ബുഖാരിയിലെ ജനാസയുടെ അധ്യായത്തില്‍ ചുമലിലേറ്റി കൊണ്ടു ചെല്ലുമ്പോള്‍ `എന്നെയും കൊണ്ടു വേഗം പോവുക' എന്ന് മയ്യിത്ത് വിളിച്ചുപറയും എന്ന് കാണുന്നു. മയ്യിത്തിനെങ്ങനെയാണ് ഇതിന് സാധിക്കുക? മയ്യിത്തിനെ ഹൈന്ദവ സഹോദരങ്ങള്‍ `ശവം' കൊണ്ടുപോകുന്ന രീതിയില്‍ വണ്ടിയില്‍ കൊണ്ടുപോകുന്ന രീതിയാണ് തമിഴ്‌നാട്ടില്‍ കാണുന്നത്. ഇത് അനിസ്‌ലാമികമാണോ? ഖബ്‌റടക്കിയതിന് ശേഷം മൂന്ന് പിടി മണ്ണ് വാരിയിടുന്നതും അപ്പോള്‍ പ്രത്യേകം പ്രാര്‍ഥന ചൊല്ലുന്നതും സുന്നത്താണോ? മയ്യിത്ത് നമസ്‌കാരം ഹനഫി മദ്‌ഹബുകാര്‍ പള്ളിയില്‍ വെച്ച് നമസ്‌കരിക്കാറില്ല. ഇത് സുന്നത്തിന്നെതിരാണോ?
അബ്‌ദുര്‍റശീദ്, തിരുനെല്‍വേലി
അബൂസഈദില്‍ ഖുദ്‌രി(റ) എന്ന സ്വഹാബിയില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസില്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട് പോകുന്ന മയ്യിത്ത് സംസാരിക്കുമെന്നും മനുഷ്യനല്ലാത്ത സകല വസ്‌തുക്കളും അതിന്റെ ശബ്‌ദം കേള്‍ക്കുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ റസൂല്‍(സ) നമുക്ക് അറിയിച്ചുതന്നിട്ടില്ല. മരണത്തിനു ശേഷം മനുഷ്യന്റെ മുഴുവന്‍ കാര്യവും അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാകുന്നു. മരിച്ച മനുഷ്യന് സ്വന്തമായി എന്തെങ്കിലും പറയാനോ കേള്‍ക്കാനോ സാധിക്കുമെന്ന് കരുതാന്‍ ന്യായമില്ല. എന്നാല്‍ അല്ലാഹു എന്തിനും കഴിവുള്ളവനാണ്. മയ്യിത്തിനെക്കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് പറയിപ്പിക്കുകയോ കേള്‍പ്പിക്കുകയോ ചെയ്യുന്നത് അസംഭവ്യമല്ല.
“ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്‌തുവും അവനെ സ്‌തുതിച്ചുകൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സമാധാനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.'' (വി.ഖു. 17:44) `യാതൊരു വസ്‌തുവും' എന്ന വാക്കില്‍ ജീവനുള്ളതും ഇല്ലാത്തതുമെല്ലാം ഉള്‍പ്പെടും. അവയെല്ലാം അവന്റെ ഹിതമനുസരിച്ച് അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ നമ്മുടെ അറിവിന്റെ പരിധിയില്‍ വരില്ല. അതുപോലെ തന്നെയാണ് മയ്യിത്തിനെ അവന്‍ കേള്‍പ്പിക്കുകയും സംസാരിപ്പിക്കുകയും ചെയ്യുന്ന കാര്യവും.
മയ്യിത്തിനെ വഹിക്കുന്ന കട്ടില്‍ അഥവാ മഞ്ചം ആളുകള്‍ ചുമലിലേറ്റിക്കൊണ്ടു പോകുന്ന രീതിയാണ് നബി(സ)യുടെ കാലത്തുണ്ടായിരുന്നതെന്ന് ഈ ഹദീസില്‍ നിന്ന് തന്നെ ഗ്രഹിക്കാം. ബുഖാരി ജനാഇസിന്റെ ഭാഗത്തിലെ 48-ാം അധ്യായത്തിന് നല്‌കിയ ശീര്‍ഷകം `മയ്യിത്ത് ആളുകളുടെ ചുമലുകളില്‍ നിന്ന് ഇറക്കിവെക്കപ്പെടുന്നതുവരെ അതിനെ പിന്തുടര്‍ന്നവന്‍ ഇരിക്കരുത്. ആരെങ്കിലും ഇരുന്നാല്‍ അവനോട് എഴുന്നേല്‌ക്കാന്‍ കല്‌പിക്കണം' എന്നാണ്. ചുമലിലേറ്റലാണ് ഇസ്‌ലാമിക മാതൃകയെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഖബ്‌റിസ്‌താനിലേക്ക് വാഹനത്തില്‍ മയ്യിത്ത് കൊണ്ടുപോകുന്നത് അല്ലാഹുവോ റസൂലോ(സ) വിലക്കിയിട്ടില്ല. അതിനാല്‍ അത് നിഷിദ്ധമാണെന്ന് പറയാവുന്നതല്ല.
ഉസ്‌മാനുബിനു മദ്വ്‌ഊന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഖബ്‌റിന്റെ അടുത്ത് ചെന്നുനിന്ന് നബി(സ) മൂന്ന് പിടി മണ്ണുവാരി അദ്ദേഹത്തിന്റെ മേല്‍ എറിഞ്ഞതായി ആമിര്‍ബിന്‍ റബീഅഃ(റ)യില്‍ നിന്ന് ദാറഖുത്വ്‌നി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതില്‍ പ്രാര്‍ഥനയെപ്പറ്റി പറഞ്ഞിട്ടില്ല. എന്നാല്‍ മറ്റുചില റിപ്പോര്‍ട്ടുകളില്‍ `മിന്‍ഹാ ഖലഖ്‌നാകും' എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം (20:55) മണ്ണുവാരിയിടുമ്പോള്‍ ചൊല്ലണമെന്ന നിര്‍ദേശമുണ്ട്. ഇത് ഒരു പ്രാര്‍ഥനയല്ല. അല്ലാഹു പറയുന്ന വാക്കാണ്. അര്‍ഥം: ``ആ മണ്ണില്‍ നിന്നാണ് നിങ്ങളെ നാം സൃഷ്‌ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരികയും ചെയ്യും.''
നബി(സ)യുടെ കാലത്ത് പള്ളിയിലും പള്ളിയുടെ അടുത്ത് ജനാസ നമസ്‌കാരത്തിന്റെ സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന ഒരു തുറന്ന സ്ഥലത്തും മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നുവെന്നാണ് പ്രാമാണികമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. ആ തുറന്ന സ്ഥലം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്ന സ്ഥലം തന്നെയാണെന്ന് ചില പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മയ്യിത്ത് നജസാണെന്ന് തീര്‍പ്പ് കല്‌പിച്ചുകൊണ്ട് പള്ളിയില്‍ ജനാസ പ്രവേശിപ്പിക്കുന്നതും അവിടെ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതും അനഭിലഷണീയമാണെന്ന് അഭിപ്രായപ്പെടുകയാണ് ഇമാം അബൂഹനീഫയും സഹയാത്രികരും ചെയ്‌തത്. മറ്റു പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ കുളിപ്പിച്ച മയ്യിത്ത് നജസല്ല. സുഹൈലുബ്‌നു ബൈദ്വാഇന്റെ പേരില്‍ റസൂല്‍(സ) മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചത് പള്ളിയില്‍ തന്നെയാണെന്ന് ആഇശ(റ) പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഖലീഫമാരായ അബൂബകര്‍(റ), ഉമര്‍(റ) എന്നിവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരം നടന്നതും പള്ളിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ) അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ തന്നെ വെക്കുകയും സ്വഹാബികള്‍ ഓരോരുത്തരായി അവിടെ ചെന്ന് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയുമാണുണ്ടായത്.
0 അഭിപ്രായങ്ങള്‍:
Post a Comment