വസ്വിയ്യത്തിന്റെ നിബന്ധനകളെന്തൊക്കെയാണ്? വസ്വിയ്യത്ത് രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടോ? ഉറ്റ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറഞ്ഞാല്‍ മതിയോ? തമാശരൂപേണ പറയുന്ന കാര്യങ്ങള്‍ വസ്വിയ്യത്തായി കണക്കാക്കേണ്ടതുണ്ടോ? വസ്വിയ്യത്ത് ചെയ്‌തത് പാലിച്ചില്ലെങ്കില്‍ കുറ്റമുണ്ടോ?
അബ്‌ദുര്‍റഹ്‌മാന്‍, കല്ലായ്
സൂറതുല്‍ മാഇദയിലെ 106-ാം സൂക്തത്തില്‍ ഇപ്രകാരം കാണാം: ``സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക് മരണം ആസന്നമായാല്‍ വസ്വിയ്യത്തിന്റെ സമയത്ത് നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യംവഹിക്കേണ്ടതാണ്. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങള്‍ക്ക് വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന് സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി.'' (5:106)
വസ്വിയ്യത്ത് വാക്കാല്‍ ആണെങ്കില്‍ അത് കേട്ട രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം എന്നത്രെ ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്. വസ്വിയ്യത്തും സാക്ഷ്യവും രേഖപ്പെടുത്തല്‍ നിര്‍ബന്ധമല്ലെങ്കിലും രേഖയുണ്ടാകലാണ് ഉത്തമമെന്നത്രെ പ്രബലമായ ഒരു ഹദീസില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു സത്യവിശ്വാസിക്ക് എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാനുണ്ടെങ്കില്‍ അത് രേഖപ്പെടുത്തി തന്റെ തലയ്‌ക്ക് സമീപം വെക്കേണ്ടതാണെന്ന് റസൂല്‍(സ) പറഞ്ഞതായി ഇബ്‌നുഉമറില്‍(റ) നിന്ന് ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ് ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
വസ്വിയ്യത്ത് ദ്രോഹകരമാകരുതെന്ന് സൂറത്തുന്നിസാഇലെ 12-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനന്തരാവകാശികള്‍ക്ക് മൊത്തമായോ അവരില്‍ ചിലര്‍ക്ക് പ്രത്യേകമായോ ദ്രോഹംവരുത്തിവെക്കുന്ന വിധത്തില്‍ വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. ഏതൊരാളും തന്റെ ആകെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമേ വസ്വിയ്യത്തിലൂടെ നല്‍കാവൂ എന്നും ബാക്കിയുള്ളത് അനന്തരാവകാശികള്‍ക്കായി വിട്ടേച്ചുപോവുകയാണ് വേണ്ടതെന്നും റസൂല്‍(സ) വ്യക്തമാക്കിയതായി സഅ്‌ദുബ്‌നു അബീവക്വാസില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ശപഥത്തെക്കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാകുന്നു: ``വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. പക്ഷെ നിങ്ങള്‍ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്'' (വി.ഖു 2:225). വസ്വിയ്യത്ത് തമാശയാക്കേണ്ട വിഷയമല്ലെങ്കിലും മനസ്സറിഞ്ഞു പറഞ്ഞ വസ്വിയ്യത്തിനേ പ്രാബല്യമുണ്ടാകൂ എന്നത്രെ ഈ സൂക്തത്തിന്റെ സൂചന.
മരിച്ച വ്യക്തിക്ക് കട ബാധ്യതയുണ്ടെങ്കില്‍ അത് വീട്ടിയിട്ട് ബാക്കിയുള്ള സ്വത്ത് മാത്രമേ അയാളുടെ അവകാശികള്‍ക്ക് ഭാഗിച്ചെടുക്കാന്‍ പാടുള്ളൂ എന്ന കാര്യം സുവിദിതമാണല്ലോ. അതുപോലെ അദ്ദേഹം സ്വത്തിന്റെ മൂന്നിലൊന്നില്‍ കവിയാത്ത ഭാഗം ആര്‍ക്കെങ്കിലും നല്‍കാന്‍ വസ്വിയ്യത്ത് ചെയ്‌തിട്ടുണ്ടെങ്കില്‍ അത് കഴിച്ചു ബാക്കിയുള്ളത് മാത്രമേ അനന്തരാവകാശികള്‍ ഭാഗിച്ചെടുക്കാവൂ എന്നത്രെ 4:12 സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാവുന്നത്. വസ്വിയ്യത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടും അത് പ്രാവര്‍ത്തികമാക്കാതിരിക്കുന്നത്
സവ്യവിശ്വാസികള്‍ പാലിക്കേണ്ട വിശ്വസ്‌തതയ്‌ക്ക് വിരുദ്ധമാകുന്നു.
1 അഭിപ്രായങ്ങള്‍:
അസ്സലാമു അലൈക്കും
ചോദ്യം :
നേര്‍ക്ക് നേരെ അവകാശം കിട്ടുന്നവര്‍ക്ക് വസിയ്യത്ത് ചെയ്യാമോ.? എല്ലാ മക്കള്‍ക്കും കിട്ടേണ്ട അവകാശം
വെട്ടിച്ചുരുക്കി ഒരാള്‍ക്ക് മാത്രം വസിയ്യത് ചെയ്യാമോ ??? മൂന്നിലോന്നു മാത്രമേ വസ്സിയ്യത് ചെയ്യാവൂ എന്ന നിയമമുണ്ടയിരിക്കെ അതിനെതിരായി വസിയത്ത് ചെയ്‌താല്‍ അത് റദ്ദക്കാമോ ..???
Post a Comment