ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സാമുദായികവാദം അവരുടേതും നമ്മുടേതും ഒരുപോലെയല്ലേ?


മനുഷ്യരെല്ലാം പിറന്നുവീഴുന്നത്‌ ഒരേ ശുദ്ധപ്രകൃതിയിലാണെന്നും, ഒരാളുടെ ഉമ്മ-വാപ്പമാര്‍ (സാഹചര്യങ്ങള്‍) ഓരോരുത്തരെ അതാത്‌ മതസ്ഥനാക്കുകയാണെന്നുമുള്ള നബിവചനങ്ങള്‍ തന്നെയുണ്ട്‌. ഏത്‌ സമുദായക്കാരനായാലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ച്‌ സല്‍കര്‍മം പ്രവര്‍ത്തിച്ചവര്‍ക്ക്‌ പ്രതിഫലമുണ്ട്‌, അത്തരക്കാര്‍ ദു:ഖിക്കേണ്ടതില്ല എന്ന്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുകയും ചെയ്യുന്നു. യഹൂദിയോ ക്രിസ്‌ത്യാനിയോ ആവാഞ്ഞാല്‍ മോക്ഷമില്ല എന്ന്‌ അവരോരോ കൂട്ടരും തങ്ങളുടെ മതത്തെപ്പറ്റി പറഞ്ഞിരിക്കുന്നതിനെ പുച്ഛിച്ചുകൊണ്ട്‌, `ആര്‍ ദൈവത്തിന്‌ കീഴ്‌പ്പെട്ട്‌ (ഇസ്‌ലാം ആയി) നന്മ ചെയ്‌ത്‌ ജീവിച്ചുവോ, അവന്ന്‌ ദൈവത്തിങ്കല്‍ പ്രതിഫലമുണ്ട്‌' എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (2:111-113). ഈ അര്‍ഥം ധ്വനിപ്പിക്കുന്ന വേറെയും വചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്‌ `ഇസ്‌ലാം' കേവലം ഒരു സംഘടിത മതം മാത്രമല്ലെന്നും, അല്‌പം കൂടി വിപുലമായ സംജ്ഞ ഇസ്‌ലാം എന്ന വാക്കിന്‌ കല്‌പിക്കേണ്ടതുണ്ടെന്നുമുള്ള ചിന്തയിലേക്കാണെന്ന്‌ ധരിക്കുന്നതില്‍ തെറ്റുണ്ടോ?

വിവിധ സമുദായത്തില്‍ ജനിച്ചു വളര്‍ന്നവരെല്ലാം മുസ്‌ലിം സമുദായത്തിലുള്ളവരെപ്പോലെ തന്നെ മുഹമ്മദ്‌ നബിയില്‍ വിശ്വസിച്ച്‌, നബി(സ) പഠിപ്പിച്ചുതന്ന ആരാധനാമുറകളും അനുഷ്‌ഠാനങ്ങളും ചെയ്യേണ്ടതുണ്ടെന്നും, ഏകദൈവത്തിലും അന്ത്യനാളിലും വിശ്വസിച്ച്‌ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചതു കൊണ്ട്‌ മാത്രം പ്രയോജനമില്ലെന്നും വാദിക്കുന്നത്‌ ഖുര്‍ആന്‍ പുച്ഛിച്ച ജൂത-ക്രിസ്‌ത്യാനികളുടെ മേല്‍ അവകാശവാദം പോലെ ഒന്നല്ലേ? മനുഷ്യരാശിയെ മൊത്തത്തില്‍ ലക്ഷ്യമാക്കിക്കൊണ്ടും അവരുടെ പരലോക മോക്ഷം മുഖ്യ അജണ്ടയാക്കിക്കൊണ്ടുമുള്ള ഒരു പ്രബോധനശൈലി കാലഘട്ടത്തിന്റെ ആവശ്യമല്ലേ? മുസ്‌ലിം സമുദായത്തിനകത്തും പുറത്തും ഒരേ ശൈലി ശരിയോ?

എം ഖാലിദ്‌, നിലമ്പൂര്‍

``ഓരോ കുട്ടിയും ജനിക്കുന്നത്‌ ശുദ്ധ പ്രകൃതിയോടെയാണ്‌. അവന്റെ മാതാപിതാക്കളാണ്‌ അവനെ യഹൂദിയോ ക്രിസ്‌ത്യാനിയോ മജൂസിയോ (പാഴ്‌സി മതക്കാരന്‍) ആക്കുന്നത്‌'' എന്ന നബിവചനത്തില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌ ഈ മൂന്നു മതങ്ങളും ശുദ്ധപ്രകൃതിക്ക്‌ വിരുദ്ധമാണെന്ന്‌. ഈ നബിവചനത്തെ മാനിക്കുന്ന ഒരാളെങ്ങനെയാണ്‌ ഏത്‌ മത പ്രകാരം ജീവച്ചാലും മോക്ഷം ലഭിക്കുമെന്ന്‌ പറയുക? അല്ലാഹു മനുഷ്യന്‌ നല്‌കിയ ശുദ്ധപ്രകൃതിക്ക്‌ ഇണങ്ങുന്ന മതത്തില്‍ നിലകൊള്ളണമെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ (30:30) അനുശാസിക്കുന്നത്‌. അതാണ്‌ സങ്കുചിത സാമുദായികത്വത്തിന്‌ അതീതമായ ഏകദൈവത്വ ആദര്‍ശം.

മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്കെല്ലാം മോക്ഷമുണ്ടെന്നാണ്‌ ഒരാള്‍ വാദിക്കുന്നതെങ്കില്‍ അത്‌ യഹൂദരുടെയും ക്രൈസ്‌തവരുടെയും സാമുദായിക വാദത്തില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല. മുസ്‌ലിംകളില്‍ ചിലര്‍ തെറ്റായി പുലര്‍ത്തുന്ന സാമുദായിക സങ്കുചിതത്വം പോലും ഈ രണ്ടു സമുദായങ്ങളുടെ നിലപാടില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമാണ്‌. റബ്ബും ഇലാഹും ഏകനാണ്‌ എന്ന ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഒരു സമൂഹത്തിന്റെ പേരിലാണല്ലോ മുസ്‌ലിം സാമുദായികവാദി സംസാരിക്കുന്നത്‌. കാല-ദേശ-വര്‍ണ വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി ഇസ്‌ലാം സ്വീകരിച്ച എല്ലാവരെയും ഉദ്ദേശിച്ചാണ്‌ അയാള്‍ തന്റെ സമൂഹമെന്നോ സമുദായമെന്നോ പറയുന്നത്‌. എന്നാല്‍ ഇസ്‌റഈല്‍ സന്തതികള്‍ എന്ന ഒരു വര്‍ഗത്തെ മാത്രമാണ്‌ സമുദായം എന്ന വാക്കുകൊണ്ട്‌ യഹൂദര്‍ വിവക്ഷിക്കുന്നത്‌. ക്രൈസ്‌തവരുടെ സമുദായ സങ്കല്‌പം അത്രയും സങ്കുചിതമല്ലെങ്കിലും യേശുക്രിസ്‌തു ദൈവപുത്രനാണെന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ മാത്രമേ അവരുടെ വീക്ഷണപ്രകാരം മോക്ഷമുള്ളൂ. അവരുടെ വിശ്വാസപ്രകാരം ദൈവം ഒന്നായ മൂന്നോ മൂന്നായ ഒന്നോ ആണ്‌.

