ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മഹാത്മാക്കളുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍കത്തെടുക്കല്‍

``മഹാത്മാക്കളുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍ക്കത്തെടുക്കാമെന്ന്‌ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തെളിയിക്കുന്നു. യഅ്‌ഖൂബ്‌ നബിക്ക്‌ പ്രയാസം നേരിട്ടപ്പോള്‍ പരിഹാരത്തിന്‌ യൂസുഫ്‌ നബി(അ) തന്റെ വസ്‌ത്രം കൊടുത്തയച്ച സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്‌. അബൂബക്‌റിന്റെ(റ) മകള്‍ അസ്‌മാഇ(റ)ല്‍ നിന്ന്‌ മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ ഒരു കുപ്പായം കാണിച്ചുകൊണ്ട്‌ അസ്‌മാഅ്‌ പറഞ്ഞു: ഇത്‌ ആഇശയുടെ അടുക്കലായിരുന്നു. ഞങ്ങള്‍ അത്‌ കഴുകിയ വെള്ളം രോഗികള്‍ക്ക്‌ ഔഷധമായി നല്‌കാറുണ്ട്‌.'' (മുസ്‌ലിം 16:43). -മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ്‌ദിന്‍ കാമ്പസില്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനവേദിയുടെ പരസ്യം ചെയ്‌തുകൊണ്ട്‌ പ്രസിദ്ധീകരിച്ച നോട്ടീസില്‍ നിന്ന്‌.

ഇത്‌ മഹാത്മാക്കളുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍ക്കത്തെടുക്കാം എന്നതിനുള്ള തെളിവല്ലേ?
കെ ഉണ്ണിമോയീന്‍കുട്ടി നിലമ്പൂര്‍

പ്രവാചകന്മാര്‍ ഉപയോഗിച്ച വസ്‌തുക്കള്‍ മുഖേന അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കാം എന്നതിന്‌ ഖുര്‍ആനിലും ഹദീസിലും തെളിവുണ്ട്‌. എന്നാല്‍ പ്രവാചകന്മാരല്ലാത്ത മഹാത്മാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍ക്കത്തെടുക്കുന്നതിന്‌ അടിസ്ഥാന പ്രമാണങ്ങളില്‍ അനിഷേധ്യമായ തെളിവൊന്നുമില്ല. നബി(സ)യുടെ വസ്‌ത്രമോ മുടിയോ അദ്ദേഹം വുദ്വൂ ചെയ്‌തതിന്റെ ബാക്കി വെള്ളമോ മുഖേന അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചേക്കാം എന്ന്‌ പ്രത്യാശിച്ച സ്വഹാബികള്‍ അവരുടെ കൂട്ടത്തില്‍ തന്നെയുള്ള മ ഹാത്മാക്കളുടെ വസ്‌ത്രമോ മുടി യോ മറ്റോ കൊണ്ട്‌ ബര്‍ക്കത്തെടുത്തതായി വിശ്വസ്‌തര്‍ മുഖേന റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

അല്ലാഹു തെരഞ്ഞെടുത്തു നിയോഗിച്ച പാപമുക്തരായ പ്രവാചകന്മാര്‍ക്ക്‌ ബാധകമായ കാര്യങ്ങളൊക്കെ മറ്റു മഹാന്മാര്‍ക്ക്‌ ബാധകമാക്കുന്നതിന്‌ ഒട്ടും ന്യായമില്ല. അസ്‌മാഇന്റെ(റ) സഹോദരിയാണല്ലോ പ്രവാചകപത്‌നി ആ ഇശ(റ). അവരുടെ പിതാവും ഒന്നാം ഖലീഫയുമാണല്ലോ അ ബൂബക്കര്‍ സിദ്ദീഖ്‌(റ). സഹോദരിയും പിതാവും മഹാത്മാക്കളുടെ കൂട്ടത്തില്‍ പെട്ടവരാണെങ്കിലും അവര്‍ ഉപയോഗിച്ച വസ്‌ തുക്കള്‍ കൊണ്ട്‌ അസ്‌മാഅ്‌(റ) ബര്‍ക്കത്തെടുത്തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. മറ്റു സ്വഹാബികളും അങ്ങനെ ബര്‍ക്കെത്തെടുത്തതിന്‌ തെളിവില്ല. പ്രവാചകന്മാര്‍ക്ക്‌ ബാധകമായതൊക്കെ ഇവിടത്തെ മഹാത്മാ വേഷക്കാര്‍ക്കും ബാധകമാക്കാന്‍ ശ്രമിക്കുന്നവര്‍ ബോധപൂര്‍വം ബഹുജനങ്ങളെ കബളിപ്പിക്കുകയാണ്‌.

ബര്‍ക്കത്തിന്റെ കാര്യം പറയുമ്പോള്‍ അത്‌ അല്ലാഹുവില്‍ നിന്ന്‌ നല്‌കപ്പെടുന്നതാണെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. `അല്ലാഹുമ്മ ബാരിക്‌ അലാ മുഹമ്മദ്‌' (അല്ലാഹുവേ, മുഹമ്മദി(സ)ന്റെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്ന്‌ പ്രാര്‍ഥിക്കാനാണല്ലോ ന ബി(സ) പഠിപ്പിച്ചത്‌. അതിനാല്‍ ന ബി (സ)യുമായി ബന്ധപ്പെട്ട കാ ര്യങ്ങളിലൂടെ അദ്ദേഹത്തിന്റെ അ നുഗ്രഹമല്ല അല്ലാഹുവിന്റെ അനുഗ്രഹമാണ്‌ പ്രതീക്ഷിക്കാവുന്നത്‌. കാര്യങ്ങള്‍ കണിശമായി ജനങ്ങ ളെ പഠിപ്പിക്കുകയാണ്‌ നല്ല പണ്ഡിതന്മാര്‍ ചെയ്യേണ്ടത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers