തഹജ്ജുദ് നമസ്‌കാരം (റമദാന്‍ അല്ലാത്ത കാലത്ത്) ഇമാമും മഅ്‌മൂമുമായി നമസ്‌കരിക്കാന്‍ പറ്റുമോ? പ്രവാചകനോ സ്വഹാബികളോ അപ്രകാരം നമസ്‌കരിച്ചതിന്ന് വല്ല തെളിവുമുണ്ടോ?
വി പി സുബൈര്‍ -തൃക്കളയൂര്‍
പ്രവാചകപത്‌നിയും ഇബ്‌നുഅബ്ബാസി(റ)ന്റെ മാതൃസഹോദരിയുമായ മൈമൂന(റ)യുടെ വീട്ടില്‍ വെച്ച് ഇബ്‌നു അബ്ബാസ്(റ) നബി(സ)യെ തുടര്‍ന്നുകൊണ്ട് തഹജ്ജുദ് നമസ്‌കാരം നിര്‍വഹിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇത് റമദാനിലായിരുന്നുവെന്നതിന് തെളിവൊന്നുമില്ല. നബി(സ)യുടെ ഇടതുഭാഗത്തു നിന്ന ഇബ്‌നു അബ്ബാസി(റ)നെ അദ്ദേഹം വലതു ഭാഗത്തേക്ക് മാറ്റിനിര്‍ത്തിയെന്നും ഈ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ അറിവോടെയാണ് ഇബ്‌നുഅബ്ബാസ്(റ) അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌കരിച്ചത് എന്നതിനാല്‍ തഹജ്ജുദ് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കല്‍ അഭികാമ്യമാണെന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. എന്നാല്‍ റമദാനല്ലാത്ത കാലത്ത് കൂടുതല്‍ സ്വഹാബിമാരെ പങ്കെടുപ്പിച്ചുകൊണ്ട് നബി(സ) തഹജ്ജുദ് നമസ്‌കാരം നിര്‍വഹിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇബ്‌ലീസിന്റെ പണി അല്ലാഹു ഏറ്റെടുക്കുകയോ?
ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ 14-ാം വചനത്തില്‍ പറയുന്നു: ക്രിസ്‌ത്യാനികള്‍ക്കിടയില്‍ അല്ലാഹു ലോകാവസാനം വരെ പരസ്‌പരം ശത്രുതയും വിദ്വേഷവും ഇളക്കിവിടുമെന്ന്. ഇത് യഥാര്‍ഥത്തില്‍ ഇബ്‌ലീസിന്റെ പണിയല്ലേ? ഇബ്‌ലീസിന്റെ പണി അല്ലാഹു ഏറ്റെടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അവരെ നന്നാക്കാന്‍ അവര്‍ക്കും ഹിദായത്ത് കൊടുക്കുകയല്ലേ വേണ്ടത്? ചെയ്യാന്‍ കഴിയുന്നത് ചെയ്യാതെ മനുഷ്യരെ വഴിപിഴപ്പിക്കുന്ന അല്ലാഹുവിന്റെ നടപടിയെ എങ്ങനെ ന്യായീകരിക്കും?
പി സുലൈമാന്‍-മഞ്ചേരി
സകല നിഷേധികളെയും ധിക്കാരികളെയും അക്രമികളെയും സന്മാര്‍ഗത്തിലാക്കുക എന്നതല്ല അല്ലാഹുവിന്റെ നടപടി ക്രമം. സന്മാര്‍ഗത്തോട് ആഭിമുഖ്യം കാണിക്കുന്നവര്‍ക്ക് ആ വഴിക്കുള്ള നീക്കം എളുപ്പമാക്കിക്കൊടുക്കുക, സന്മാര്‍ഗം അറിയിച്ചു കൊടുത്തിട്ടും ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുന്നവരെ ആ വഴിക്കു തന്നെ തിരിച്ചുവിടുക- ഇതാണ് അല്ലാഹുവിന്റെ നടപടിക്രമമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. അല്ലാഹുവിന്റെ പരമമായ കാരുണ്യത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നതോടൊപ്പം തന്നെ അവന്റെ കഠിനമായ ശിക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‌കാനും കൂടിയാണ് അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. സന്മാര്‍ഗം ഇഷ്‌ടപ്പെടുന്നവരെ ദുര്‍മാര്‍ഗത്തിലേക്ക് നീങ്ങാന്‍ അല്ലാഹു നിര്‍ബന്ധിക്കുകയില്ല. അതുപോലെ ദുര്‍മാര്‍ഗം ഇഷ്‌ടപ്പെടുന്നവരെ സന്മാര്‍ഗത്തിലേക്ക് നീങ്ങാനും നിര്‍ബന്ധിക്കുകയില്ല. അല്ലാഹു നല്‌കിയ വിശേഷബുദ്ധി ഉപയോഗിച്ച് മനുഷ്യര്‍ തന്നെ സ്വന്തം വഴി കണ്ടെത്തണം.
ഈസാ നബി(അ) അഥവാ യേശുക്രിസ്‌തു മുഖേന അല്ലാഹു ജനങ്ങളോട് വാങ്ങിയ കരാര്‍ അവനെ മാത്രം ആരാധിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്നാണ്. അദ്ദേഹത്തിന്റെ സമകാലീനരിലും തൊട്ടടുത്ത തലമുറയിലുമുള്ള ഉത്തമ ശിഷ്യന്മാര്‍ ആ കരാര്‍ പാലിച്ചുകൊണ്ടുതന്നെ ജീവിച്ചു. എന്നാല്‍ പൗലോസ് ഇതിനെല്ലാം മാറ്റം വരുത്തി. സാക്ഷാല്‍ ദൈവമായ യഹോവയെ മാത്രം ആരാധിക്കണമെന്ന് ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ കല്‌പിച്ചത് അവഗണിച്ചുകൊണ്ട് യേശു ക്രിസ്‌തുവെ ദൈവപുത്രനെന്ന നിലയില്‍ ആരാധിക്കാനാണ് പൗലോസ് ക്രിസ്‌ത്യാനികളെ പഠിപ്പിച്ചത്. അതുപോലെ തന്നെ മൂസാനബി(അ)ക്ക് അല്ലാഹു നല്‌കിയ നിയമങ്ങള്‍ നിലനിര്‍ത്താന്‍ ക്രിസ്‌തു നിര്‍ദേശിച്ചത് തള്ളിക്കളഞ്ഞുകൊണ്ട് ദൈവിക നിയമങ്ങളെ അവഗണിച്ചുകളയാനാണ് പൗലോസ് ക്രിസ്‌ത്യാനികളെ ഉപദേശിച്ചത്. അല്ലാഹുവിന്റെ മതത്തെയാകെ അട്ടിമറിക്കുന്ന ഏതു സമൂഹവും അവന്റെ ശിക്ഷ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇതൊരു സാമുദായിക വിഷയമല്ല. മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ ബഹുദൈവത്വപരമോ മതനിഷേധപരമോ ആയ നിലപാടുകളിലേക്ക് വഴുതിപ്പോയാലും അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യും.
പിശാചിന്റെ ദുര്‍ബോധനം നിമിത്തമാണ് ലോകരക്ഷിതാവിനെ മാത്രം ആരാധിക്കുക എന്ന ന്യായമായ നിലപാടില്‍ നിന്ന് സമൂഹങ്ങള്‍ വ്യതിചലിച്ചുപോകുന്നത്. ദൈവിക വ്യവസ്ഥയനുസരിച്ച് അതിന്റെ അനിവാര്യഫലമാണ് അവര്‍ക്കിടയില്‍ ഗുരുതരമായ ഭിന്നതയുണ്ടാവുക എന്നത്. യേശുക്രിസ്‌തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്ന, ബൈളില്‍ തന്നെയുള്ള ന്യായപ്രമാണം തങ്ങള്‍ക്ക് ബാധകമല്ലെന്ന് വാദിക്കുന്ന ക്രിസ്‌ത്യാനികള്‍ ഒട്ടേറെ വിഭാഗങ്ങളായി ഭിന്നിച്ചുകഴിയുന്നു എന്നത് ആര്‍ക്കും അവ്യക്തമായി പോകാത്ത യാഥാര്‍ഥ്യമാണ്. ഒറ്റക്കെട്ടായി നില്‌ക്കാന്‍ ആഗ്രഹിക്കുന്ന സമൂഹത്തെ അല്ലാഹു കരുതിക്കൂട്ടി ഭിന്നിപ്പിക്കുകയല്ല; ഭിന്നിപ്പിന്റെ നിമിത്തങ്ങളെ സ്വയംവരിച്ച സമൂഹത്തെ അവരുടെ സ്വാഭാവിക പരിണതിയിലേക്ക് അല്ലാഹു തിരിച്ചുവിടുകയാണുണ്ടായത്. അതിനാല്‍ ഇബ്‌ലീസിന്റെ പ്രവര്‍ത്തനരീതി അല്ലാഹു സ്വീകരിച്ചു എന്ന ആക്ഷേപം അസ്ഥാനത്താണ്.
0 അഭിപ്രായങ്ങള്‍:
Post a Comment