ഏത്‌ നിലയിലായാലും സാമുദായിക സങ്കുചിതത്വം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. മുസ്‌ലിം സമുദായത്തിലെ അംഗമായി അറിയപ്പെട്ടതുകൊണ്ട്‌ മാത്രം ഒരാള്‍ മോക്ഷത്തിന്‌ അര്‍ഹനാവുകയില്ല. അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും മറ്റും ഉറച്ച വിശ്വാസവും തദടിസ്ഥാനത്തിലുള്ള ജീവിതക്രമവും സ്വീകരിച്ചവര്‍ ഏത്‌ സമുദായത്തില്‍ പിറന്നാലും ഏത്‌ കാലത്ത്‌ ഏത്‌ നാട്ടില്‍ ജീവിച്ചാലും മോക്ഷത്തിന്‌ അര്‍ഹരാണ്‌ എന്ന ഇസ്‌ലാമിക അധ്യാപനം വളരെ വിശാലമാണല്ലോ. ഇതനുസരിച്ച്‌ ആദം(അ) മുതല്‍ അവസാന കാലത്തെ ഏകദൈവവിശ്വാസികള്‍ വരെ ഒരേയൊരു ആദര്‍ശ സമൂഹത്തിലെ അംഗങ്ങളാണ്‌. സാര്‍വകാലികവും സാര്‍വലൗകികവുമായ വിശ്വമാനവ വിശ്വാസി സമൂഹം.

പ്രപഞ്ചനാഥനായ അല്ലാഹു മൂന്ന്‌ വ്യക്തിത്വങ്ങളില്‍ ഒന്നാണെന്നോ യേശുക്രിസ്‌തു ദൈവമോ ദൈവപുത്രനോ ആണെന്നോ വിശ്വസിക്കുന്ന ക്രിസ്‌ത്യാനികള്‍ യഥാര്‍ഥത്തില്‍ അവിശ്വാസികളാണെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുള്ളത്‌.

``മര്‍യമിന്റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു...'' (വി.ഖു 5:72)

``അല്ലാഹു മൂവരില്‍ ഒരാളാണ്‌ (ത്രിയേകത്വം) എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ...'' (വി.ഖു 5:73)

``ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന്‌ യഹൂദര്‍ പറഞ്ഞു. മസീഹ്‌ (മിശിഹ) ദൈവപുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞു. അവരുടെ വായ്‌ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?'' (വി.ഖു. 9:30)

``തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട അവിശ്വാസികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്‌ടികളില്‍ മോശക്കാര്‍.'' (വി.ഖു. 98:6)

അല്ലാഹുവിലുള്ള വിശ്വാസം തന്നെ ശരിയല്ലാത്തതുകൊണ്ട്‌ അവന്‍ അവിശ്വാസികളെന്ന്‌ വിശേഷിപ്പിക്കുകയും ശപിക്കുകയും നരകാവകാശികളാണെന്ന്‌ വ്യക്തമാക്കുകയും ചെയ്‌ത വിഭാഗങ്ങള്‍ മോക്ഷത്തിന്‌ അര്‍ഹരാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ മൊത്തമായി വിശ്വസിക്കുന്ന ആര്‍ക്കും പറയാന്‍ അവകാശമില്ല. ബഹുസ്വരതയുടെ പേര്‍ പറഞ്ഞ്‌ ഖുര്‍ആനില്‍ സര്‍വമത സത്യവാദമുണ്ടെന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ എപ്പോഴും ഉദ്ധരിക്കാറുള്ളത്‌ 2:62, 5:69 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളാണ്‌. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ അനിവാര്യത ഈ രണ്ടു സൂക്തങ്ങളിലും ഊന്നിപ്പറഞ്ഞു എന്നതുകൊണ്ട്‌ മുഹമ്മദ്‌ നബി(സ)യിലും ഖുര്‍ആനിലും വിശ്വസിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന്‌ മനസ്സിലാക്കാവുന്നതല്ല. 2:228 സൂക്തത്തില്‍, ``അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളത്‌ അവര്‍ മറച്ചുവെക്കാന്‍ പാടുള്ളതല്ല'' എന്ന്‌ പറഞ്ഞിട്ടുണ്ട്‌. വിവാഹമുക്തകളായ സ്‌ത്രീകള്‍ രണ്ടു ഈമാന്‍ കാര്യങ്ങളില്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ്‌ ഇതിന്റെ അര്‍ഥമെന്ന്‌ ഇസ്‌ലാമിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്ന ആരും പറയാനിടയില്ല. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം ഏറെ പ്രധാനമായതിനാല്‍ അതിനെക്കുറിച്ച്‌ മാത്രം പരാമര്‍ശിക്കുന്ന അനേകം ആയത്തുകളും ഹദീസുകളുമുണ്ട്‌. മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും ദൈവികവിധിയിലുമുള്ള വിശ്വാസം അത്യാവശ്യമല്ലെന്ന്‌ പറയാന്‍ അവയൊന്നും തെളിവാക്കാവുന്നതല്ല. താഴെ ചേര്‍ക്കുന്ന സൂക്തങ്ങള്‍ കൂടി നോക്കുക:

``സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്‌ അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ്‌ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കൂ. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥത്തിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.'' (വി.ഖു 4:136)

വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന്‌ വിശ്വസിക്കാത്തവരെക്കുറിച്ച്‌ അല്ലാഹു പറയുന്നു: ``വിവിധ സംഘങ്ങളില്‍ നിന്ന്‌ അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്‌ദത്ത സ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെക്കുറിച്ച്‌ സംശയത്തിലാകരുത്‌. തീര്‍ച്ചയായും അത്‌ നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ, ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല.'' (വി.ഖു. 11:17)

മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തെയും വിശുദ്ധ ഖുര്‍ആനിന്റെ പ്രാമാണികതയെയും നിഷേധിക്കുന്ന ഏതൊരാളും നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ്‌ ഉപര്യുക്ത സൂക്തങ്ങളില്‍ നിന്ന്‌ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നത്‌. അന്തിമ പ്രവാചകനെയും അന്തിമ വേദത്തെയും അവിശ്വസിക്കുന്നവരാണല്ലോ യഹൂദ-ക്രൈസ്‌തവ വിഭാഗങ്ങളെല്ലാം. ഈ അവിശ്വാസം നരകശിക്ഷയ്‌ക്ക്‌ നിമിത്തമാകുമെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിരിക്കെ അത്‌ അവഗണിച്ചുകൊണ്ട്‌ പരലോക മോക്ഷം മുഖ്യ അജണ്ടയാക്കി പ്രബോധനം നടത്താന്‍ യാതൊരു സാധ്യതയുമില്ല. പരലോകത്ത്‌ അല്ലാഹുവിന്‌ മാത്രമാണ്‌ അധികാരം. അല്ലാഹു പിതാവോ പുത്രനോ ആയിട്ടില്ലെന്നും അവന്‌ തുല്യമായി ആരുമില്ലെന്നും വിശുദ്ധ ഖുര്‍ആനില്‍ (അധ്യായം 112) വ്യക്തമാക്കിയത്‌ മറച്ചുവെച്ചുകൊണ്ട്‌, യേശു ദൈവമാണെന്നോ ദൈവപുത്രനാണെന്നോ വിശ്വസിക്കുന്നവര്‍ക്കും മോക്ഷം ലഭിക്കുമെന്ന്‌ വാദിക്കുന്നത്‌ ബഹുസ്വരതയുടെ പേരിലാണെങ്കിലും കാലഘട്ടത്തിന്റെ ആവശ്യം എന്ന പേരിലാണെങ്കിലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക്‌ അംഗീകരിക്കാനാവില്ല. ഇത്‌ പറയുന്നത്‌ സാമുദായിക സങ്കുചിതത്വത്തിന്റെ പേരിലല്ല. മുസ്‌ലിംസമുദായത്തിലുള്ളവര്‍ അല്ലാഹുവെപ്പറ്റി തെറ്റായ വിശ്വാസം വെച്ചുപുലര്‍ത്തിയാലും നരകശിക്ഷ അനുഭവിക്കുക തന്നെ വേണ്ടിവരും. മോക്ഷത്തിന്‌ നിദാനമായ അന്യൂനവിശ്വാസം സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ വ്യക്തമായ അവബോധമുണ്ടാക്കിക്കൊടുക്കുകയാണ്‌ ഏത്‌ കാലഘട്ടത്തിലും സത്യപ്രബോധകര്‍ ചെയ്യേണ്ടത്‌.


അപ്‌ഡേറ്റഡ്!
പുണ്യം ചെയ്യുന്ന ഏതു മതക്കാരനും സ്വര്‍ഗം ലഭിക്കേണ്ടതല്ലേ?
`സാമുദായിക വാദം അവരുടേതും നമ്മുടേതും ഒരുപോലെയല്ലേ' എന്ന ശീര്‍ഷകത്തില്‍ ഞാന്‍ നല്‍കിയ ചോദ്യത്തിന്‌ മുസ്‌ലിം എഴുതിയ മറുപടി വായിച്ചു (മുഖാമുഖം, പു. 34, ലക്കം 35). ``...മുസ്‌ലിം സമുദായക്കാരായതുകൊണ്ട്‌ മാത്രം മോക്ഷം ലഭിക്കണമെന്ന്‌ ഇസ്‌ലാം മതം പറയുന്നില്ല. എന്നാല്‍ യഹൂദരും ക്രിസ്‌തീയരും അവരെപ്പറ്റി ഇങ്ങനെ അവകാശപ്പെട്ടിരിക്കുന്നു. അതിനാല്‍ രണ്ടും ഒരുപോലെയല്ലാ'' എന്നൊക്കെയാണതില്‍ എഴുതിക്കണ്ടത്‌.
`തങ്ങളുടെ വിശ്വാസങ്ങളും ആരാധനാമുറകളും മാത്രമാണ്‌ ശരി, അതംഗീകരിച്ചവര്‍ക്ക്‌ മാത്രമേ മോക്ഷമുള്ളൂ' എന്നത്‌ അഹ്‌ലുല്‍കിതാബുകാര്‍ മാത്രമല്ല, ലോകത്തെ ഓരോ മതക്കാരും തങ്ങളെപ്പറ്റി കരുതുന്നുണ്ട്‌. അഹ്‌ലുല്‍കിതാബുകാരുടെ ഈ അവകാശവാദത്തെ പറ്റി പറഞ്ഞശേഷം ഖുര്‍ആന്‍ തന്നെ തുടര്‍ന്ന്‌ പറയുന്നത്‌, `അത്തരം വര്‍ത്തമാനം വിവരമില്ലാത്തവര്‍ ഇതുപോലെ പറഞ്ഞിട്ടുണ്ട്‌, ദൈവം ആ വ്യവസ്ഥകളെക്കുറിച്ച്‌ അന്ത്യനാളില്‍ വിധി നടത്തും' എന്നൊക്കെയാണല്ലോ. ഇസ്‌ലാമിക വിശ്വാസങ്ങളും നബി(സ) പഠിപ്പിച്ച ആരാധനാദികളും സ്വീകരിക്കാതെ, കേവലം ഏകദൈവവിശ്വാസവും അന്ത്യനാള്‍ വിശ്വാസവും സല്‍കര്‍മങ്ങളും കൊണ്ട്‌ സ്വര്‍ഗലബ്‌ധി ഉണ്ടാവില്ല എന്ന്‌ വിവിധ ഉദ്ധരണികള്‍ മുഖേന സ്ഥാപിക്കാനാണല്ലോ മുസ്‌ലിമും ശ്രമിച്ചിരിക്കുന്നത്‌. മുസ്‌ലിം സമുദായത്തില്‍ വന്ന്‌ പെട്ടവര്‍ക്കേ ഈ വിധം ഇസ്‌ലാമിക ചിട്ടവട്ടങ്ങള്‍ പാലിച്ച്‌ ജീവിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. അപ്പോള്‍, മുസ്‌ലിംകള്‍ക്ക്‌ മാത്രമേ മോക്ഷം ലഭ്യമാവൂ എന്ന്‌ തന്നെയല്ലേ ഫലത്തില്‍ മുസ്‌ലിം പറയുന്നതിനര്‍ഥം. ഇത്‌ മറ്റുള്ളവരുടെ `സാമുദായികവാദം' പോലെ ഒന്നല്ലെങ്കില്‍ മറ്റെന്താണ്‌?
മുസ്‌ലിം പറയുന്ന പോലെയാണെങ്കില്‍ ലോകത്തിന്നുള്ള ഏതു മനുഷ്യനും സ്വര്‍ഗം ലഭിക്കണമെങ്കില്‍, പ്രാഥമികമായി അവന്‍ നബി(സ)യില്‍ വിശ്വസിച്ച്‌, ഖുര്‍ആനും സുന്നത്തും പ്രകാരം ജീവിക്കാത്തവനാകണം. ``(നബിയില്‍ വിശ്വസിച്ചവര്‍, യഹൂദര്‍, നസ്വാറാക്കാള്‍, സാബികള്‍ (മറ്റു മതസമുദായക്കാര്‍) ഇവരില്‍ ആര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്‌തുവോ, അവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്‌, അവര്‍ ഭയപ്പെടേണ്ടതില്ല, ദു:ഖിക്കേണ്ടതില്ല'' എന്ന ഖുര്‍ആന്‍ വചനപ്രകാരം ഒരു മനുഷ്യന്‌ സ്വര്‍ഗം ലഭിക്കാന്‍ പ്രാഥമികമായും പ്രധാനമായും വേണ്ടത്‌ നബി(സ)യില്‍ വിശ്വസിക്കാലോ മറ്റു മതങ്ങളില്‍ വിശ്വസിക്കലോ ഒന്നുമല്ല, മറിച്ച്‌ സ്രഷ്‌ടാവായ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കലാണ്‌. ആ വിശ്വാസ സഹിതം സല്‍കര്‍മം ചെയ്യലാണ്‌.
ഇവിടെ സുപ്രധാനമായ വിശ്വാസകാര്യങ്ങള്‍ എടുത്ത്‌ പറഞ്ഞെന്നേയുള്ളൂവെന്നും, എല്ലാവര്‍ക്കും ഇതുകൊണ്ട്‌ മാത്രം മോക്ഷം ലഭിക്കുമെന്ന്‌ കരുതിയാല്‍ അത്‌ ഇസ്‌ലാം അംഗീകരിക്കാത്ത `സര്‍വമതവാദ'മാകുമെന്നുമൊക്കെയാണ്‌ മുസ്‌ലിം പറയുന്നത്‌. ചോദ്യക്കാരനായ എന്നെയും അത്തരം ഒരു `സര്‍വമതസത്യവിശ്വാസിയായി' കാണരുതെന്ന അപേക്ഷയുണ്ട്‌. സര്‍വ മതങ്ങളിലും ഭാഗികമായി സത്യങ്ങള്‍ ഉണ്ടാവാമെന്നല്ലാതെ, എല്ലാ മതങ്ങളിലെ എല്ലാ കാര്യങ്ങളും ശരിയാണെന്നും ഏത്‌ മതപ്രകാരം ജീവിച്ചാലും മതി, മനുഷ്യന്‍ നന്നാവുകയേ വേണ്ടൂ, അവന്‌ സ്വര്‍ഗം ലഭിക്കും എന്ന വിധത്തിലുള്ള ധാരണ ഈ ഉള്ളവനില്ല. ഉപര്യുക്ത ഖുര്‍ആന്‍ വചനം കൊണ്ടങ്ങനെ വരുന്നുമില്ല. 
വിവിധ വിശ്വാസങ്ങള്‍ വെച്ച്‌ പുലര്‍ത്തുന്നവരായിക്കൊണ്ട്‌ ഏകദൈവത്തിലും അന്ത്യനാളിലും വിശ്വസിച്ച്‌ സല്‍കര്‍മം പ്രവര്‍ത്തിച്ചാല്‍ മതി എന്നല്ല അതില്‍ ഉള്ളത്‌. മറിച്ച്‌, `വിവിധ സമുദായങ്ങളില്‍ പെട്ടവരായിക്കൊണ്ട്‌' എന്നേ അതില്‍ പറയുന്നുള്ളൂ. അതായത്‌, സ്രഷ്‌ടാവായ ഈശ്വരന്റെ പരലോകത്തെ പ്രതിഫലത്തില്‍ വിശ്വസിക്കുകയും മറ്റ്‌ യാതൊരു പ്രത്യേക വിശ്വാസങ്ങള്‍ വെച്ച്‌ പുലര്‍ത്താതിരിക്കുകയും ചെയ്യുന്ന യഹൂദനും ഹൈന്ദവനുമൊക്കെ തന്റെ സല്‍കര്‍മങ്ങള്‍ക്ക്‌ ആ ഇശ്വരന്‍ പ്രതിഫലം നല്‌കുമെന്ന്‌ സാരം. ഇതെങ്ങനെ സര്‍വമത സത്യവാദമാകും? വേണമെങ്കില്‍, ഏകദൈവത്തിലും പരലോകത്തിലും ഉള്ള വിശ്വാസം, തദടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം എന്നതിനെ എല്ലാ സമുദായക്കാര്‍ക്കും വേണ്ടിയുള്ള ദൈവത്തിന്റെ `പൊതുമതം' എന്ന്‌ നമുക്ക്‌ വിളിക്കാം. മനുഷ്യരില്‍ ഏറെ പേരും ഒരു `പ്രാപഞ്ചികശക്തി'യിലെങ്കിലും വിശ്വസിക്കുന്നവരാണ്‌. വ്യത്യസ്‌ത സമുദായത്തില്‍ ജനിച്ചുവളര്‍ന്നവരായ ഇവരോട്‌, ഒരു പ്രത്യേക നബിയെയും മതത്തെയും പറ്റി പറഞ്ഞ്‌ കൊണ്ടിരുന്നാല്‍ ഉള്ളതിലേറെ ഫലം ചെയ്യുക മേല്‍പറഞ്ഞ `പൊതുമത'ത്തെ കുറിച്ച്‌ പറയലാവും. മനുഷ്യരാശിയുടെ പൊതുവിലുള്ള പരലോകമോക്ഷം എന്നതായിരിക്കണമല്ലോ ആത്മാര്‍ഥതയുള്ള ഒരു ഇസ്‌ലാമിക പ്രബോധകന്റെ ലക്ഷ്യം. മുസ്‌ലിം സമുദായത്തിനകത്ത്‌ പറയുന്ന പോലെയെല്ല, പുറത്തിറങ്ങുമ്പോള്‍ വേണ്ടത്‌ -രണ്ടു കൂട്ടരും ഒരേ തരത്തിലല്ല പ്രതികരിക്കുക.
ഇസ്‌ലാം ദീനും ശരീഅത്തും ഒന്നുമീ കാലഘട്ടത്തില്‍ പ്രബോധനം ചെയ്യേണ്ടവയല്ല എന്ന്‌ ഇതിനര്‍ഥമില്ല. ലഭ്യമായ സാഹചര്യങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമനുസൃതമായി മാത്രമേ ഓരോ മനുഷ്യനും അന്ത്യനാളില്‍ ചോദ്യംചെയ്യപ്പെടുകയുള്ളൂ. മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന്‌ ഇസ്‌ലാം അറിഞ്ഞ്‌ ജീവിച്ചുപോന്നവനുള്ള ബാധ്യത, മതപരമായി ഈ സാഹചര്യം കിട്ടാത്ത, കൊച്ചുനാളിലേ മറ്റൊരു സമുദായത്തില്‍ വളര്‍ന്ന്‌ വന്നവര്‍ക്ക്‌ ഉണ്ടാകുമോ? അവിശ്വാസിയായ ഒരു മുസ്‌ലിമിന്‌ തൗബ ചെയ്‌ത്‌ ഇസ്‌ലാമിലേക്ക്‌ വരാന്‍ ഉള്ള എളുപ്പം, ഇസ്‌ലാമിലേക്ക്‌ വരാനാഗ്രഹിക്കുന്ന ക്രിസ്‌ത്യാനിക്കോ ഹൈന്ദവനോ ഉണ്ടോ? നീതിമാനായ ദൈവം പല ഘടകങ്ങളില്‍ വ്യത്യസ്‌തത പുലര്‍ത്തുന്ന കോടാനുകോടി മനുഷ്യരെ ഒരളവുകോല്‍ വെച്ച്‌ വിധി കല്‌പിക്കുമെന്ന്‌ ധരിക്കാമോ?
