ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നാം വരുത്തുന്ന തെറ്റുകള്‍ അല്ലാഹുവിന്റെ വിധി നിമിത്തമോ?

വിധിവിശ്വാസത്തെ സംബന്ധിച്ച ചില ധാരണകളാണ്‌ ഈ ചോദ്യത്തിനാധാരം. നന്മയും തിന്മയുമൊക്കെ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന വിശ്വാസം ഈമാനിന്റെ ഭാഗമാണ്‌ എന്നാണല്ലോ. നാം സ്വയംകൃതാനര്‍ഥം കൊണ്ട്‌ വരുത്തിവെക്കുന്ന തെറ്റുകളൊക്കെ അല്ലാഹുവിന്റെ വിധികൊണ്ട്‌ സംഭവിക്കുന്നതാണെന്നുള്ളത്‌ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള രക്ഷപ്പെടലല്ലേ? അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്‌ തിന്മ അവനവന്റെ സൃഷ്‌ടിയും നന്മ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതുമാണെന്നാണല്ലോ. മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ട്‌ കടലിലും കരയിലും നാശം എന്നതില്‍ നിന്നും തിന്മയുടെ ഭാഗധേയത്വം അല്ലാഹു ഏല്‍ക്കുന്നില്ല എന്നല്ലേ മനസ്സിലാകുന്നത്‌? കാര്യങ്ങളെല്ലാം അല്ലാഹു മുന്‍കൂട്ടി വിധിച്ചുവെച്ച്‌ അതിന്റെ കേവല നടത്തിപ്പ്‌ മാത്രമാണ്‌ ഇവിടെ അരങ്ങേറുന്നത്‌ എന്ന്‌ എങ്ങനെ വിശ്വസിക്കാനാകും? നമ്മുടെ പ്രാര്‍ഥനകളും സല്‍ക്കര്‍മങ്ങളും നേരത്തെ വിധിച്ചുവെച്ചിട്ടുള്ളതിനെ മറികടക്കാന്‍ പര്യാപ്‌തമാണെങ്കില്‍ നമ്മില്‍ പതിഞ്ഞുപോയ വിധിവിശ്വാസവുമായി അത്‌ എങ്ങനെ ഇണങ്ങും?
എം എ അബ്‌ദുല്‍ഖാദര്‍ കരൂപ്പടന്ന, തൃശൂര്‍

ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യമായി അല്ലാഹുവിന്റെ അറിവ്‌ പരമവും പൂര്‍ണവും സാര്‍വത്രികവുമാണെന്ന യാഥാര്‍ഥ്യം മനസ്സില്‍ ഉറപ്പിക്കണം. ``അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ യാതൊന്നും അവര്‍ക്ക്‌ സൂക്ഷ്‌മമായി അറിയാന്‍ കഴിയില്ല.'' (വി.ഖു 2:255). ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ത്തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പു തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു''(വി.ഖു 57:22). ``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു.

അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല''(വി.ഖു 6:59). ``യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത്‌ തീര്‍ച്ചയായും ചെയ്യാം എന്ന്‌ നീ പറഞ്ഞുപോകരുത്‌. അല്ലാഹു ഉദ്ദേശിക്കുന്നെങ്കില്‍ ചെയ്യാമെന്നല്ലാതെ.''(വി.ഖു. 18:23,24)

എല്ലാ വസ്‌തുക്കളും അവയുടെ അവസ്ഥാന്തരങ്ങളും, എല്ലാ മനുഷ്യരും അവരുടെ ചിന്തകളും വാക്കുകളും വ്യവഹാരങ്ങളും അല്ലാഹുവിന്റെ അറിവും ഹിതവുമനുസരിച്ച്‌ മാത്രമാണ്‌ എന്നത്രെ മുകളില്‍ ഉദ്ധരിച്ചതുള്‍പ്പെടെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭൂമിയിലെ ഖലീഫയായി അല്ലാഹു നിശ്ചയിച്ച മനുഷ്യന്‌ സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവും സൗകര്യവും നല്‌കിയത്‌ അല്ലാഹു തന്നെയാണ്‌. ``ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (വി.ഖു 81:29). പ്രപഞ്ചനാഥന്റെ ഹിതത്തിന്‌ വിധേയമാണ്‌ എന്നതുകൊണ്ട്‌ മനുഷ്യന്റെ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ഉദാത്തമല്ലാതാകുന്നില്ല. കമ്പ്യൂട്ടറിന്റെ (ഹാര്‍ഡ്‌വെയറിന്റെ) പരിമിതിക്ക്‌ വിധേയമായിട്ടാണെങ്കിലും സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറും പ്രോഗ്രാമറും മറ്റും വിപുലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടല്ലോ. തയ്യാറാക്കപ്പെട്ട കാന്‍വാസിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ കലാകാരന്മാര്‍ ഉദാത്തമായ കലാരൂപങ്ങള്‍ ആവിഷ്‌കരിക്കുന്നു.

``പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. തീര്‍ച്ചയായും നാം അക്രമികള്‍ക്ക്‌ നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്‌.'' (വി.ഖു 18:29). ``വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും പിഴച്ചുപോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിന്നായി തന്നെയാണ്‌ അവന്‍ പിഴച്ചുപോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല'' (വി.ഖു 17:15). വിശ്വാസവും അവിശ്വാസവും സന്മാര്‍ഗവും ദുര്‍മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‌കപ്പെട്ടിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ അനിവാര്യ ഫലം അവനു അനുഭവവേദ്യമാകുമെന്നും ഉപര്യുക്ത സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു.

നാം എന്ത്‌ വിശ്വസിക്കണമെന്നും ഏത്‌ മാര്‍ഗം സ്വീകരിക്കണമെന്നും അല്ലാഹു മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നമുക്കെങ്ങനെയാണ്‌ സ്വന്തം നിലയില്‍ സത്യമോ അസത്യമോ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുക എന്ന ചോദ്യം എക്കാലത്തും ധാരാളം ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്‌. പരമമായ ദിവ്യജ്ഞാനത്തിന്റെ മാനങ്ങളൊക്കെ പരിമിതമായ മനുഷ്യവിജ്ഞാനത്തിന്റെ മാപിനികള്‍ കൊണ്ട്‌ അളന്നു തിട്ടപ്പെടുത്താനുള്ള വ്യഗ്രതയാണ്‌ ആ ചോദ്യത്തിന്‌ നിദാനം. വിശുദ്ധ ഖുര്‍ആനില്‍ അതിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌: ``ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്‌ ഇതര ദൈവങ്ങളെ) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്‌. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതു വരെ നിഷേധിച്ചുകളയുകയുണ്ടായി.

പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.''(വി.ഖു 6:148)

`ഞാന്‍ ഇങ്ങനെയാകണമെന്നായിരിക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്‌. അതില്‍ മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടു കാര്യമില്ലല്ലോ' എന്ന്‌ പറയുന്നവര്‍ ആരായാലും ഉറപ്പായ അറിവ്‌ കൂടാതെ ഊഹം പറയുക മാത്രമാണ്‌ അവര്‍ ചെയ്യുന്നത്‌. ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായ പ്രകടനം ഒഴിവാക്കി, അല്ലാഹു അവന്റെ കാരുണ്യത്താല്‍ പ്രവാചകന്മാര്‍ മുഖേന, വേദഗ്രന്ഥങ്ങള്‍ മുഖേന നല്‌കിയ മാര്‍ഗദര്‍ശനത്തെ പിന്തുടരുകയാണ്‌ വിവേകമതികള്‍ ചെയ്യേണ്ടത്‌.

നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന്‌ എന്നതിന്റെ അര്‍ഥം അല്ലാഹുവിന്റെ തീരുമാനങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയില്‍ കുറെ നല്ലതും കുറെ ചീത്തയുമാണ്‌ എന്നല്ല. അല്ലാഹു സൃഷ്‌ടിച്ചതെല്ലാം വിശിഷ്‌ടമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (32:7) വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു വിധിച്ച കാര്യങ്ങളില്‍ ചിലത്‌ നമ്മെ അപേക്ഷിച്ച്‌ ഗുണകരവും ദോഷകരവും ആകാം എന്ന്‌ മാത്രം. അല്ലാഹുവിന്റെ അനുഗ്രഹമായ മഴ നല്ല കാര്യമാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു നാട്ടില്‍ ഒരു ദിവസം പെയ്യുന്ന മഴ തന്നെ കുറെ ആളുകള്‍ക്ക്‌ ഗുണകരമായി ഭവിക്കുമ്പോള്‍ ചിലര്‍ക്ക്‌ അതു മുഖേന ദോഷമോ നാശനഷ്‌ടങ്ങളോ സംഭവിക്കാം. ഇത്‌ രണ്ടും അല്ലാഹുവിന്റെ വിധി പ്രകാരം സംഭവിക്കുന്നതു തന്നെയാണ്‌. സ്വത്ത്‌, സൗന്ദര്യം, ആരോഗ്യം തുടങ്ങിയ പല കാര്യങ്ങളും ആളുകള്‍ക്ക്‌ ഗുണകരമായും ദോഷകരമായും ഭവിക്കാറുണ്ട്‌. മനുഷ്യരുടെ സ്വയംകൃത അനര്‍ഥങ്ങള്‍ക്ക്‌ അവര്‍ ഉത്തരവാദികളല്ലെന്ന്‌ ഇസ്‌ലാമിലെ വിധിവിശ്വാസത്തിന്‌ അര്‍ഥമില്ല.

``നിങ്ങള്‍ എവിടെയായാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ), അവര്‍ക്ക്‌ വല്ല നേട്ടവും വന്നു കിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണെന്ന്‌. പറയുക: എല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്കെന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നു കിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ്‌.'' (വി.ഖു 4:78,79). എല്ലാം അല്ലാഹുവിങ്കല്‍ നിന്ന്‌ എന്നത്‌ യാഥാര്‍ഥ്യത്തിന്റെ ഒരു വശമാണ്‌. തിന്മയുണ്ടാകുന്നത്‌ മനുഷ്യന്റെ ഭാഗത്ത്‌ നിന്ന്‌ എന്നത്‌ മറ്റൊരു വശവും. പരമകാരുണികനായ അല്ലാഹുവിന്റെ വിധി മനുഷ്യരുടെ പ്രാര്‍ഥന സ്വീകരിക്കുന്നതിനോ അവരുടെ സല്‍കര്‍മങ്ങള്‍ക്ക്‌ പ്രതിഫലം നല്‌കുന്നതിനോ തടസ്സമാവുകയില്ല. അല്ലാഹുവിന്റെ വിധിയിലൂടെ അവന്റെ കാരുണ്യം നിറവേറുമെന്നാണ്‌ ന്യായമായി പ്രതീക്ഷിക്കാവുന്നത്‌.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers