ചെയ്യുകയും സുജൂദുകള്‍ക്ക് ശേഷം രണ്ടാമത്തെ സലാം വീട്ടി വിരമിച്ചതായും കാണുന്നു. ഹനഫീ മദ്‌ഹബുകാര്‍ ഈ രീതിയാണ് ഇവിടെ അവലംബിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അത്തഹിയ്യാത്തിന് ശേഷം മറവിയുടെ സുജൂദ് ചെയ്യുകയും ശേഷം രണ്ട് സലാമും ഒന്നിച്ച് ചൊല്ലുകയും ചെയ്യുന്ന രീതിയാണ് കാണുന്നത്. ഏതാണ് ശരിയായ നബിചര്യ?
അബ്‌ദുല്‍കലാം, കോയമ്പത്തൂര്‍
മറവിയുടെ സുജൂദ് സംബന്ധിച്ച നബി(സ)യുടെ നടപടി വ്യത്യസ്‌ത രീതികളില്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, ആദ്യത്തെ അത്തഹിയ്യാത്ത് മറന്നുപോയതിനെത്തുടര്‍ന്ന് നമസ്‌കാരത്തിന്റെ അവസാനത്തില്‍ സലാമിനു മുമ്പ് നബി(സ) രണ്ടു സുജൂദ് ചെയ്യുകയും പിന്നീട് സലാം വീട്ടുകയും ചെയ്‌തതായി അബ്‌ദുല്ലാഹിബ്‌നു ബുഹൈന എന്ന സ്വഹാബിയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ മുഹദ്ദിസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രണ്ട്, എത്ര റക്‌അത്ത് നമസ്‌കരിച്ചു; മൂന്നോ നാലോ എന്ന് സംശയമായാല്‍ ഒരു റക്‌അത്ത് കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടുന്നതിന് മുമ്പായി രണ്ടു സുജൂദ് ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചതായി അബൂസഈദില്‍ നിന്ന് മുസ്‌ലിം, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. മൂന്ന്, നബി(സ) നമസ്‌കരിച്ചു സലാംവീട്ടിയ ശേഷം അദ്ദേഹത്തിന് മറവി പറ്റിയ കാര്യം സ്വഹാബികള്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിഞ്ഞ് രണ്ടു സുജൂദ് ചെയ്‌തിട്ട് അദ്ദേഹം സലാം വീട്ടിയ കാര്യം അല്‍ഖമയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ചോദ്യകര്‍ത്താവ് ചൂണ്ടിക്കാണിച്ച ഹദീസ് അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈനി(റ)ല്‍ നിന്നും രണ്ടു വിധത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരിക്കല്‍ ദുഹ്‌റോ അസ്വ്‌റോ രണ്ടു റക്‌അത്ത് മാത്രം നബി(സ) നമസ്‌കരിച്ചതിനെ തുടര്‍ന്ന് `ദുല്‍യദൈനി' എന്ന് വിളിക്കപ്പെട്ടിരുന്ന ഒരാള്‍ ചോദിച്ചു; നമസ്‌കാരം ചുരുക്കിയോ അതല്ല മറവി പറ്റിയോ എന്ന്. അത് രണ്ടും സംഭവിച്ചിട്ടില്ലെന്ന് നബി(സ) മറുപടിപറഞ്ഞുവെങ്കിലും തുടര്‍ന്ന് സ്വഹാബികളോട് ചോദിച്ച് ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം രണ്ടു റക്‌അത്ത് കൂടി നമസ്‌കരിച്ച് സലാം വീട്ടിയിട്ട് രണ്ടു സുജൂദ് ചെയ്‌ത് തലയുയര്‍ത്തി എന്നാണ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്‌തത്. ``അദ്ദേഹം സലാം വീട്ടുകയും ചെയ്‌തു'' എന്ന് ഇംറാനുബ്‌നു ഹുസൈ്വന്‍ പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് അബൂഹുറയ്‌റ പറഞ്ഞുവെന്നുംകൂടി ഈ റിപ്പോര്‍ട്ടിലുണ്ട്. ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്ന് മുസ്‌ലിം, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണുന്നത്, റസൂല്‍(സ) ഒരിക്കല്‍ അസ്വ്‌ര്‍ നമസ്‌കാരം മൂന്ന് റക്‌അത്ത് മാത്രം നമസ്‌കരിച്ച ശേഷം വീട്ടില്‍ പ്രവേശിച്ചുവെന്നും ഖിര്‍ബാഖ് എന്നൊരാള്‍ (ഇദ്ദേഹം തന്നെയാണ് ദുല്‍യദൈനി എന്ന് വിളിക്കപ്പെട്ടിരുന്നത്) അവിടെ ചെന്ന് ഈ കാര്യം ശ്രദ്ധയില്‍പെടുത്തിയെന്നും തുടര്‍ന്ന് അവിടുന്ന് പള്ളിയിലേക്ക് തിരിച്ചു ചെന്ന് ഒരു റക്‌അത്ത് കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടി മറവിയുടെ രണ്ടു സുജൂദുകള്‍ ചെയ്‌തിട്ട് വീണ്ടും സലാം വീട്ടിയെന്നുമാണ്. ഇത് ഒരേ സംഭവം രണ്ടു സ്വഹാബികള്‍ രണ്ടുവിധത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തതാണോ അതല്ല രണ്ടു ദിവസങ്ങളില്‍ സംഭവിച്ചതാണോ എന്ന് ഉറപ്പിച്ചുപറയാനാവില്ല. സുജൂദിനു മുമ്പും ശേഷവും ഓരോ സലാം മാത്രമാണ് റസൂല്‍(സ) ചൊല്ലിയതെന്ന് ഈ രണ്ടു റിപ്പോര്‍ട്ടുകളില്‍ നിന്നും തെളിയുന്നില്ല. സല്ലമ എന്ന ക്രിയയ്‌ക്ക് സലാം ചൊല്ലി എന്നേ അര്‍ഥമുള്ളൂ. ചൊല്ലിയത് എത്ര പ്രാവശ്യമാണെങ്കിലും ആ ക്രിയാപദം പ്രയോഗിക്കാവുന്നതാണ്.
അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസൊഴികെ മറവിയുടെ സുജൂദ് സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളിലും ഒന്നുകില്‍ സലാം വീട്ടുന്നതിന് മുമ്പ് അല്ലെങ്കില്‍ സലാമിനു ശേഷം സുജൂദ് ചെയ്‌തു എന്നാണ് പറഞ്ഞിട്ടുള്ളത്. മറവി സംഭവിച്ച കാര്യം സലാമിനു ശേഷമാണ് ബോധ്യമാകുന്നതെങ്കില്‍ അപ്പോഴേ സുജൂദ് ചെയ്യാന്‍ കഴിയൂ എന്ന കാര്യം വ്യക്തമാണ്. സലാമിനു മുമ്പ് തന്നെ അത് ബോധ്യമായാല്‍ സുജൂദിന് ശേഷമാണ് സലാം വീട്ടേണ്ടതെന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഗ്രഹിക്കാം. മദ്‌ഹബ് ഇമാമുകള്‍ക്കിടയിലും പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയിലും ഈ വിഷയകമായ ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വീക്ഷണ വ്യത്യാസമുണ്ടായിരുന്നു. സലാമിനു ശേഷം നബി(സ) മറവിയുടെ സുജൂദ് ചെയ്‌തുവെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ് ഇമാം അബൂഹനീഫ മുന്‍ഗണന നല്‌കിയിട്ടുള്ളത്. സലാമിനു മുമ്പ് നബി(സ) സുജൂദ് ചെയ്‌തുവെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ് ഇമാം ശാഫിഈ മുന്‍തൂക്കം നല്‌കിയത്. മറവികൊണ്ട് റക്‌അത്ത് വര്‍ധിക്കുകയാണ് ചെയ്‌തതെങ്കില്‍ സലാമിന് ശേഷവും റക്‌അത്ത് കുറയുകയാണ് ചെയ്‌തതെങ്കില്‍ സലാമിനു മുമ്പുമാണ് സുജൂദ് ചെയ്യേണ്ടതെന്നാണ് ഇമാം മാലിക്ക് അഭിപ്രായപ്പെട്ടത്. രണ്ടു വിധത്തിലും നബി(സ) ചെയ്‌തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവിടുത്തെ അന്തിമ നിലപാട് സലാമിന് മുമ്പ് സുജൂദ് ചെയ്യുക എന്നതായിരുന്നുവെന്ന് സുഹ്‌രി പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍:
Post a Comment