മയ്യിത്ത് നമസ്‌കാരത്തിന് മുമ്പ് അടുത്ത ബന്ധുക്കള്‍ മയ്യിത്തിന് ആരോടെങ്കിലും ജീവിച്ചിരുന്ന കാലത്ത് സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുന്നതായും അനിഷ്‌ടവാക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പൊറുക്കാനും സാധാരണയായി അഭ്യര്‍ഥിക്കുന്നതായി കാണുന്നു. ഇത് പ്രകടമായ ബിദ്‌അത്തല്ലേ?അബ്‌ദുല്‍അഹദ്, മലപ്പുറം
മയ്യിത്ത് നമസ്‌കാരത്തിന് മുമ്പ് പരേതന്റെ കടബാധ്യതയെപ്പറ്റി നബി(സ) അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് പ്രാമാണികമായ ഹദീസുകളില്‍ കാണാം. കടബാധ്യത ആരും ഏല്‍ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നബി(സ) മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് മാറിനില്‍ക്കുമായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ പരേതന്റെ അനിഷ്‌ടവാക്കുകളും മറ്റും പൊറുക്കാന്‍ നബി(സ) അഭ്യര്‍ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണുന്നില്ല. മയ്യിത്ത് നമസ്‌കാരത്തിന് വരുന്നവര്‍ പരേതന് വേണ്ടി പ്രാര്‍ഥിക്കാന്‍ സ്വയം സന്നദ്ധരായി വരുന്നവരാണല്ലോ. അപ്പോള്‍ അവരുടെ മനസ്സില്‍ പരേതനോട് പകയോ വൈരാഗ്യമോ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. അതിനാല്‍ അനിഷ്‌ടവാക്കുകളും മറ്റും പൊറുക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കുന്നതിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എന്നാലും കടം ഏറ്റെടുക്കുന്നതും അനിഷ്‌ടവാക്കുകളും പ്രവൃത്തികളും പൊറുക്കുന്നതും സംബന്ധിച്ച പ്രസ്‌താവന ഒരു മതാചാരമായി ആരും ഗണിക്കാത്തതിനാല്‍ അത് ബിദ്‌അത്ത് അഥവാ മതത്തില്‍ കൂട്ടിച്ചേര്‍ക്കല്‍/നൂതനനിര്‍മിതി ആവുകയില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment