ഖുര്‍ആനില്‍ പ്രതിപാദിച്ച വേദക്കാര്‍ ക്രിസ്‌ത്യാനികളും യഹൂദരും മാത്രമാണോ? ഇന്ത്യയിലെ വേദപുരാണങ്ങളുടെ ആള്‍ക്കാര്‍ ഖുര്‍ആനിലെ വേദക്കാരില്‍ ഉള്‍പ്പെടുമോ? വേദപുരാണങ്ങള്‍ അവതരിച്ച കാലഘട്ടങ്ങള്‍ ചരിത്രപരമായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ടോ?
ടി അബ്‌ദുന്നാസിര്‍ -കുറ്റിപ്പുറം
അഹ്‌ലുല്‍ കിതാബ് ( വേദക്കാര്‍ ) എന്ന വാക്കിന്റെ പരിധിയില്‍ ക്രിസ്‌ത്യാനികളും യഹൂദരും മാത്രമേ ഉള്‍പ്പെടുകയുള്ളൂവെന്ന് വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത് വീക്ഷണവ്യത്യാസത്തിന് സാധ്യതയുള്ള വിഷയമാണ്. ഭാരതീയ വേദങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നവരും `വേദക്കാര്‍' എന്ന വാക്കിന്റെ പരിധിയില്‍ വരുമെന്ന് ചില ഇന്ത്യന്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖണ്ഡിതമായ തെളിവൊന്നും അവര്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. വേദം എന്ന പേരിലറിയപ്പെടുന്നതിന്റെ വക്താക്കളെല്ലാം `വേദക്കാരി'ല്‍ ഉള്‍പ്പെടാനുള്ള സാധ്യതയാണ് അവരുടെ വീക്ഷണത്തിന് നിദാനം. എന്നാല്‍ ഇന്ത്യന്‍ വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുകളോ ലോകരക്ഷിതാവ് അവതരിപ്പിച്ച പ്രമാണങ്ങളാണെന്ന് തെളിവുകളുടെ പിന്‍ബലത്തോടെ ആരും വാദിച്ചിട്ടില്ല എന്ന കാര്യം പ്രസ്‌താവ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച കാലത്തെ ക്രൈസ്‌തവരും യഹൂദരും അവകാശപ്പെട്ടിരുന്നത് തങ്ങള്‍ ദൈവിക ഗ്രന്ഥങ്ങളായ ഇന്‍ജീലും തൗറാത്തും പ്രമാണമാക്കുന്നവരാണെന്നാണ്. അവര്‍ വേദഗ്രന്ഥങ്ങളില്‍ ചില മാറ്റത്തിരുത്തലുകള്‍ വരുത്തിയ കാര്യം ഖുര്‍ആനിലും ഹദീസുകളിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തൗറാത്തും ഇന്‍ജീലും അവയുടെ തനതായ രൂപത്തില്‍ ദൈവിക ഗ്രന്ഥങ്ങളാണെന്ന് തന്നെയാണ് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് തെളിയുന്നത്.
``പറയുക: വേദക്കാരേ, തൗറാത്തും ഇന്‍ജീലും നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ നേരാംവണ്ണം നിലനിര്‍ത്തുന്നതുവരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല'' (വി.ഖു 5:68). പൂര്‍വകാലത്ത് അല്ലാഹു അവതരിപ്പിച്ച ഏതെങ്കിലും വേദഗ്രന്ഥത്തെ പിന്തുടരുന്നവരെയാണ് `വേദക്കാര്‍' എന്ന് വിശേഷിപ്പിക്കുന്നതെന്ന് ഈ സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു പ്രമാണ രേഖകള്‍ നല്‍കിയതായി 87:19 സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. എങ്കിലും ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന അറേബ്യയിലെ വിഗ്രഹാരാധകരെ അഹ്‌ലുല്‍ കിതാബ് (വേദക്കാര്‍) എന്നല്ല മുശ്‌രികൂന്‍ (ബഹുദൈവാരാധകര്‍) എന്നാണ് ഖുര്‍ആനിലും ഹദീസുകളിലും വിശേഷിപ്പിച്ചിട്ടുള്ളത്. 98:6 സൂക്തത്തില്‍ വേദക്കാരെയും ബഹുദൈവാരാധകരെയും സംബന്ധിച്ച് വ്യത്യസ്‌ത വിഭാഗങ്ങള്‍ എന്ന നിലയിലാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യം അവകാശപ്പെടുന്നവരായിട്ടും അറേബ്യയിലെ ബഹുദൈവാരാധകരെ വേദക്കാരില്‍ ഉള്‍പ്പെടുത്താതിരുന്നത് അവര്‍ ദൈവിക പ്രമാണത്തെ പിന്തുടരാത്തവരും വിഗ്രഹങ്ങളെ പൂജിക്കുകയും അവയോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരും ആയതുകൊണ്ടായിരിക്കാം. അപ്പോള്‍ ഒരു പ്രവാചകന്റെയോ ദൈവിക ഗ്രന്ഥത്തിന്റെയോ പാരമ്പര്യം പോലും അവകാശപ്പെടാനില്ലാത്തവരെ നാമെങ്ങനെയാണ് അഹ്‌ലുല്‍ കിതാബ് എന്ന് വിശേഷിപ്പിക്കുക?
എല്ലാ ജനസമൂഹങ്ങളിലേക്കും ദൂതന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ടെന്ന് വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാം. എന്നാല്‍ അവര്‍ക്കെല്ലാം വേദം നല്‌കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതിനാല്‍ ഇന്ത്യയില്‍ ആര്‍ക്ക് ഏത് കാലത്ത് അല്ലാഹു വേദം അവതരിപ്പിച്ചുവെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment