ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ലോട്ടറി സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നോ?

വന്‍ വിജയമായി നടന്നുവരുന്ന ലോട്ടറി ബിസിനസ്സിനെതിരില്‍ ഇസ്‌ലാമിക മതവേദികളിലും മതലേഖനങ്ങളിലും ശബ്‌ദമുയരാറുണ്ട്‌. അത്‌ സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന്‌ വിമര്‍ശനമുന്നയിക്കുന്നു. എന്നാല്‍ ഇത്തരം സംരംഭങ്ങള്‍ എങ്ങനെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന്‌ ആരും വിശദീകരിച്ചുകണ്ടിട്ടില്ല.

തുച്ഛമായ പത്തോ ഇരുപതോ രൂപ മാത്രമാണ്‌ സാധാരണ ലോട്ടറി ടിക്കറ്റിന്റെ വില. നിരവധി ആളുകള്‍ നല്‌കുന്ന ഈ `സംഭാവന' കുറച്ചുപേര്‍ക്ക്‌ വലിയ തുകയായി കിട്ടുന്നു. ഇതൊരു വലിയ കാര്യമല്ലേ? വസ്‌ത്രം, ഭക്ഷണം, ചികിത്സ, നിത്യോപയോഗ ചെലവുകള്‍ തുടങ്ങിയ രംഗങ്ങളില്‍ അത്യാവശ്യത്തിന്‌ പുറമെ നാം ചെലവഴിക്കുന്ന സംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമേ ഇതു വരികയുള്ളൂ. മാത്രമല്ല, അവസാന അക്കങ്ങള്‍ യോജിച്ചുവരുമ്പോള്‍ ലഭിക്കുന്ന 10,50,100,500,1000 രൂപ വിലയുള്ള ചെറിയ സമ്മാനങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ ലഭിക്കുന്നു. സമ്മാനങ്ങള്‍ ലഭിക്കാത്തവര്‍ക്ക്‌ വെറുമൊരു പ്രാതല്‍ ഭക്ഷണത്തിന്റെ വിലയേ നഷ്‌ടപ്പെടുന്നുള്ളൂ. ഇതെങ്ങനെ സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കും?

ലോട്ടറിയിലൂടെ സര്‍ക്കാറിന്‌ വന്‍ തുക ലഭിക്കുന്നുണ്ട്‌. ഈ സംഖ്യ അത്രയും പൊതുജന നന്മക്കാണ്‌ വിനിയോഗിക്കുന്നത്‌. കൂടാതെ വൈകല്യം സംഭവിച്ചവരുള്‍പ്പെടെ നിരവധി പേര്‍ക്ക്‌ ലോട്ടറി വ്യവസായം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നുമുണ്ട്‌. ഇതൊന്നും വക വെക്കാതെ ലോട്ടറിക്കെതിരെ ശബ്‌ദിക്കുന്നത്‌ ശരിയാണോ?
ടി കെ ഹരിദാസന്‍ - ഗൂഢല്ലൂര്‍

കുറെ ആളുകള്‍ക്ക്‌ പത്തോ ഇരുപതോ രൂപ വീതം നഷ്‌ടപ്പെടുകയും അതെല്ലാം കൂടി ഒരാളുടെ കൈയില്‍ എത്തിച്ചേരുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത്‌ സാമ്പത്തിക സന്തുലിതത്വമല്ല എന്ന കാര്യം സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഗ്രഹിക്കാനാവുന്നതാണ്‌. തിന്മകള്‍ സമൂഹത്തില്‍ വ്യാപകമാകുന്നുകൊണ്ടോ അവയ്‌ക്ക്‌ ഭരണകൂടത്തിന്റെ പിന്തുണയുള്ളതുകൊണ്ടോ അവയെ ശരിവെക്കാന്‍ ധാര്‍മിക ബോധമുള്ള മതവിശ്വാസികള്‍ക്ക്‌ കഴിയില്ല.

ലോട്ടറി ടിക്കറ്റെടുക്കുന്നവരോ ചൂതാട്ടത്തിന്‌ പോകുന്നവരോ സാമൂഹ്യസേവനത്തിനു വേണ്ടി അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ത്യജിക്കുകയല്ല ചെയ്യുന്നത്‌. അന്യരുടെ പണം അധാര്‍മികമായി കൈവശപ്പെടുത്താന്‍ വേണ്ടി ചൂണ്ടയിടുന്ന സ്വാര്‍ഥികളാണവര്‍. അന്യായമായ എല്ലാ സമ്പാദ്യവും ഇസ്‌ലാം നിഷിദ്ധമായി വിധിച്ചിട്ടുള്ളത്‌ മനുഷ്യരെ സ്വാര്‍ഥത്തില്‍ നിന്നും മറ്റു കളങ്കങ്ങളില്‍ നിന്നും മുക്തരാക്കാന്‍ വേണ്ടിയാകുന്നു.

കള്ളും ചാരായവും വിറ്റു കിട്ടുന്ന ലാഭം ഭരണകൂടം ജനസേവനത്തിനു വേണ്ടി വിനിയോഗിക്കുന്നു എന്നതുകൊണ്ട്‌ മദ്യപാനവും മദ്യവ്യാപാരവും മഹത്തായ സാമൂഹ്യ സേവനമാണെന്ന്‌ പറയാന്‍ മതവിശ്വാസികള്‍ക്ക്‌ പറ്റില്ല. കള്ളും ചാരായവും കൊണ്ട്‌ ആയിരക്കണക്കിലാളുകള്‍ക്ക്‌ ഉപജീവനമാര്‍ഗം ലഭിക്കുന്നു എന്നത്‌ ശരിയാണെങ്കിലും ദശലക്ഷങ്ങള്‍ കുടിച്ചു ജീവിതം തുലയ്‌ക്കുന്ന വിഷയമാണ്‌ ഗൗരവപൂര്‍വം പരിഗണിക്കേണ്ടത്‌. ലോട്ടറികൊണ്ട്‌ കുറേ പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന കാര്യം മദ്യവുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതയേക്കാള്‍ മഹത്തരമൊന്നുമല്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers