ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

കൈ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍

നമസ്‌കാര ശേഷമുള്ള പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്താന്‍ പാടില്ല എന്നൊരു വാദം കേള്‍ക്കാനിടയായി. അല്‍ബാനിയുടെ ചില ഫത്‌വകളും ഇതിന്‌ തെളിവായി ഉദ്ധരിക്കുന്നുണ്ട്‌. പ്രാര്‍ഥനയ്‌ക്ക്‌ കൈ ഉയര്‍ത്തുന്നതില്‍ പ്രവാചകചര്യയില്ലേ? പ്രാര്‍ഥനയ്‌ക്കു ശേഷം കൈ മുഖത്ത്‌ തടവുന്നത്‌ സുന്നത്താണോ?


പി ഫൈസല്‍പുത്തൂര്‍


നമസ്‌കാര ശേഷം പ്രാര്‍ഥിക്കാന്‍ നബി(സ) നിര്‍ദേശിച്ചതായി ധാരാളം ഹദീസുകളുണ്ടെങ്കിലും അതിലൊന്നും കൈ ഉയര്‍ത്തണമെന്നോ ഉയര്‍ത്തരുതെന്നോ പറഞ്ഞിട്ടില്ല. അതിനാല്‍ കൈ ഉയര്‍ത്തിയാലും ഇല്ലെങ്കിലും കുറ്റമില്ലെന്ന്‌ മനസ്സിലാക്കാനാണ്‌ ന്യായം കാണുന്നത്‌. പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നതിനെ പ്രത്യേക സന്ദര്‍ഭം പറയാതെ നബി(സ) പ്രോത്സാഹിപ്പിച്ചതായി വ്യക്തമാക്കുന്ന ഹദീസ്‌ ഉള്ളതിനാല്‍ നമസ്‌കാര ശേഷമുള്ള പ്രാര്‍ഥനയിലും കൈ ഉയര്‍ത്താവുന്നതാണെന്ന്‌ ഒരാള്‍ മനസ്സിലാക്കിയാല്‍ അയാള്‍ ആക്ഷേപാര്‍ഹനല്ല. നമസ്‌കാരശേഷം നബി(സ) കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചുവെന്നോ അങ്ങനെ ചെയ്യാന്‍ കല്‌പിച്ചുവെന്നോ പ്രാമാണികമായ ഹദീസില്‍ ഇല്ലാത്തതിനാല്‍ അത്‌ അനാചാരമാണെന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. ദ്വുഹ്‌റിന്‌ ശേഷം രണ്ടു റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരം പ്രബലമായ ഹദീസിലുണ്ട്‌. ആ നമസ്‌കാരത്തില്‍ കുപ്പായം ഇടണമെന്നോ ഇടരുതെന്നോ തല മറയ്‌ക്കണമെന്നോ മറയ്‌ക്കരുതെന്നോ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അതിനാല്‍ കുപ്പായമിട്ടുകൊണ്ടോ തല മറച്ചുകൊണ്ടോ ആ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ അനാചാരമാണെന്ന്‌ വാദിക്കുന്നതു പോലെയാണ്‌ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ അനാചാരമാണെന്ന വാദം. ഇസ്‌ലാമില്‍ ഇല്ലാത്ത ഒരു മതാചാരം ഉണ്ടാക്കലാണ്‌ ബിദ്‌അത്ത്‌ അഥവാ അനാചാരം. കുപ്പായമിട്ടുകൊണ്ട്‌ നമസ്‌കരിക്കലോ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കലോ ഒരു പുതിയ മതാചാരം ഉണ്ടാക്കല്‍ എന്ന വകുപ്പില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ ‘മുസ്‌ലിം’ കരുതുന്നത്‌. കൈ ഉയര്‍ത്താതെ പ്രാര്‍ഥിക്കലും അനാചാരമാവില്ല. പ്രാര്‍ഥനയ്‌ക്ക്‌ ശേഷം മുഖം തടവുന്നത്‌ സുന്നത്താണെന്ന്‌ പറയാന്‍ പ്രബലമായ തെളിവില്ല.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers