ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ക്ലോണിംഗ്‌ സാധ്യത ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ടോ?

എന്തും വിശ്വസിക്കേണ്ടിവരുന്ന ലോകമാണല്ലോ നമ്മുടേത്‌. അന്‍പത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ക്ലോണിംഗ്‌ നമുക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. എന്നാലിതാ ക്രയോണിക്‌സിലൂടെയുള്ള പുനര്‍ജന്മത്തിനായി ശാസ്‌ത്രം 2040 നെ കാത്തിരിക്കുന്നു. ഈയൊരു സാധ്യത തള്ളിക്കളയാമോ? സംഭവ്യമെന്നോ സംഭവിക്കാന്‍ സാധ്യതയുള്ളതെന്നോ തെളിയുന്ന വല്ല പരാമര്‍ശവും ഖുര്‍ആനിലുണ്ടോ?
സജ്‌ന നാസിര്‍ എടത്തനാട്ടുകര

അല്ലാഹുവാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നതാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം. ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ കാര്യം വ്യക്തമാക്ക ിയിട്ടുണ്ട്‌. പുനരുത്ഥാന നാളില്‍ എല്ലാവരെയും അല്ലാഹു പുനര്‍ജീവിപ്പിക്കും. മരിച്ച ചിലരെ ഇഹലോകത്ത്‌ തന്നെ അല്ലാഹു പുനര്‍ജീവിപ്പിച്ച കാര്യവും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. 2:259 സൂക്തത്തില്‍, ഒരാളെ മരണത്തിനു ശേഷം നൂറു വര്‍ഷം കഴിഞ്ഞിട്ട്‌ അല്ലാഹു പുനര്‍ജീവിപ്പിച്ച അസാധാരണ നടപടിയെ സംബന്ധിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. 2:243 സൂക്തത്തില്‍ ഇപ്രകാരം കാണാം: ``ആയിരക്കണക്കില്‍ ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട്‌ സ്വന്തം വീടു വിട്ടിറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട്‌ പറഞ്ഞു: ` നിങ്ങള്‍ മരിച്ചുകൊള്ളുക.' പിന്നീട്‌ അല്ലാഹു അവരെ ജീവിപ്പിച്ചു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദി കാണിക്കുന്നില്ല.'' `അല്ലാഹുവിന്റെ അനുവാദത്തോടെ ഞാന്‍ മരിച്ചവരെ ജീവിപ്പിക്കും' എന്ന്‌ ഈസാ നബി (അ) പറഞ്ഞുവെന്ന്‌ 3:49 സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ഇതൊക്കെ അല്ലാഹുവിന്റെ അസാധാരണ നടപടികളാണ്‌. മരിച്ചവരെ ജീവിപ്പിക്കാന്‍ മനുഷ്യര്‍ക്ക്‌ സ്വന്തം നിലയില്‍ സാധിക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ പറയുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല.

ശാസ്‌ത്രം കൊണ്ട്‌ യഥാര്‍ഥത്തില്‍ സാധിക്കുന്ന കാര്യങ്ങള്‍ക്കു പുറമേ ശാസ്‌ത്രത്തിന്റെ പേരിലുള്ള ഭാവനകളും സ്വപ്‌നങ്ങളും വ്യാമോഹങ്ങളും വേറെയുമുണ്ട്‌. ക്രയോണിക്‌സ്‌ എന്നൊരു സാങ്കേതിക വിദ്യയിലൂടെ മരിച്ച മനുഷ്യരെ പുനര്‍ജീവിപ്പിക്കാമെന്ന്‌ ഇതിനകം ആരും തെളിയിച്ചിട്ടില്ല. ഇപ്പോള്‍ അതൊരു ശാസ്‌ത്ര ഭാവന മാത്രമാണ്‌. അതിന്‌ ഖുര്‍ആനില്‍ ഇടം തേടേണ്ട യാതൊരാവശ്യവുമില്ല. ക്ലോണിംഗിനെ സംബന്ധിച്ച്‌ ലോകത്തിന്‌ പ്രതീക്ഷയേക്കാളേറെ ആശങ്കകളും ആശയക്കുഴപ്പങ്ങളുമാണ്‌ ഇപ്പോഴുള്ളത്‌. പ്രതീക്ഷ മങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.`

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers