ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

യത്തീംഖാനകളിലേക്ക്‌ നേര്‍ച്ചയും കൂട്ടുപ്രാര്‍ഥനയും


സുഖപ്രസവം നടന്നാലും രോഗങ്ങള്‍ മാറിയാലും വിഷമങ്ങള്‍ നീങ്ങിക്കിട്ടിയാലും ശിര്‍ക്ക്‌ കലരാത്തെ വിശ്വാസികള്‍ പണമോ ഭക്ഷണമോ യതീംഖാനകളിലേക്ക്‌ നിയ്യത്താക്കുകയും അത്‌ പ്രകാരം കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്‌. ഇത്‌ ശരിയായ മാര്‍ഗമാണോ? ആണെങ്കില്‍ നിയ്യത്താക്കിയ വ്യക്തികളെയോ കുടുബത്തെയോ ഉള്‍പ്പെടുത്തി യതീംകുട്ടികളെക്കൊണ്ട്‌ കൂട്ടുപ്രാര്‍ഥന നടത്തിക്കുന്ന സമ്പ്രദായവുമുണ്ട്‌. `മുസ്‌ലിമി'ന്റെ പ്രതികരണമെന്താണ്‌?

എ കെ തിരൂര്‍

അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോള്‍ നന്ദി പ്രകടനമെന്നോണം ഐച്ഛികമായ (നിര്‍ബന്ധമല്ലാത്ത) പുണ്യകര്‍മങ്ങള്‍ ചെയ്യുന്നത്‌ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലമുള്ള കാര്യമാകുന്നു. സുലൈമാന്‍ നബി(അ)യുടെ വാക്ക്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ``ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ വേണ്ടി എന്റെ രക്ഷിതാവ്‌ എനിക്ക്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുകയാണെങ്കില്‍ തന്റെ ഗുണത്തിനായി തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു'' (വി.ഖു 27:40). ``നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും.''(വി.ഖു 14:7). ഐച്ഛികമായ പുണ്യകര്‍മം ചെയ്യുമെന്ന്‌ ശപഥം ചെയ്യുന്നതിന്‌, അഥവാ സ്വയം നിര്‍ബന്ധമായി ചെയ്യുമെന്ന്‌ പ്രഖ്യാപിക്കുന്നതിനാണ്‌ നേര്‍ച്ച എന്ന്‌ പറയുന്നത്‌. നേര്‍ച്ച നേരണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല. നേര്‍ച്ച നേര്‍ന്നിട്ടുണ്ടെങ്കില്‍ അത്‌ നിറവേറ്റണമെന്ന്‌ അല്ലാഹുവും റസൂലും(സ) ആജ്ഞാപിച്ചിട്ടുണ്ട്‌.

തനിക്കോ തന്റെ കുടുംബത്തിനോ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാന്‍ ഒരാള്‍ കുട്ടികളോടോ മുതിര്‍ന്നവരോടോ അഭ്യര്‍ഥിക്കുന്നതില്‍ അപാകതയില്ല. ദാനം ലഭിച്ചവര്‍ ദാനം നല്‌കിയവര്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നത്‌ കൃതജ്ഞതയുടെ ഒരു രൂപമാകുന്നു. റസൂല്‍(സ) സകാത്തിന്റെ ഗുണഭോക്താവായിരുന്നില്ല. എന്നിട്ടും സകാത്ത്‌ ദാതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ അല്ലാഹു നബി(സ)യോട്‌ കല്‌പിച്ചിട്ടുണ്ട്‌. യത്തീംകുട്ടികളെപ്പോലെ കുറേ പേര്‍ക്ക്‌ ഒന്നിച്ച്‌ ദാനം ലഭിച്ചാല്‍ അവര്‍ ദാതാവിനോ കുടുംബത്തിനോ വേണ്ടി കൂട്ടമായി പ്രാര്‍ഥിക്കുന്നതില്‍ അനൗചിത്യമില്ല. എന്നാല്‍ ഇത്തരം കൂട്ടുപ്രാര്‍ഥന ഒരു യാന്ത്രികമായ ചടങ്ങാക്കിത്തീര്‍ക്കുന്നത്‌ ശരിയല്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers