ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ജനിതകവായനയും മരണ സമയവും

മുസ്‌ലിമേതര സമൂഹങ്ങളില്‍ നിലവിലുള്ള ആചാരമാണ്‌ വധൂവരന്മാരുടെ ജാതകം നോക്കുക എന്നുള്ളത്‌. ഇതിലൂടെ ഇവരുടെ ഭാവി എങ്ങനെയായിരിക്കുമെന്നുള്ള കണക്ക്‌ കൂട്ടലാണ്‌ ഇവര്‍ ചെയ്യുന്നത്‌. ഇതിന്‌ സമാനമായ ചില അനാചാരങ്ങള്‍ മുസ്‌ലിം സമൂഹത്തിലും കാണുന്നുണ്ട്‌. എന്നാല്‍ ആധുനിക ശാസ്‌ത്രത്തിന്റെ വികാസത്തില്‍ ഓരോ വ്യക്തിയുടെയും ജീന്‍ പരിശോധിച്ച്‌ അവന്റെ മുന്‍തലമുറകളിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയുന്നതോടൊപ്പം അവന്റെ ഭാവിയും അറിയാന്‍ സാധിക്കും എന്ന നിഗമനത്തിലാണ്‌ ശാസ്‌ത്രം. പാരമ്പര്യമായി ഒരാള്‍ക്ക്‌ എന്തെല്ലാം കിട്ടിയിട്ടുണ്ട്‌, ഭാവിയില്‍ അയാള്‍ക്ക്‌ ഏത്‌ തരം രോഗങ്ങള്‍ പിടിപെടും, എത്ര വയസ്സ്‌ വരെ ജീവിക്കും തുടങ്ങിയ കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്ന്‌ അവര്‍ വാദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ വിവാഹത്തിന്‌ മുമ്പ്‌ ജനിതക പരിശോധന നടത്തി കാര്യങ്ങള്‍ നിശ്ചയിക്കുന്ന രീതി നടപ്പിലുണ്ട്‌. ഇത്തരത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതും വിശ്വസിക്കുന്നതും അദൃശ്യ (ഗൈബ്‌) വിശ്വാസത്തിലുള്ള ഒരു മനുഷ്യന്റെ ഈമാനിനെ ബാധിക്കുമോ? ജനിതക വായനയോട്‌ മുസ്‌ലിംകളുടെ നിലപാട്‌ എന്തായിരിക്കണം?

കെ എസ്‌ മുട്ടില്‍ -വയനാട്‌

ഒരാളുടെ ശരീരത്തിലെ കോടിക്കണക്കിന്‌ ജീനുകളില്‍ രാസഭാഷയില്‍ എഴുതപ്പെട്ട വിവരശേഖരം മുഴുവന്‍ ലളിതമായ ഒരു പരിശോധന കൊണ്ട്‌ കണ്ടെത്താന്‍ കഴിയുമെന്ന്‌ ആരും ഇതിനകം തെളിയിച്ചിട്ടില്ല. ചുരുക്കം ചില രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത ജനിതക പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ കാന്‍സര്‍ ബാധിച്ചവരില്‍ തന്നെ ചിലര്‍ക്ക്‌ പൂര്‍ണശമനം കൈവരുകയും ചിലര്‍ പെട്ടെന്ന്‌ മരിക്കുകയും ശമനാതീത ഘട്ടത്തിലെത്തിയ കാന്‍സറുമായി ചിലര്‍ അനേക വര്‍ഷക്കാലം ജീവിക്കുകയും ചെയ്യുന്നുണ്ട്‌. ജീനില്‍ കാന്‍സര്‍ സാധ്യത തെളിയുന്നവരുടെ കാര്യത്തിലും ഈ വ്യത്യാസമൊക്കെ സംഭവിക്കാം. ജനിതക ഘടനപ്രകാരം അരോഗദൃഢഗാത്രനാകാന്‍ സാധ്യതയുള്ള ആള്‍ ഭൂകമ്പത്തിലോ സുനാമിയിലോ വാഹനാപകടത്തിലോ മരിച്ചെന്നുവരാം. ഇത്തരം കാര്യങ്ങളൊക്കെ `ജനിതകവായന'യിലൂടെ വ്യക്തമാകുമെന്ന്‌ ഏതെങ്കിലും ശാസ്‌ത്രജ്ഞന്‍ തെളിയിച്ചതായി `മുസ്‌ലിമി'ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ജനിതക ഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അഭൗതിക ജ്ഞാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. അവ സൂക്ഷ്‌മമായ ഭൗതിക യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്‌. അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാലാവസ്ഥാമാറ്റങ്ങളെപ്പറ്റിയോ അടുത്ത സീസണിലെ വിളയെപ്പറ്റിയോ പല ഘടകങ്ങള്‍ പരിഗണിച്ച്‌ നടത്തുന്ന പ്രവചനങ്ങള്‍ പോലെത്തന്നെ ജനിതക പ്രവചനങ്ങളും അല്ലാഹുവിന്റെ മാത്രം അധീനത്തിലുള്ള അഭൗതിക ജ്ഞാനം വെളിപ്പെടുത്തുന്നതല്ല. അല്ലാഹു നല്‌കിയ അഭൗതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്മാര്‍ നടത്തിയ പ്രവചനങ്ങളും കാലാവസ്ഥാ പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമാണ്‌. ജനിതക ശാസ്‌ത്ര പ്രവചനങ്ങളും ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers