``മരിച്ചവര്‍ കേള്‍ക്കും, കേള്‍ക്കുകയില്ല എന്ന വിഷയത്തില്‍ കുരുങ്ങി നില്‌ക്കുന്നതാണോ ഇസ്‌ലാമിലെ തൗഹീദും ശിര്‍ക്കും? പ്രവാചകന്മാര്‍ പ്രബോധനം ചെയ്‌ത സമൂഹത്തില്‍ ഇത്തരം ഒരു ചര്‍ച്ച ഉണ്ടായിരുന്നോ? മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന വാദമാണ് ശരിെയങ്കില്‍ കേള്‍ക്കാത്ത ഒരാളോട് സംസാരിച്ചു എന്ന ഒരു ചെറിയ തെറ്റാണല്ലോ അതിനെ അനുകൂലിക്കുന്നവര്‍ ചെയ്യുന്നത്. കേള്‍ക്കും എന്ന വാദമാണ് ശരിയെങ്കില്‍ സാധാരണ പോലെയുള്ള ഒരു സംസാരം എന്നതിലപ്പറം അതിനെ കാണേണ്ടതും ഇല്ല.'' സുന്നി-മുജാഹിദ്, തൗഹീദ് സംവാദത്തെ ചെറുതാക്കി കാണിക്കാന്‍ ഒരു സുഹൃത്ത് പറഞ്ഞ കാര്യമാണിത്. `മുസ്‌ലിമി'ന്റെ പ്രതികരണമെന്താണ്?
ഇ കെ എസ്, കോഴിക്കോട്
അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിക്കാന്‍ പാടില്ല എന്നതാണ് തൗഹീദിന്റെ വിഷയത്തില്‍ നിര്‍ണായകം. വിശുദ്ധ ഖുര്‍ആനിലെ അനേകം വചനങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ള വിഷയമാണിത്. ``പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല''(വി.ഖു 72:20). ``അല്ലാഹുവിന് പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം നിങ്ങളുടെ പ്രാര്‍ഥന അവര്‍ കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‌കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളിലാകട്ടെ, നിങ്ങളുടെ ശിര്‍ക്കിനെ (പ്രാര്‍ഥനയില്‍ അവരെ പങ്കാളികളാക്കിയതിനെ) അവര്‍ നിഷേധിക്കുന്നതുമാണ്.
സൂക്ഷ്‌മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.'' (വി.ഖു 35:13,14)
അല്ലാഹുവല്ലാതെ ആരോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണെന്ന് (ഇതരരെ അവന് പങ്കാളികളാക്കുക എന്ന ഗുരുതരമായ കുറ്റമാണെന്ന്) ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നു. കേള്‍ക്കാന്‍ കഴിവുള്ളവരോട് പ്രാര്‍ഥിക്കുന്നതും കേള്‍ക്കാത്തവരോട് പ്രാര്‍ഥിക്കുന്നതും ഒരുപോലെ ശിര്‍ക്കാണെന്നത്രെ 35:14 സൂക്തത്തില്‍ നിന്ന് തെളിയുന്നത്. അല്ലാഹുവെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും അവന് മാത്രം അവകാശപ്പെട്ട കാര്യങ്ങളില്‍ മറ്റാരെയും അവന് പങ്കാളികളാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഖുര്‍ആനിലും നബിവചനങ്ങളിലും വ്യക്തമാക്കപ്പെട്ട തൗഹീദ്. മുഹമ്മദ് നബി(സ)യോ മുന്‍ പ്രവാചകന്മാരോ അവരുടെ ഉത്തമ ശിഷ്യന്മാരോ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവിന് പുറമെ, ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ കേള്‍വിയുള്ളവരോ ഇല്ലാത്തവരോ ആയ ആരോടും ഒരിക്കലും പ്രാര്‍ഥിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആനും പ്രാമാണികമായ ഹദീസുകളും പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ശവകുടീര വ്യവസായം മുഖേന ജനങ്ങളെ പിഴപ്പിക്കുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്ന ആളുകള്‍ തൗഹീദ് അട്ടിമറിക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തുന്ന തട്ടിപ്പാണ് മരിച്ചവര്‍ കേള്‍ക്കുമോ ഇല്ലേ എന്ന തര്‍ക്കം.
വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ആരെയും മയ്യിത്തായി കണക്കാക്കി മുസ്‌ലിംകള്‍ മറവ് ചെയ്യില്ല എന്ന കാര്യം സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുസ്‌ലിയാക്കന്മാര്‍ക്ക് മാത്രം ഇത് മനസ്സിലാകാത്തത് അവര്‍ക്ക് എന്തോ ആശയക്കുഴപ്പം ബാധിച്ചതുകൊണ്ടായിരിക്കാം. വിശുദ്ധ ഖുര്‍ആനില്‍ ഈ വിഷയം പരാമര്‍ശിക്കുന്നത് ഇപ്രകാരമാകുന്നു: ``ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പ്പിക്കാനാവില്ല''(35:22). മരിച്ച മനുഷ്യരെ വിളിയോ പ്രാര്‍ഥനയോ കേള്‍പ്പിക്കാന്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് കഴിയില്ല എന്ന കാര്യം ഈ സൂക്തത്തില്‍ നിന്ന് സംശയാതീതമായി തെളിയുന്നു. അല്ലാഹുവിന് അവന്‍ ഉദ്ദേശിക്കുന്ന ആരെയും കേള്‍പ്പിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ നമുക്ക് സൃഷ്‌ടികളോട് പ്രാര്‍ഥിക്കാന്‍ അതൊരു ന്യായമല്ല.
1 അഭിപ്രായങ്ങള്‍:
Post a Comment