മുസ്‌ലിംലീഗ് വിദ്യാര്‍ഥി വിഭാഗം സംഘടിപ്പിച്ച സമ്മേളന നഗരിയില്‍ ജുമുഅ സംഘടിപ്പിച്ചത് ഖേദകരവും ഇസ്‌ലാമിക കര്‍മശാസ്‌ത്ര പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് എസ് കെ എസ് എസ് എഫ് കുറ്റപ്പെടുത്തിയതായി പത്രറിപ്പോര്‍ട്ടുകളില്‍ കണ്ടു. (മാധ്യമം, ഫെബ്രു. 19). അജ്ഞത മൂലം അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ അത് സദുദ്ദേശപൂര്‍വം തിരുത്താനുള്ള സൗഹൃദ പൂര്‍ണമായ ശ്രമങ്ങളെ അവഗണിക്കുന്നത് ധിക്കാരപരമാണ്. മഹാന്മാരായ സാത്വികര്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ നിക്ഷിപ്‌ത താല്‌പര്യക്കാരുടെ ആലയില്‍ തളയ്‌ക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‌കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ കണ്ടു.
ഹജ്ജ് കമ്മിറ്റിയുടെ തലപ്പത്ത് സുന്നി പണ്ഡിതന്മാര്‍ ഉള്ള സന്ദര്‍ഭങ്ങളില്‍ ഹാജിമാര്‍ക്കു വേണ്ടി താല്‍ക്കാലികമായി സൗകര്യപ്പെടുത്തുന്ന ഹജ്ജ് ക്യാമ്പുകളില്‍ ജുമുഅ നമസ്‌കാരം നടത്തിക്കാണാറുണ്ട്. ഇതിന്റെയെല്ലാം ഇസ്‌ലാമിക വിധി എന്ത്?
കെ എം സല്‍മാന്‍, ഐക്കരപ്പടി
ധാരാളം പേര്‍ പങ്കെടുക്കുന്ന സമ്മേളനസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കൊന്നും വിരുദ്ധമല്ല. മദീനയിലെ മുസ്‌ലിംകള്‍ നബി(സ)യുടെ ഹിജ്‌റക്ക് മുമ്പായി ഏറ്റവും ആദ്യം ജുമുഅ നമസ്‌കരിച്ചത് `ഹസ്‌മുന്നബീത്ത്' എന്ന ചരല്‍ക്കല്ലുകള്‍ നിറഞ്ഞ പ്രദേശത്തായിരുന്നുവെന്നും അസ്‌അദുബ്‌നു സുറാറ(റ)യാണ് ആ നമസ്‌കാരത്തിന് നേതൃത്വം നല്‌കിയതെന്നും അബൂദാവൂദ്, ഇബ്‌നുമാജ എന്നീ ഹദീസ് പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അന്ന് അവിടെ പള്ളിയുണ്ടായിരുന്നുവെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ആ സ്ഥലത്ത് നബി(സ)യോ സ്വഹാബികളോ സ്ഥിരമായി ജുമുഅ നമസ്‌കാരം നിര്‍വഹിച്ചിരുന്നുവെന്ന് പ്രാമാണികമായ ഹദീസുകളില്‍ കാണുന്നുമില്ല. ഒരു താഴ്‌വരയുടെ താഴ്‌ഭാഗത്ത് നബി(സ) ജുമുഅ നമസ്‌കാരം നിര്‍വഹിച്ചതായി ഇബ്‌നുസഅ്‌ദും മറ്റു ചരിത്രകാരന്മാരും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് ഇമാം ശൗക്കാനി നൈലുല്‍ ഔത്വാറില്‍ (പേജ് 646) രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രകാരന്മാരുടെ റിപ്പോര്‍ട്ട് പ്രബലമല്ലെന്ന് വന്നാല്‍ പോലും ജുമുഅ നമസ്‌കാരം പള്ളിയിലേ പാടുള്ളൂവെന്ന് നബി(സ) പറഞ്ഞതായി ആരും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല എന്ന വസ്‌തുത പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.
ഇനി ഫി ഖ്‌ഹിന്റെ കാര്യമാണെങ്കില്‍, ഇമാം അബൂഹനീഫ, ശാഫിഈ, മുഅയ്യദ് ബില്ലാഹ് എന്നിവരും മറ്റു പണ്ഡിതന്മാരും ജുമുഅ സ്വഹീഹാകുന്നതിന് അത് പള്ളിയിലായിരിക്കല്‍ ഒരു നിബന്ധനയല്ലെന്ന് അഭിപ്രായപ്പെട്ടതായി ഇമാം ശൗക്കാനി (അതേപുസ്‌തകം) രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ `മുസ്‌ലിം' അഭിപ്രായപ്രകടനം നടത്താനുദ്ദേശിക്കുന്നില്ല. ഹാജിമാര്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ യാത്രയിലാണല്ലോ. യാത്രക്കാര്‍ക്ക് ജുമുഅ നിര്‍ബന്ധമല്ല. എന്നിട്ടും ഹജ്ജ് ക്യാമ്പില്‍ മുസ്‌ലിയാക്കന്മാര്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നുവെങ്കില്‍ വിദ്യാര്‍ഥി ക്യാമ്പില്‍ ജുമുഅ പാടില്ല എന്ന് പറയുന്നതിന് യാതൊരു ന്യായീകരണവുമില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment