ചില മുസ്‌ലിം പ്രബോധകന്മാരുടെ പുസ്‌തകങ്ങളില്‍ യേശുക്രിസ്‌തു, കന്യാമര്‍യം എന്നിവരെക്കുറിച്ച് മോശപ്പെട്ട പരാമര്‍ശമുണ്ടെന്നും ഈ പരാമര്‍ശമാണ് മുഹമ്മദ് നബിയെക്കുറിച്ച് ചില അധിക്ഷേപങ്ങള്‍ വരാന്‍ കാരണമെന്നും ക്രിസ്‌തീയ സുഹൃത്തുക്കളുടെ പക്ഷത്തു നിന്ന് ഒരു പരാതി ചില പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഈസാനബി(അ), മര്‍യം ബീവി എന്നിവരെക്കുറിച്ച് ഖുര്‍ആനില്‍ നല്ലതല്ലാത്ത പരാമര്‍ശങ്ങളുണ്ടോ?
ഇ കെ ശൗക്കത്തലി ഓമശ്ശേരി
അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്‌ഠരായ പ്രവാചകന്മാരിലൊരാളാണ് ഈസാ അല്‍മസീഹ്(അ) അഥവാ യേശുക്രിസ്‌തു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ സിദ്ധിച്ച മഹതിയാണ് അദ്ദേഹത്തിന്റെ മാതാവ് മര്‍യം(റ). ഇവര്‍ ഇരുവരുടെയും മഹത്വം വ്യക്തമാക്കുന്ന അനേകം പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. മര്‍യമി(റ)നോട് അല്ലാഹുവിന്റെ മലക്കുകള്‍ അവന്റെ നിര്‍ദേശപ്രകാരം പറഞ്ഞ വാക്കുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം: ``മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം: മര്‍യമേ അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‌കുകയും, ലോകത്തുള്ള സ്‌ത്രീകളില്‍ ഉല്‍കൃഷ്‌ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്‌തിരിക്കുന്നു'' (വി.ഖു 3:42). അല്ലാഹു ഇത്രയും മഹത്വം നല്‌കിയ ആ മഹതിയെ സംബന്ധിച്ച് മോശമായ യാതൊരു സംസാരവും യഥാര്‍ഥ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. ഇസ്‌ലാമിക പ്രബോധകരാകട്ടെ അല്ലാഹു ആദരിച്ചവരെ സംബന്ധിച്ച് നല്ലത് മാത്രം പറയാന്‍ പ്രത്യേകം ബാധ്യതയുള്ളവരാകുന്നു.
വിശുദ്ധ ഖുര്‍ആനിലെ 19-ാം അധ്യായത്തിന്റെ പേര്‍ `മര്‍യം' എന്നാണ്. ആ മഹതിയുടെ അസാധാരണ ഗര്‍ഭധാരണത്തെയും ഈസാനബി(അ)യുടെ ജനനത്തെയും സംബന്ധിച്ച് ഈ അധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. പുരുഷസ്‌പര്‍ശം കൂടാതെ അല്ലാഹുവിന്റെ തീരുമാനപ്രകാരം മര്‍യം(റ) ഗര്‍ഭം ധരിച്ച് പ്രസവിച്ച കാര്യം അംഗീകരിക്കാന്‍ വിസമ്മതിച്ചവരോട് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞായിരിക്കെ ഈസാ(അ) സംസാരിച്ച കാര്യവും ഈ സൂക്തത്തില്‍ വിവരിച്ചിട്ടുണ്ട്.
ഇസ്‌റാഈല്യരിലേക്ക് അദ്ദേഹത്തെ ദൈവദൂതനായി നിയോഗിക്കുകയും അദ്ദേഹം മുഖേന അനേകം അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തുകയും ചെയ്‌ത കാര്യം ഖുര്‍ആനിലെ 3:49 സൂക്തത്തില്‍ വിവരിച്ചിട്ടുണ്ട്. 3:45 സൂക്തത്തില്‍ അദ്ദേഹത്ത വിശേഷിപ്പിച്ചിട്ടുള്ളത് `ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനും എന്നാണ്. ഇങ്ങനെ അല്ലാഹു ഏറെ മഹത്വം നല്‌കിയ പ്രവാചക ശ്രേഷ്‌ഠന്‍ ഈസാ(യേശു)യെ സംബന്ധിച്ച് ആക്ഷേപകരമായി സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു കാലാകാലങ്ങളില്‍ വിവിധ ജനവിഭാഗങ്ങളിലേക്ക് നിയോഗിച്ച മുഴുവന്‍ പ്രവാചകന്മാരെയും ദൈവദൂതന്മാരെയും ആദരിക്കാന്‍ കടപ്പെട്ടവരാണ് മുസ്‌ലിംകള്‍.
എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇസ്‌ലാമില്‍ ആദരവും ആരാധനയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആരാധനയ്‌ക്ക് അര്‍ഹന്‍ ലോകരക്ഷിതാവായ അല്ലാഹു മാത്രമാണ്. ആദം(അ) മുതല്‍ മുഹമ്മദ്(സ) വരെയുള്ള പ്രവാചകന്മാരെയോ മലക്കുകളെയോ പുണ്യവാന്മാരെയോ ആരാധിക്കാന്‍ പാടില്ല. അവരോട് പ്രാര്‍ഥിക്കാനും പാടില്ല. ``എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം'' എന്ന് തന്നെയാണ് ഈസാനബി(അ) ഞങ്ങളോട് ആഹ്വാനം ചെയ്‌തതെന്ന് വിശുദ്ധ ഖുര്‍ആനിലെ 5:117 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. യേശുക്രിസ്‌തുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ക്രിസ്‌ത്യാനികളില്‍ ചിലര്‍ അദ്ദേഹത്തെയും മാതാവിനെയും ദൈവങ്ങളാക്കിയതെന്നാണ് 5:116 സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. യേശുക്രിസ്‌തുവിനെ ദൈവമാക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത് അദ്ദേഹത്തോട് ബഹുമാനക്കുറവുള്ളതുകൊണ്ടല്ല; പ്രപഞ്ചനാഥനായ അല്ലാഹുവിന് മാത്രമേ ദിവ്യത്വം കല്‌പിക്കാന്‍ പാടുള്ളൂ എന്ന സത്യത്തിന് അത് വിരുദ്ധമായതുകൊണ്ടാണ്.
വിശുദ്ധ ഖുര്‍ആനില്‍ യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും സംഭവിച്ച ആദര്‍ശവ്യതിയാനത്തെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇസ്‌റാഈലീ സമൂഹത്തിലെ പ്രവാചകന്മാരെ സംബന്ധിച്ച് അവരുടെ മഹത്വം തികച്ചും വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണുള്ളത്. മുഹമ്മദ് നബി(സ)യെയും അനുചരന്മാരെയും ഉന്മൂലനം ചെയ്യാന്‍ യഹൂദര്‍ ഉപജാപം നടത്തിയ കാലഘട്ടത്തില്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പോലും യഹൂദര്‍ക്കിടയിലെ മൂസാ(മോശ), ദാവൂദ് (ഡേവിഡ്), സുലൈമാന്‍ (സോളമന്‍) മുതലായ പ്രവാചകന്മാരെ സംബന്ധിച്ച് മോശമായ യാതൊരു പരാമര്‍ശവും കാണാന്‍ കഴിയില്ല. ഏകദൈവത്വത്തില്‍ മായം ചേര്‍ത്തുകൊണ്ട് ക്രൈസ്‌തവര്‍ ത്രിയേകത്വ ദൈവസങ്കല്‌പം ചമച്ചുണ്ടാക്കിയതിനെ ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും ക്രൈസ്‌തവ മതനേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ഒരു വാക്കു പോലും ഖുര്‍ആനിലില്ല. മാത്രമല്ല, ക്രൈസ്‌തവരുടെ ചില സല്‍ഗുണങ്ങളെപ്പറ്റി ഖുര്‍ആനില്‍ (5:82, 57:27) പ്രതിപാദിച്ചിട്ടുമുണ്ട്.
വിശുദ്ധ ഖുര്‍ആനിന്റെ മൗലികതയത്രെ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. എന്നാല്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും നീതിക്ക് നിരക്കാത്ത ശത്രുത പുലര്‍ത്തുകയാണ് ചില ക്രൈസ്‌തവ വിഭാഗങ്ങള്‍ ചെയ്യുന്നത്.
0 അഭിപ്രായങ്ങള്‍:
Post a Comment