ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പ്രതിക്രിയ കുറ്റകൃത്യമാണോ?


തന്റെ സഹോദരിയെയോ മാതാവിനെയോ മാനഭംഗപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ചെയ്‌ത അക്രമികളെ വധിച്ച്‌ പ്രതികാരം ചെയ്‌താല്‍ ഒരു സത്യവിശ്വാസി പരലോകത്ത്‌ കുറ്റക്കാരനാവുമോ?

അക്രമികളില്‍ പെട്ടവര്‍ കുടുംബബന്ധത്തില്‍ പെട്ട വിശ്വാസികളാണെങ്കില്‍ പ്രത്യേകിച്ചും? ഇനി അവര്‍ പശ്ചാത്തപിച്ച്‌ മടങ്ങുന്നതിന്‌ വേണ്ടി അവര്‍ക്ക്‌ മാപ്പ്‌ കൊടുത്താല്‍ കൊല്ലപ്പെട്ടവരോട്‌ കാണിക്കുന്ന അനീതിയാകുമോ അത്‌? ഇങ്ങനെ മാപ്പ്‌ കൊടുക്കുന്നതുകൊണ്ട്‌ അതുമൂലമുണ്ടാകുന്ന നന്മ മുഖേന കൊല്ലപ്പെട്ടവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുമെന്നും അവര്‍ക്ക്‌ അല്ലാഹുവിന്റെ അടുക്കല്‍ പുണ്യം ലഭിക്കുമെന്നും പ്രതീക്ഷിച്ചുകൂടേ? നഷ്‌ടപരിഹാരം വാങ്ങാതെ അക്രമികള്‍ക്ക്‌ മാപ്പ്‌ കൊടുത്തതിന്‌ ശേഷം അവര്‍ വീണ്ടും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ മുതിര്‍ന്നാല്‍ അവരെ വധിച്ചുകളയാവുന്നതല്ലേ?

ടി എ കുറ്റിപ്പുറം


സ്വദേഹത്തിനു നേരെയോ ഉറ്റവരുടെ നേരെയോ സ്വന്തം സമ്പത്തിന്‌ നേരെയോ ആക്രമണമോ കയ്യേറ്റമോ ഉണ്ടായാല്‍ അതിനെ സര്‍വശക്തിയുമുപയോഗിച്ച്‌ ചെറുക്കാന്‍ ഏതൊരാള്‍ക്കും അല്ലാഹു അനുവാദം നല്‌കിയിട്ടുണ്ട്‌. മാപ്പ്‌ നല്‌കുകയും ക്ഷമിക്കുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്‌.
``തങ്ങള്‍ക്ക്‌ വല്ല മര്‍ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും (അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകും) ഒരു തിന്മയ്‌ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്മ തന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പു നല്‌കുകയും രഞ്‌ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം ചെയ്യുന്നവരെ ഇഷ്‌ടപ്പെടുകയില്ല. താന്‍ മര്‍ദിക്കപ്പെട്ടതിനു ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍വുമില്ല'' (വി.ഖു 42:39-41). ``നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്‌) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക്‌ തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അത്‌ തന്നെയാണ്‌ ക്ഷമാശീലര്‍ക്ക്‌ കൂടുതല്‍ ഉത്തമം.'' (വി.ഖു 16:126)
ആക്രമണകാരികളെ ചെറുക്കുന്നതിനിടയില്‍ മര്‍ദിതന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അയാള്‍ക്ക്‌ രക്തസാക്ഷിത്വത്തിന്റെ പ്രതിഫലമുണ്ടായിരിക്കുമെന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. അക്രമിക്ക്‌ പരിക്കേല്‌ക്കുകയോ അയാള്‍ കൊല്ലപ്പെടുകയോ ചെയ്‌താല്‍ പ്രതിരോധിച്ച മര്‍ദിതന്‍ അതിന്റെ പേരില്‍ അല്ലാഹുവിങ്കല്‍ കുറ്റവാളിയാവുകയില്ല. മാത്രമല്ല, അയാള്‍ അനുഗ്രഹത്തിനും പ്രതിഫലത്തിനും അവകാശിയായിത്തീരുകയും ചെയ്യും.
കൊലയാളിക്ക്‌ മാപ്പ്‌ നല്‌കുന്നത്‌ കൊല്ലപ്പെട്ടയാളോട്‌ അനീതി കാണിക്കലാവുകയില്ല. എന്നാല്‍ കൊലയാളിക്ക്‌ മാപ്പ്‌ ലഭിച്ചാല്‍ അയാള്‍ കൂടുതല്‍ ആളുകളെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന്‌ ആശങ്ക തോന്നുകയാണെങ്കില്‍ മാപ്പ്‌ നല്‌കാതിരിക്കുകയാണ്‌ നല്ലത്‌. ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലവും പാപമോചനവും പ്രതീക്ഷിക്കാമെന്നാണ്‌ അനേകം ആയത്തുകളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ ബന്ധു മാപ്പ്‌ നല്‌കിയതിന്റെ പേരില്‍ കൊല്ലപ്പെട്ടയാള്‍ക്ക്‌ പാപമോചനമോ പ്രതിഫലമോ ലഭിക്കുമെന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നും കണ്ടിട്ടില്ല. മാപ്പ്‌ ലഭിച്ച ശേഷം ആക്രമണങ്ങള്‍ തുടരുന്നവരെ വിധ്വംസക പ്രവര്‍ത്തകരായി ഗണിച്ച്‌ വളരെ കടുത്ത ശിക്ഷ നല്‌കാന്‍ ഇസ്‌ലാമിക ഭരണാധികാരിക്ക്‌ അധികാരമുണ്ടെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 5:33 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതാണ്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers