ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഉംറയും ബാങ്ക്‌ ലോണും

ഹജ്ജ്‌, ഉംറ എന്നീ കര്‍മങ്ങള്‍ക്ക്‌ പുറപ്പെടുന്നതിനു മുമ്പ്‌ സാമ്പത്തികമായ ബാധ്യതകളില്‍ നിന്ന്‌ മുക്തനാകണമെന്ന്‌ മതം നിഷ്‌കര്‍ഷിക്കുന്നുണ്ടല്ലോ. ഞാന്‍ അടുത്തമാസം ഉംറക്കുപോകാനുദ്ദേശിക്കുന്നു. വ്യക്തിപരമായി എനിക്ക്‌ കടങ്ങളൊന്നുമില്ല. എന്നാല്‍ എന്റെ ബന്ധുവിന്റെ മകളുടെ കല്യാണത്തിന്‌ എന്റെ സ്വത്തിന്റെ രേഖകള്‍ പണയപ്പെടുത്തി ബാങ്ക്‌ വായ്‌പ എടുത്തുകൊടുത്തിരിക്കുന്നു. അയാള്‍ അത്‌ ഗഡുക്കളായി തിരിച്ചടച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. രണ്ട്‌ വര്‍ഷത്തിനകം ഈ വായ്‌പാതിരിച്ചടവ്‌ പൂര്‍ത്തിയാകും. ബന്ധുവിനാണെങ്കിലും എന്റെ പേരിലെടുത്ത വായ്‌പ എന്റെ ഉംറ നിര്‍വഹണത്തിന്‌ തടസ്സമാകുമെന്ന്‌ ഒരു പണ്ഡിതന്‍ പറയുകയുണ്ടായി. അയാള്‍ വായ്‌പ തിരിച്ചടക്കുന്നതുവരെ എനിക്ക്‌ ഉംറക്ക്‌ പോകാനാവില്ലേ?
കെ എം എ റഹ്‌മാന്‍, മലപ്പുറം

ഒരാള്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥനായിട്ടും അത്‌ നല്‍കാതെ ഹജ്ജിനോ ഉംറയ്‌ക്കോ പോകുന്നത്‌ ശരിയല്ല. അതുപോലെ തന്നെ ഹറാമായി സമ്പാദിച്ച പണം ഉപയോഗിച്ച്‌ ഹജ്ജും ഉംറയും ചെയ്‌താലും അത്‌ അല്ലാഹു സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. കടബാധ്യതയുള്ള, അത്‌ വീട്ടാന്‍ കഴിവില്ലാത്ത വ്യക്തി ഹജ്ജും ഉംറയും ചെയ്യേണ്ടതില്ല. കടം വീട്ടിയ ശേഷം യാത്രാച്ചിലവിനുള്ള കഴിവ്‌ നേടിയാലേ ഈ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യതയുണ്ടാകൂ. എന്നാല്‍ കടബാധ്യതയുണ്ടെങ്കിലും അത്‌ വീട്ടാന്‍ മതിയായ ആസ്‌തിയുള്ള വ്യക്തിക്ക്‌ കടം വീട്ടുന്നത്‌ സംബന്ധിച്ച്‌ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ മറ്റോ ചുമതല ഏല്‌പിച്ചുകൊണ്ട്‌ ഈ കര്‍മങ്ങള്‍ക്ക്‌ പോകാവുന്നതാണ്‌.

താങ്കള്‍ യഥാര്‍ഥത്തില്‍ കടക്കാരനല്ല. സാങ്കേതികമായി മാത്രമാണ്‌ കടബാധ്യസ്ഥനായിട്ടുള്ളത്‌. ആ കടം താങ്കള്‍ തന്നെ വീട്ടേണ്ട സാഹചര്യമുണ്ടായാല്‍ പോലും അതിനു മതിയായ ആസ്‌തി താങ്കള്‍ക്ക്‌ ഉണ്ടെന്നാണ്‌ ചോദ്യത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. അതിനാല്‍ താങ്കളുടെ ഉംറ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്നതിനു ബന്ധുവിന്റെ പേരിലെടുത്ത ലോണ്‍ ഒരു തടസ്സമാവില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. സ്വന്തം സ്വത്ത്‌ ജാമ്യപ്പെടുത്തി ബാങ്ക്‌ലോണ്‍ വാങ്ങിക്കൊടുക്കുക എന്നത്‌ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമേ ചെയ്യാവൂ. കാരണം, പലിശ വാങ്ങുന്നതുപോലെ തന്നെ ഹറാമാണ്‌ അത്‌ കൊടുക്കലും. പലിശ വാങ്ങുന്നതിന്‌ കൂട്ടുനില്‍ക്കുന്നതുപോലെ കൊടുക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്നതും നിഷിദ്ധമാകുന്നു. വായ്‌പ വാങ്ങിയ ആള്‍ തിരിച്ചടക്കുന്നതില്‍ വീഴ്‌ചവരുത്തിയാലുണ്ടാകുന്ന വിഷമം അതിന്‌ പുറമെയും.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers