സുഹൃത്തുക്കളായ അമുസ്‌ലിം സഹോദരങ്ങളോട് സലാം പറയാമോ? അമുസ്‌ലിം സുഹൃത്തുക്കളാരെങ്കിലും ഇങ്ങോട്ട് സലാം പറഞ്ഞാല്‍ നമുക്ക് മടക്കാന്‍ പാടുണ്ടോ?
എം അബ്‌ദുല്‍ഗഫൂര്‍ നല്ലളം
അമുസ്‌ലിംകളെല്ലാം ഒരുപോലെയല്ലെന്നും അവരില്‍ മുസ്‌ലിംകളോട് ശത്രുത പ്രകടിപ്പിക്കാത്തവരും മുസ്‌ലിംകളെ പലതരത്തില്‍ ദ്രോഹിക്കുന്നവരും ഉണ്ടെന്നും ഇരു വിഭാഗത്തോടും വ്യത്യസ്‌ത നിലപാടാണ് സ്വീകരിക്കേണ്ടതെന്നും വിശുദ്ധ ഖുര്‍ആനിലെ 60:8,9 സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യത്യാസം സലാം പറയുന്നതിനും മടക്കുന്നതിനും ബാധകമാകും. `അസ്സലാമു അലൈക്കും' എന്ന വാക്യത്തിന്റെ അര്‍ഥം `നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ' എന്നാണ്. ഒരു അഭിവാദനം എന്നതോടൊപ്പം ഒരു പ്രാര്‍ഥനയും കൂടിയാണത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ബദ്ധവൈരിക്ക് സമാധാനം ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന് വ്യക്തമാണ്. മുസ്‌ലിംകളുടെ നാശം കൊണ്ടേ കൊടിയ ശത്രുവിന് മനസ്സമാധാനമുണ്ടാവുകയുള്ളൂ. എന്നാല്‍ മുസ്‌ലിംകളോട് ശത്രുത കാണിക്കാത്ത അമുസ്‌ലിംകളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ 60:8 സൂക്തത്തില്‍ അല്ലാഹു അനുവദിച്ചിട്ടുണ്ട്. സമാധാനം ആശംസിക്കുന്നത് നല്ല പെരുമാറ്റത്തില്‍ പെട്ടതാകുന്നു.
പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അപരിചിതരുടെ കൂട്ടത്തില്‍ അമുസ്‌ലിംകളും ഉണ്ടാകുമല്ലോ. എന്നാല്‍ യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും നിങ്ങള്‍ സലാം തുടങ്ങരുതെന്ന്, അഥവാ അവരെ കണ്ടുമുട്ടുമ്പോള്‍ ആദ്യമായി സലാം പറയുന്നത് നിങ്ങളാകരുതെന്ന് നബി(സ) വിലക്കിയതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്ത്, സലാം പറയുകയാണെന്ന നാട്യത്തില്‍ `അസ്സാമു അലൈക്കും' (നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ) എന്ന് യഹൂദരില്‍ ചിലര്‍ മുസ്‌ലിംകളോട് പറഞ്ഞിരുന്നതായി ചില ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ആ സാഹചര്യത്തിലായിരിക്കാം വേദക്കാര്‍ക്ക് ആദ്യമായി സലാം പറയരുതെന്ന് നബി(സ) വിലക്കിയത്. വേദക്കാര്‍ നിങ്ങള്‍ക്ക് സലാം പറഞ്ഞാല്‍ നിങ്ങള്‍ `വഅലൈക്കും' എന്ന് പറയണം എന്ന് നബി(സ) കല്‌പിച്ചതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. അമുസ്‌ലിംകള്‍ സലാം ചൊല്ലിയാല്‍ മടക്കുന്നത് നിഷിദ്ധമല്ലെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.
0 അഭിപ്രായങ്ങള്‍:
Post a Comment