ചെറുപ്പത്തില്‍ ഉമ്മ-വാപ്പമാര്‍ നഷ്‌ടമായ എന്നെ സംരക്ഷിച്ച കമ്യൂണിസ്റ്റ്‌ നിരീശ്വരവാദിയായ എന്റെ മൂത്ത സഹോദരന്‍, എന്റെ കൗമാരപ്രായത്തില്‍ മതവിശ്വാസിയായിത്തീര്‍ന്നിരുന്നില്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങനെയുള്ളവനാകുമായിരുന്നുവെന്ന്‌ ചിന്തിക്കാറുണ്ട്‌. തുറന്ന്‌ ചോദിക്കട്ടെ, മതഭക്തരായ ഒരു ബ്രാഹ്‌ണകുടുംബത്തിലാണ്‌ താങ്കളുടെ ജനനവും വളര്‍ച്ചയുമെങ്കില്‍, താങ്കള്‍ക്ക്‌ ഇന്നത്തെ പോലെ ഒരു ഇസ്‌ലാമിക പ്രബോധകനാകാന്‍ കഴിയുമായിരുന്നോ? മതം പഠിച്ച്‌ ഇസ്‌ലാമിലേക്ക്‌ വരുന്ന ചുരുക്കം പേരെ വിസ്‌മരിച്ചല്ല ഇത്‌ പറയുന്നത്‌. ബാഹ്യസ്വാധീനം അത്ര ശക്തമാണ്‌. കമ്യൂണിസം വിട്ട ഡോ. ഉസ്‌മാന്‍ സാഹിബ്‌ പള്ളിയിലേക്ക്‌ കയറിയപ്പോള്‍, അതേ പാര്‍ട്ടി വിട്ട്‌ തൗബ ചെയ്‌ത ജോസഫ്‌ മുണ്ടശ്ശേരി ചര്‍ച്ചിലേക്കും, ഇന്ദുചൂടന്‍ ക്ഷേത്രത്തിലേക്കുമാണ്‌ കയറിയത്‌ എന്ന്‌ നാം കാണേണ്ട സത്യങ്ങളല്ലേ?
എം ഖാലിദ്‌ നിലമ്പൂര്‍
ഈ ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഞാന്‍ നല്‌കിയ മറുപടി എന്റെ ഉത്തമ വിശ്വാസമനുസരിച്ച്‌ ശരിയാണ്‌. അല്ലാഹു അവതരിപ്പിച്ച ഏതെങ്കിലും ഗ്രന്ഥത്തെയോ അവന്‍ നിയോഗിച്ച ഏതെങ്കിലും പ്രവാചകനെയോ തള്ളിപ്പറയുന്നവര്‍ക്കും അല്ലാഹു സ്വര്‍ഗം നല്‍കുമെന്ന്‌ പറയാന്‍ എനിക്ക്‌ കഴിയില്ല. അല്ലാഹു ഏതെങ്കിലും വ്യക്തിയെയോ വിഭാഗത്തെയോ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കില്ലെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വാഭിപ്രായമായി പറയാന്‍ എനിക്ക്‌ അധികാരവുമില്ല.
-മുസ്‌ലിം

18-ജൂൺ-2011
ശനിയാഴ്ച

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers