ജനിതകമാറ്റം വരുത്തിയ വിത്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നടക്കുകയാണല്ലോ. രാജ്യത്തെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളുടെ അജണ്ടകള്‍ വരെ നിശ്ചയിക്കുന്ന കാര്യമായി ഇതു മാറിക്കഴിഞ്ഞു. ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടെന്താണ്? ഇത്തരം പരീക്ഷണങ്ങള്‍ ദൈവത്തിന്റെ പരമാധികാരത്തെ വരെ ചോദ്യം ചെയ്യുന്നതാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ പ്രത്യേകിച്ചും.
ഇ കെ ശൗക്കത്തലി- ഓമശ്ശേരി
``അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന് മാറ്റം വരുത്താവുന്നതല്ല'' എന്ന് വിശുദ്ധ ഖുര്‍ആനിലെ 30:33 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു സൃഷ്‌ടിച്ച പ്രകൃതിക്ക് അഥവാ ഘടനയ്‌ക്ക് മാറ്റം വരുത്തുക എന്നത് പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായ മനുഷ്യരുടെ പ്രവര്‍ത്തന രീതിയാണെന്ന് 4:119 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവ-സസ്യജാലങ്ങള്‍ ഉള്‍പ്പെടെ അല്ലാഹു സൃഷ്‌ടിച്ചതെല്ലാം അന്യൂനമത്രെ. മനുഷ്യന്റെ ഘടനയില്‍ ഏതെങ്കിലും താളപ്പിഴയുണ്ടെന്നോ അതിന് എന്തെങ്കിലും ഭേദഗതി ആവശ്യമുണ്ടെന്നോ ഇക്കാലം വരെ യാതൊരു ശാസ്‌ത്രജ്ഞനും യാതൊരു ശില്‌പിയും യാതൊരു കലാകാരനും ചൂണ്ടിക്കാണിച്ചിട്ടില്ല. അല്ലാഹു സൃഷ്‌ടിച്ച ഏതൊരു വിത്തും തികച്ചും കുറ്റമറ്റതാണ്. രുചി, വര്‍ണം, ഗന്ധം, പോഷക മൂല്യം തുടങ്ങി എല്ലാ കാര്യങ്ങളിലും തികഞ്ഞ മൗലികത്വമുള്ളതാണ് ഓരോ വിത്തും. മനുഷ്യന്റെ ഘടന മാറ്റാന്‍ ശ്രമിക്കുന്നത് അനാവശ്യമാണെന്നും അങ്ങനെ ആരെങ്കിലും ചെയ്‌താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ശാസ്‌ത്രജ്ഞന്മാര്‍ തര്‍ക്കംകൂടാതെ അംഗീകരിക്കും. അതില്‍ നിന്ന് ഒട്ടും വ്യത്യസ്‌തമല്ല അല്ലാഹു തികഞ്ഞ മൗലികതയോടെ സംവിധാനിച്ച ഓരോ വിത്തിന്റെയും കാര്യം.
സങ്കര നിര്‍മിതികളിലൂടെയും ജനിതക പരിഷ്‌കരണത്തിലൂടെയും വിത്തുകളുടെ ഘടനയില്‍ ശാസ്‌ത്രജ്ഞര്‍ ഇതപ്പര്യന്തം വരുത്തിയ മാറ്റങ്ങളൊക്കെത്തന്നെ അവയുടെ അനിതരമായ മൗലികത്വത്തിന് പല തരത്തില്‍ അപചയം വരുത്തുകയാണ് ചെയ്‌തിട്ടുള്ളത്. നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്ന ഒറിജിനല്‍ നെല്‍വിത്തുകളില്‍ നിന്നുണ്ടാക്കിയ അരിഭക്ഷണത്തിന്റെ രുചി അതിവിശിഷ്‌ടമായിരുന്നു. ആ വിത്തുകള്‍ ഇന്ന് എവിടെയും ലഭ്യമല്ല. അവയുടെ തിരോഭാവം മാനവരാശിക്ക് മൊത്തമായുള്ള നഷ്‌ടമാണ്. അത്യുല്‌പാദന ശേഷിയുടെയും കീടപ്രതിരോധത്തിന്റെയും പേരില്‍ കൃത്രിമമായി നിര്‍മിച്ചെടുത്ത സങ്കരവിത്തിനങ്ങള്‍ രുചിയിലും ഗുണത്തിലുമൊക്കെ വളരെ പിന്നാക്കമാണ്. എന്നാലും അവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് നിമിത്തമാകുമെന്ന ആശങ്ക പ്രകടമായിരുന്നില്ല. എന്നാല്‍ ജനിതക പരിഷ്‌കരണത്തിന് വിധേയമായ വിത്തുകള്‍ ആരോഗ്യപരവും പാരിസ്ഥിതികവും മറ്റുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് നിമിത്തമാകുമെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പല വിദഗ്‌ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലക്ഷം കോടികളുടെ ആസ്‌തിയുള്ള ആഗോള വിത്ത് ഭീമന്മാരുടെ അടിമകളായി ലോകമെങ്ങുമുള്ള കര്‍ഷകര്‍ മാറാനിടയാവുക എന്നതും ഏറെ ആശങ്കിക്കേണ്ട വിഷയമാണ്. അല്ലാഹുവിന്റെ സൃഷ്‌ടി വ്യവസ്ഥയെ അലങ്കോലപ്പെടുത്തുകയും ജൈവമണ്ഡലത്തിലാകെ ദുരന്തം വിതയ്‌ക്കുകയും ചെയ്യുന്ന ജനിതക ദൈവം കളികളെ സത്യവിശ്വാസികള്‍ ശക്തിയുക്തം എതിര്‍ക്കുക തന്നെ വേണം.
0 അഭിപ്രായങ്ങള്‍:
Post a Comment