നജ്‌റാനില്‍ നിന്നു വന്ന ക്രൈസ്‌തവ സംഘത്തിന് നബി(സ) തന്റെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്ക് അവസരമൊരുക്കിക്കൊടുത്തത് സത്യമാണല്ലോ. എന്നാല്‍ നമ്മുടെ പള്ളികളില്‍ ഇതുപോലെ അന്യമതസ്ഥര്‍ക്ക് പ്രാര്‍ഥനാസൗകര്യം ഒരുക്കിക്കൊടുക്കുന്നതില്‍ എന്താണ് തെറ്റുള്ളത്? നമ്മുടെ പള്ളികളില്‍ അന്യമതസ്ഥര്‍ക്ക് പോയിട്ട് മറ്റൊരു മുസ്‌ലിം സംഘടനക്ക് പോലും അവരുടേതായ ആരാധന നിര്‍വഹിക്കാന്‍ വിട്ടുകൊടുക്കാറില്ല. ഇത് അന്യായമല്ലേ? സുന്നികള്‍ക്ക് മൗലീദ് നടത്താന്‍ പള്ളി തുറന്നുകൊടുക്കാന്‍ മുജാഹിദുകള്‍ എന്തുകൊണ്ടാണ് തയ്യാറാവാത്തത്?
പി മുഹമ്മദ് സ്വാലിഹ് കോട്ടയം
നബി(സ)യുടെ സന്നിധിയില്‍ വിഗ്രഹാരാധകര്‍ വന്ന പല സംഭവങ്ങളും ഹദീസ് ചരിത്രഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും മദീനയിലെ പള്ളിയില്‍ ആരാധന നടത്താന്‍ അനുവാദം നല്‌കിയിട്ടില്ല. നജ്‌റാനില്‍ നിന്ന് അതിഥികളായി വന്ന ക്രിസ്‌ത്യന്‍ പ്രതിനിധികള്‍ക്ക് താല്‌ക്കാലികമായി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ അനുവാദം നല്‌കിയെങ്കിലും സ്ഥിരമായി പള്ളിയില്‍ ആരാധന നടത്താന്‍ അന്യമതസ്ഥര്‍ക്കൊന്നും നബി(സ)യോ ഖലീഫമാരോ അനുവാദം നല്‌കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മുജാഹിദ് പള്ളികളില്‍ മുസ്‌ലിംകളില്‍ എല്ലാ വിഭാഗക്കാര്‍ക്കും നമസ്‌കരിക്കാന്‍ പൂര്‍ണ അനുവാദം നല്‌കുന്നുണ്ടല്ലോ. ക്രിസ്‌ത്യന്‍ അതിഥികളാരെങ്കിലും വന്നാല്‍ താല്‌ക്കാലികമായി പള്ളിയില്‍ അവരുടെ പ്രാര്‍ഥന നടത്തിക്കൊള്ളാന്‍ അനുവദിക്കുകയും ആകാം. മൗലൂദ്, റാത്തീബ്, മാലപ്പാട്ടുകള്‍ എന്നിവ അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിന്റെ യഥാര്‍ഥ ആരാധനകളല്ലാത്തതിനാല്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ച് ആരാധനകള്‍ നടത്താന്‍ വേണ്ടി സ്ഥാപിതമായ പള്ളികളില്‍ അവയൊന്നും അനുവദിക്കാന്‍ പറ്റില്ല. അനാചാരങ്ങള്‍ പള്ളിയില്‍ നടത്താന്‍ അനുവദിക്കുന്നത് അവയ്‌ക്ക് അംഗീകാരം നല്‌കുന്നതിന് തുല്യമാകുന്നു. നബി(സ)യുടെയോ സ്വഹാബികളുടെയോ കാലത്ത് പള്ളികളില്‍ ഇത്തരം അനാചാരങ്ങളൊന്നും നടത്തിയിട്ടില്ലല്ലോ.
1 അഭിപ്രായങ്ങള്‍:
VERY GOOD
Post a Comment