ഇസ്‌ലാം മതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ അടിയുറച്ച് വിശ്വസിക്കന്നു. പക്ഷെ, ചില സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ സ്വാമിശരണം, അയ്യപ്പ ശരണം, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെയുള്ള ചിന്തകള്‍ വരുന്നു. ഇവരാരും തന്നെ ആരാധ്യന്മാരല്ലെന്നും ഇവര്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ കഴിയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ഇനി അല്ലാഹുവോടല്ലാതെ വേറെ ആരോടെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടാകുമോ, വലിയ അല്ലാഹു ചെറിയ അല്ലാഹു എന്നിങ്ങനെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നീ ചിന്തകളും എന്റെ മനസ്സില്‍ തോന്നി. എന്നാല്‍ ഇങ്ങനെ അല്ലാഹുവിന് ഒന്നാമന്‍, രണ്ടാമന്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ ഇല്ലെന്നും അല്ലാഹുവോടല്ലാതെ വേവലാതികള്‍ പറഞ്ഞിട്ട് കാര്യമില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. പിശാചിന്റെ പ്രേരണ കൊണ്ടുണ്ടാകുന്ന ഇത്തരം ചിന്തകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഇത്തരം ചിന്തകള്‍ വന്നുപോകുന്ന സമയത്ത് ഞാന്‍ അതില്‍ വിശ്വസിച്ചുപോകുമോ എന്നു ഭയപ്പെടുന്നു. വിശ്വസിച്ചുപോയാല്‍ ശിര്‍ക്കാകുമോ? ഇതിന് വല്ല പ്രായശ്ചിത്തവുമുണ്ടോ?
എസ് പി ടി മലപ്പുറം
മനുഷ്യമനസ്സിന്റെ പല അവസ്ഥകളിലൊന്നായി വിശുദ്ധ ഖുര്‍ആനില്‍ (12:53) പറഞ്ഞിട്ടുള്ളതാണ് `അമ്മാറത്തുന്‍ ബിസ്സൂഅ്' (ചീത്ത കാര്യത്തിന് അത്യധികം പ്രേരിപ്പിക്കുന്നത്). വിശ്വാസവും മതനിഷ്‌ഠയും ഉള്ളവരുടെ മനസ്സുപോലും ചിലപ്പോള്‍ ദുഷ്‌പ്രേരണകള്‍ക്ക് വിധേയമായെന്ന് വരാം. വിശ്വാസികളുടെ മനസ്സില്‍ തന്നെ ചിലപ്പോള്‍ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ട്. സ്വന്തം നിലയില്‍ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുകയും അതിനുപരിയായി അല്ലാഹുവോട് മനസ്സുറപ്പ് നല്‌കാന്‍ പ്രാര്‍ഥിക്കുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. `ഖല്‍ബുകള്‍ മാറ്റിമറിക്കുന്ന അല്ലാഹുവേ, എന്റെ ക്വല്‍ബ് നിന്റെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തണമേ' എന്ന് നബി(സ) പ്രാര്‍ഥിച്ചിരുന്നുവെന്ന് പ്രബലമായ ഹദീസില്‍ കാണാം. അടിയുറച്ച അറിവുള്ളവരുടെ ഒരു പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു:
``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിന് ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.''(3:8)
മനസ്സിന് ഇളക്കമുണ്ടാകാനുള്ള മറ്റൊരു കാരണം ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കളുടെ ദുര്‍ബോധനമാണ്. വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ അധ്യായം ഇത്തരക്കാരുടെ ദുര്‍ബോധനം കൊണ്ടുള്ള കെടുതിയില്‍ നിന്ന് മനുഷ്യരുടെ രക്ഷിതാവും രാജാവും ആരാധ്യനുമായ അല്ലാഹുവോട് അഭയം തേടണമെന്ന് പഠിപ്പിക്കുന്നു. 23:97,98 സൂക്തങ്ങളില്‍ ഇപ്രകാരം കാണാം:
``നീ പറയുക: എന്റെ രക്ഷിതാവേ പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. പിശാചുക്കള്‍ എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും, എന്റെ രക്ഷിതാവേ, നിന്നോട് ഞാന്‍ അഭയംതേടുന്നു.'' മനസ്സ് നല്ല ചിന്തകളാല്‍ ധന്യമാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഇത്തരത്തിലൊക്കെ പ്രാര്‍ഥിക്കുക കൂടി ചെയ്‌താല്‍ സംശയങ്ങളില്‍ നിന്നും ആശയക്കുഴപ്പങ്ങളില്‍ നിന്നും അല്ലാഹു മോചനമരുളുമെന്ന് പ്രതീക്ഷിക്കാം.
0 അഭിപ്രായങ്ങള്‍:
Post a Comment