ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഇടകലരാത്ത വിദ്യാഭ്യാസം സാധ്യമാണോ?


നിരന്തര പരിഷ്‌കരണങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ ആധുനിക വിദ്യാഭ്യാസ സങ്കല്‌പങ്ങള്‍. ഇന്ന്‌ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ആണും പെണ്ണും ഇടകലരാതെ പഠനം നിര്‍വഹിക്കണമെന്ന്‌ പറയുന്നത്‌ അസാധ്യമായ സംഗതിയായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസരത്തില്‍ ഒരു മുസ്‌ലിം തന്റെ ഇസ്‌ലാമിക വ്യക്തിത്വം നിലനിര്‍ത്തി പഠനം മുന്നോട്ട്‌ കൊണ്ടുപോവുക എങ്ങനെയാണ്‌? പരസ്‌പരം ഇടകലര്‍ന്നുള്ള പഠനശൈലികളും ഗവേഷണശീലങ്ങളും ഇസ്‌ലാമിക ദൃഷ്‌ട്യാ ശരിയാണോ? ഇതിനുള്ള പരിഹാരം എന്താണ്‌?
ഹബീബ്‌ പി സി പാലം

ഏകദൈവ വിശ്വാസത്തിനും സദാചാരത്തിനും തീര്‍ത്തും വിരുദ്ധമായ വിശ്വാസാചാരങ്ങളും ജീവിതരീതികളും നിലനിന്നിരുന്ന സമൂഹങ്ങളിലേക്കാണല്ലോ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്‌. വിഗ്രഹങ്ങളെയും ആള്‍ദൈവങ്ങളെയും പൂജിക്കാന്‍ തയ്യാറില്ലാത്തവര്‍ അവഹേളനത്തിനും പീഡനത്തിനും വിധേയമാകുന്ന സാഹചര്യങ്ങളിലാണ്‌ പ്രവാചകന്മാര്‍ ജീവിച്ചത്‌. കണിശമായ ഏകദൈവ വിശ്വാസത്തിന്റെയും ശരിയായ ധാര്‍മികതയുടെയും വക്താക്കളും പ്രയോക്താക്കളുമായി ജീവിക്കുക ഒട്ടൊക്കെ അസാധ്യമായിത്തോന്നുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി രാജിയാവുകയല്ല, അവയ്‌ക്കെതിരെ വ്യക്തവും ശക്തവുമായ ബോധവല്‌കരണം നടത്തുകയാണ്‌ എല്ലാ പ്രവാചകന്മാരും ചെയ്‌തത്‌. അതുതന്നെയാണ്‌ പ്രവാചകന്മാരുടെ ജീവിതപാത പിന്തുടരുന്ന യഥാര്‍ഥ വിശ്വാസികളും ചെയ്യേണ്ടത്‌.

ഇടകലരല്‍ എന്ന വാക്ക്‌ വളരെ വ്യാപകമായ അര്‍ഥമുള്ളതാണ്‌. അന്യപുരുഷന്മാരും സ്‌ത്രീകളും ഒരേ സ്ഥലത്ത്‌ ഒരുമിച്ചുകൂടുക എന്നത്‌ എല്ലായ്‌പ്പോഴും അധാര്‍മിക പ്രവണതകള്‍ക്ക്‌ വഴിവെക്കുമെന്ന്‌ ആശങ്കിക്കുന്നത്‌ ശരിയാണോ എന്ന്‌ സംശയമാണ്‌. നമ്മുടെ നാട്ടിലെ വിവാഹങ്ങളിലും സല്‌ക്കാരങ്ങളിലും ഒരു പരിധിവരെ ഇടകലരല്‍ ഉണ്ടാകാറുണ്ട്‌. പക്ഷേ, അത്‌ ദുര്‍വൃത്തികളിലേക്ക്‌ നയിക്കുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്‌. ഭൂരിപക്ഷം പേരും പരസ്‌പരം മാന്യതയോടെ വര്‍ത്തിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന്‌ പഠിക്കുന്ന ഹൈസ്‌കൂളുകളിലും കോളെജുകളിലും അനിസ്‌ലാമികമായ പല പ്രവണതകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും സദാചാരനിഷ്‌ഠ ലംഘിക്കാതെ ധാരാളം മുസ്‌ലിം കുട്ടികള്‍ അവിടങ്ങളില്‍ പഠിക്കുന്നുണ്ടെന്നത്‌ അനിഷേധ്യമാണ്‌.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിദ്യാലയങ്ങളും കലാലയങ്ങളും നടത്തുന്ന നാടുകളില്‍ പോലും മെഡിസിനും എന്‍ജിനീയറിംഗും `മിക്‌സഡ്‌' കോളേജുകളില്‍ തന്നെയാണ്‌ പഠിപ്പിക്കുന്നത്‌. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഇരുവിഭാഗത്തിനും വേറെയാക്കുന്നത്‌ ഒട്ടേറെ പ്രായോഗിക വിഷമങ്ങള്‍ക്ക്‌ നിമിത്തമാകും. അതിനാല്‍ അവിടങ്ങളില്‍ ഇടകലരലിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയേ സാധ്യമാകൂ. സെക്യുലര്‍ രാഷ്‌ട്രങ്ങളില്‍ കാമ്പസുകള്‍ ലൈംഗിക അരാജകത്വത്തിന്റെ രംഗവേദിയാകുന്ന വാര്‍ത്തകള്‍ നാം ധാരാളമായി വായിക്കുന്നു. അതിന്റെ ദോഷഫലങ്ങളില്‍ നിന്ന്‌ മുസ്‌ലിം വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനു വേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത്‌ മുസ്‌ലിം വിദ്യാര്‍ഥി-യുവജന സംഘടനകളാണ്‌. ഈ രംഗത്ത്‌ പ്രസ്‌താവ്യമായ ചില നല്ല നീക്കങ്ങള്‍ നടക്കുന്നുണ്ട്‌. മുസ്‌ലിം സമൂഹത്തിലെ മതനിഷ്‌ഠയില്ലാത്ത വിദ്യാര്‍ഥികളെ ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാനും ചില അമുസ്‌ലിം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക്‌ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ഈ സംഘടനകള്‍ക്ക്‌ ഒരളവോളം സാധിച്ചിച്ചുണ്ട്‌ എന്നത്‌ ശ്രദ്ധേയമാകുന്നു. വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ക്ലാസിലേക്ക്‌ വരുമ്പോഴും പോകുമ്പോഴും ഇടകലരലിനുള്ള സാധ്യതയുണ്ടെങ്കിലും അത്‌ മിക്കപ്പോഴും മോശമായ പരിണതഫലങ്ങളിലേക്ക്‌ നയിക്കാറില്ല. ഒരു സ്‌ത്രീയും അന്യപുരുഷനും ക്ലാസ്‌മുറിയിലോ ലാബിലോ മറ്റോ തനിച്ചാകുന്നതാണ്‌ മോശമായ നീക്കങ്ങള്‍ക്ക്‌ നിമിത്തമാകുന്നത്‌. ഇത്‌ തീര്‍ത്തും ഒഴിവാക്കുക തന്നെ വേണം. നബി(സ) അത്‌ കര്‍ശനമായി വിലക്കിയിട്ടുണ്ട്‌. പരിഷ്‌കാരത്തിന്റെയോ പുരോഗമനത്തിന്റെയോ പേരില്‍ ആ വിലക്ക്‌ അവഗണിക്കരുത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers