തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് മരിക്കുമെന്ന് ഉറപ്പായ ഒരാളുടെ രണ്ടു കിഡ്‌നികള്‍ എടുത്ത് രണ്ടുപേര്‍ക്ക് വെച്ചുകൊടുത്തതായി ഇയ്യിടെ പത്രവാര്‍ത്ത കണ്ടു. ഈ തരത്തിലുള്ള അവയവം മാറ്റിവെക്കലിന് ഇസ്‌ലാമികമായി സാധുതയുണ്ടോ?
നിദാല്‍ കൊച്ചി
ഒരാളുടെ മസ്‌തിഷ്‌കം പ്രവര്‍ത്തനക്ഷമമല്ലാതായാല്‍ അയാള്‍ വൈദ്യശാസ്‌ത്ര ദൃഷ്‌ട്യാ മരിച്ചതായി (ക്‌ളിനിക്കല്‍ ഡെത്ത്) കണക്കാക്കപ്പെടുന്നു. അയാളുടെ മറ്റു അവയവങ്ങള്‍ കുറെ സമയം കൂടി പ്രവര്‍ത്തിച്ചേക്കുമെങ്കിലും അയാളുടെ ജീവന്‍ നിലനിര്‍ത്തുക അസാധ്യമായിരിക്കും. ഈ ഘട്ടത്തില്‍ അയാളുടെ ആന്തരാവയവങ്ങള്‍ മറ്റാര്‍ക്കെങ്കിലും മാറ്റിവെക്കാന്‍ സാധ്യമാകും. `മസ്‌തിഷ്‌ക മരണം' സംഭവിച്ചവരുടെ അവയവങ്ങള്‍ അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടെ മുറിച്ചെടുത്ത് മറ്റുള്ളവരുടെ ശരീരത്തില്‍ വെച്ചുപിടിപ്പിക്കുന്ന ശാസ്‌ത്രക്രിയകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെക്കുറെ വിജയകരമായി നടത്തപ്പെടുന്നുണ്ട്.
ഇതിന്റെ ഇസ്‌ലാമിക സാധുതയെക്കുറിച്ച് ആധുനിക പണ്ഡിതന്മാരെല്ലാം ഒരേ അഭിപ്രായക്കാരല്ല. മസ്‌തിഷ്‌ക മരണത്തെ സംബന്ധിച്ച ഡോക്‌ടര്‍മാരുടെ തീര്‍പ്പ് തെറ്റാകാന്‍ സാധ്യതയുള്ളതുകൊണ്ട്, ശ്വാസം വിട്ടുകൊണ്ടിരിക്കുന്ന, ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അവയവങ്ങള്‍ മുറിച്ചു മാറ്റുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ ഒരു സംഘം ഒരാളുടെ മസ്‌തിഷ്‌ക മരണം ഉറപ്പുവരുത്തിയാല്‍ അയാളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനംചെയ്യാവുന്നതാണെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ജീവന്റെ ലക്ഷണങ്ങള്‍ അവശേഷിക്കുന്ന ഒരാളെ `മയ്യിത്താ'യി കണക്കാക്കാന്‍ ആര്‍ക്കും അധികാരമോ അവകാശമോ ഇല്ലെന്ന് കരുതുന്ന പണ്ഡിതന്മാരുമുണ്ട്. മരിച്ച ആളുടെ ശരീരത്തില്‍ നിന്ന് ഒഴിച്ചുകൂടാത്ത ആവശ്യങ്ങള്‍ക്കു വേണ്ടിയല്ലാതെ യാതൊരു അവയവവും മുറിച്ചെടുക്കാന്‍ പാടില്ല എന്ന പ്രശ്‌നവും ചില പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
മസ്‌തിഷ്‌ക മരണം സംശയാതീതമാണെങ്കില്‍ അവയവങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അധാര്‍മികതയില്ലെന്ന് മാത്രമല്ല അത് പുണ്യകരമാണെന്നും ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ``ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിക്കുന്നതിന് തുല്യമാകുന്നു.'' എന്ന ഖുര്‍ആന്‍ വാക്യമാണ് (5:22) അവര്‍ തെളിവായി ഉദ്ധരിക്കുന്നത്.
ചില മസ്‌തിഷ്‌കഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ പല വിധത്തില്‍ അതിജീവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മസ്‌തിഷ്‌ക മരണം സംബന്ധിച്ച വൈദ്യശാസ്‌ത്ര വിദഗ്‌ധരുടെ തീരുമാനം സൂക്ഷ്‌മവും പ്രമാദമുക്തവുമാണെന്ന് ഉറപ്പ് വരുത്തുന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. വൈദ്യശാസ്‌ത്ര രംഗത്ത് ബിസ്‌നസ് മനസ്ഥിതിയുടെ പ്രഭാവം പ്രകടമാവുകയും ദയാവധം പോലുള്ള വിഷയങ്ങളെ ചില ഭിഷഗ്വരന്മാര്‍ ലാഘവബുദ്ധ്യാ വീക്ഷിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വിഷയകമായി പണ്ഡിതന്മാര്‍ക്ക് ഏകോപിതമായ അഭിപ്രായമുണ്ടാകാന്‍ സാധ്യത കുറവാണ്.
0 അഭിപ്രായങ്ങള്‍:
Post a Comment