മഴയുള്ള സമയത്ത് ജുമുഅയ്‌ക്ക് പോകാതിരിക്കുന്നതില്‍ തെറ്റുണ്ടോ? ഇല്ലെങ്കില്‍ അത് പള്ളിയില്‍ നിന്ന് കുറെ അകലെ താമസിക്കുന്നവര്‍ക്ക് മാത്രമാണോ? വരാന്‍ സാധിക്കുന്നവരെയും കൊണ്ട് ഇമാം ജുമുഅ ഖുത്വ്‌ബയും നമസ്‌കാരവും നടത്തേണ്ടതുണ്ടോ?
കെ മുഹമ്മദ് ജമാല്‍ കൊച്ചി
ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``മഴയുള്ള ഒരു ദിവസം ഇബ്‌നുഅബ്ബാസ് ബാങ്കുവിളിക്കുന്ന ആളോട് പറഞ്ഞു: അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്നു പറഞ്ഞുകഴിഞ്ഞാല്‍ നീ ഹയ്യ അലസ്സലാഹ് (നമസ്‌കാരത്തിന് വരൂ) എന്ന് പറയരുത്. അതിന് പകരം നീ സ്വല്ലൂഫീ ബുയൂതികും (നിങ്ങളുടെ വീടുകളില്‍ നമസ്‌കരിച്ചുകൊള്ളുക) എന്നുപറയണം. അവിടെയുണ്ടായിരുന്നവര്‍ക്ക് ഈ നിര്‍ദേശം ഇഷ്‌ടപ്പെട്ടിട്ടില്ലെന്ന് തോന്നിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നെക്കാള്‍ ശ്രേഷ്‌ഠതയുള്ള വ്യക്തി (നബി) ഇപ്രകാരം ചെയ്‌തിട്ടുണ്ട്. ജുമുഅ ഒരു നിര്‍ബന്ധബാധ്യതയാണ്. (നമസ്‌കാരത്തിന് വരൂ എന്ന് വിളിച്ചാല്‍) ചെളിയിലൂടെ വഴുതിനീങ്ങിക്കൊണ്ട് നടന്നുവരാന്‍ നിങ്ങളെ ഞാന്‍ നിര്‍ബന്ധിതനാക്കുകയാവും ചെയ്യുന്നത്. ഞാന്‍ അത് ഇഷ്‌ടപ്പെടുന്നില്ല.''
മഴയുള്ളപ്പോള്‍ ജമുഅയുടെ കാര്യത്തില്‍ നബി(സ) ഇളവ് നല്‌കിയിട്ടുണ്ടെന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാകുന്നു. `ശക്തിയുള്ള മഴ' എന്ന് ഹദീസില്‍ പ്രത്യേകം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഏത് മഴയത്തും ഇളവുണ്ടെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. കനത്ത മഴയുണ്ടെങ്കിലേ ഇളവുള്ളൂ എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ചെളിയിലൂടെ ആളുകള്‍ക്ക് നടക്കാന്‍ പ്രയാസമുള്ള സാഹചര്യമാണ് ഇളവിന് നിദാനമെന്ന് ഇബ്‌നുഅബ്ബാസി(റ)ന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. പള്ളിയില്‍ നിന്ന് അകലെയുള്ളവര്‍ക്കാണ് പ്രയാസം കൂടുതലുണ്ടാവുകയെങ്കിലും മഴയും ചെളിയും നിമിത്തമുള്ള ഇളവ് അവര്‍ക്ക് മാത്രമേയുള്ളൂ എന്നുപറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കാണുന്നില്ല. പള്ളിയില്‍ എത്തിച്ചേര്‍ന്ന ആളുകളെ അഭിമുഖീകരിച്ചുകൊണ്ട് ഖുത്വ്‌ബ നടത്താന്‍ വേണ്ടി മിന്‍ബറില്‍ കയറിയ സന്ദര്‍ഭത്തിലാണ് മുഅദ്ദിനിനോട് ഹയ്യ അലസ്സ്വലാഹ് എന്നു ബാങ്കില്‍ പറയേണ്ടതില്ലെന്ന് ഇബ്‌നു അബ്ബാസ്(റ) നിര്‍ദേശിച്ചത് എന്നത്രെ ഇതുസംബന്ധിച്ച വ്യത്യസ്‌ത റിപ്പോര്‍ട്ടുകളില്‍ നിന്നും പണ്ഡിതന്മാരുടെ വിശദീകരണങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്. അതിനാല്‍ ജുമുഅ ഉപേക്ഷിക്കുന്നതല്ല, വരാന്‍ പ്രയാസമുള്ളവര്‍ക്ക് ഇളവു അനുവദിക്കുക മാത്രം ചെയ്യുന്നതാണ് നബിചര്യയെന്ന് ഇബ്‌നുഅബ്ബാസ് ഗ്രഹിച്ചിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാവുന്നത്.
0 അഭിപ്രായങ്ങള്‍:
Post a Comment