ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

`കുല്ലുശൈഇന്‍' എന്നതിന്‌ എല്ലാ സന്ദര്‍ഭങ്ങളിലും ഒരേ അര്‍ഥമാണോ?

വിശുദ്ധ ഖുര്‍ആനിലെ 21:30ല്‍ ജീവനുള്ള എല്ലാറ്റിനെയും വെള്ളത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചു എന്ന്‌ പറയുന്നു. എന്നാല്‍ മലക്കുകളെ പ്രകാശം കൊണ്ടും ജിന്നുകളെ തീ കൊണ്ടും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു എന്നാണല്ലോ ഇസ്‌ലാമിക വിശ്വാസം. ഇവ തമ്മില്‍ വൈരുധ്യമില്ലേ?
ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി പറഞ്ഞിട്ടുള്ള കുല്ലുശൈഇന്‍ എന്ന വാക്കിനു എല്ലാ സന്ദര്‍ഭത്തിലും ഒരേ അര്‍ഥമാണോ?
സലാഹുദ്ദീന്‍ അയ്യൂബി മലപ്പുറം

`ശൈഉന്‍ ഹയ്യുന്‍' എന്ന വാക്കു കൊണ്ട്‌ 21:30 ല്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കോ ഉപകരണങ്ങള്‍ക്കോ ഗോചരമാകുന്ന ഭൗതിക ജീവികള്‍ മാത്രമാണ്‌. `കുല്ലുശൈഅ്‌' (എല്ലാ വസ്‌തുക്കളും ഏതൊരു വസ്‌തുവും) എന്ന പദം കേവലമായ അര്‍ഥത്തിലും ആപേക്ഷികമായ അര്‍ഥത്തിലും പ്രയോഗിക്കപ്പെടാം. `എല്ലാ യാത്രക്കാരും കയറിയോ' എന്ന്‌ ഒരു ബസ്‌ കണ്ടക്‌ടര്‍ ചോദിച്ചാല്‍ ഒരു നാട്ടിലെയോ ലോകത്തിലെയോ സര്‍വയാത്രക്കാരും ഉദ്ദേശിക്കപ്പെട്ടിട്ടില്ല എന്ന്‌ വ്യക്തമാണല്ലോ. സബഇലെ രാജ്ഞിക്ക്‌ എല്ലാ വസ്‌തുക്കളും നല്‌കപ്പെട്ടു എന്ന്‌ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രപഞ്ചത്തിലുള്ളതെല്ലാം നല്‌കപ്പെട്ടു എന്നര്‍ഥമില്ല. സമ്പത്തിന്റെയോ അധികാരത്തിന്റെയോ വൈപുല്യം വ്യക്തമാക്കുക മാത്രമേ അതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളൂ. അറബിഭാഷയില്‍ `കുല്ലുശൈഅ്‌' എന്നത്‌ ഏതൊക്കെ വിധത്തില്‍ പ്രയോഗിക്കുന്നുവോ ആ പ്രയോഗങ്ങള്‍ക്കെല്ലാം ഖുര്‍ആനിലും സാധുതയുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers