ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഫണ്ടമെന്റലിസത്തിന്റെ വക്താക്കള്‍ മുജാഹിദുകളോ?


"മങ്കോളുകാരുടെ ആക്രമണത്തിനു ശേഷം ഇബ്‌നു തൈമിയ്യ എന്നയാളാണ്‌ മതപരിഷ്‌കരണം കൊണ്ടുവന്നത്‌. ഞങ്ങള്‍ക്ക്‌ ഖുര്‍ആന്‍ മാത്രം മതി എന്ന ആശയം. വഹാബ്‌ ഈ ആശയത്തിന്റെ പിന്തുടര്‍ച്ചയാണ്‌. വഹാബ്‌ അതിനൊരു പ്രായോഗിക രൂപം നല്‌കി. മദീനയില്‍ പോയിട്ട്‌ പ്രവാചകന്റെ പൈതൃകം പോലും നശിപ്പിച്ച വിഭാഗമാണ്‌ വഹാബികള്‍. വലിയ കഷ്‌ടമാണ്‌. ക്രിസ്‌ത്യാനികളിലെ പ്രൊട്ടസ്റ്റന്റ്‌ ഗ്രൂപ്പ്‌ പോലെയാണ്‌ ഞങ്ങള്‍ എന്നാണ്‌ വഹാബികള്‍ ബ്രിട്ടീഷുകാരോട്‌ പറഞ്ഞത്‌. പ്രൊട്ടസ്‌റ്റന്റുകാര്‍ മതമൗലികവാദികളല്ല. വഹാബികള്‍ നൂറ്‌ ശതമാനവും ഫണ്ടമിന്റലിസ്റ്റുകളാണ്‌. സുഊദി കുടുംബവും വഹ്‌ഹാബികളുമായുള്ള ധാരണ പ്രകാരമാണ്‌ പിന്നീടത്‌ ആഗോള തലത്തില്‍ വളര്‍ന്നത്‌. എന്നാല്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകരായ വക്കം മൗലവി തുടങ്ങിയവരെയൊക്കെ സ്വാധീനിച്ചത്‌ അഫ്‌ഗാനി തുടങ്ങിയ കൂറേക്കൂടി വിശാലമായ ചിന്തകരാണ്‌. ഒരു അടഞ്ഞ സമൂഹമാണ്‌ മുജാഹിദുകള്‍. ഈയിടെ ഒരു മുജാഹിദ്‌ പണ്ഡിതന്‍ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടു: ഗാന്ധിജി ഒരു നല്ല മനുഷ്യനാണ്‌. പക്ഷേ, അദ്ദേഹം സ്വര്‍ഗത്തില്‍ പോവില്ല. കാരണം അദ്ദേഹത്തിന്‌ തൗഹീദില്ല! ഗാന്ധിജിക്ക്‌ പോലും സ്വര്‍ഗം നിഷേധിക്കപ്പെടുന്നത്രയും ഫണ്ടമെന്റലിസം കേരളത്തിലെ മുജാഹിദുകളിലുണ്ട്‌. ഫണ്ടമെന്റലിസത്തിന്റെ വേര്‌ മുജാഹിദുകളിലാണ്‌. ആഗോളതലത്തില്‍ പൊതുവെ അറിയപ്പെടുന്ന മുസ്‌ലിം ഫണ്ടമെന്റലിസ്റ്റുകള്‍ മുജാഹിദുകളാണ്‌.''
മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ എം ഗംഗാധരനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌. ഈ പരാമര്‍ശത്തെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു?

കെ ഇ ശാഹുല്‍ ഹമീദ്‌, പെരുമണ്ണ

അന്ധന്മാര്‍ ആനയെ കണ്ടപോലെയാണ്‌ ഇവിടത്തെ പല ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഇസ്‌ലാമിനെയും അതിന്റെ പൈതൃകങ്ങളെയും പ്രമാണങ്ങളെയും സംബന്ധിച്ച്‌ മനസ്സിലാക്കിയിട്ടുള്ളത്‌ എന്നത്രെ ശ്രീ ഗംഗാധരന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയത്‌. പ്രമുഖ പണ്ഡിതനായ ഇബ്‌നു തൈമിയ്യ മതത്തില്‍ പരിഷ്‌കരണം കൊണ്ടുവന്ന ആളല്ല. മനുഷ്യര്‍ക്കാര്‍ക്കും ദൈവിക മതത്തില്‍ സ്വന്തമായി പരിഷ്‌കരണമോ ഭേദഗതിയോ കൊണ്ടുവരാന്‍ അവകാശമില്ലെന്ന്‌ ശക്തിയുക്തം സമര്‍ഥിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. മുസ്‌ലിംകള്‍ക്ക്‌ ഖുര്‍ആന്‍ മാത്രം മതി എന്ന്‌ തന്റെ യാതൊരു ഗ്രന്ഥത്തിലും അദ്ദേഹം എഴുതിയിട്ടില്ല. ഖുര്‍ആന്‍, പ്രവാചകചര്യ, ഇജ്‌മാഅ്‌ (മുസ്‌ലിം സമൂഹത്തിന്റെ ഏകോപിത നിലപാട്‌) എന്നിവയ്‌ക്കുള്ള പ്രാമാണികത അദ്ദേഹം സംശയത്തിന്നിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌.

വഹാബ്‌ എന്നൊരാള്‍ ഇസ്‌ലാമില്‍ പരിഷ്‌കരണമോ ഭേദഗതിയോ കൊണ്ടുവന്നിട്ടില്ല എന്ന അനിഷേധ്യ യാഥാര്‍ഥ്യം പോലും സര്‍വജ്ഞഭാവം നടിക്കുന്ന ഈ ലേഖകന്‌ അറിയാത്തത്‌ കഷ്‌ടമാകുന്നു. വഹ്‌ഹാബ്‌ എന്ന പദം പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഒരു ഗുണനാമമാണ്‌. അത്യധികം ദാനംചെയ്യുന്നവന്‍ എന്നാണ്‌ ആ പദത്തിന്റെ അര്‍ഥം. `വഹ്‌ഹാബായ അല്ലാഹുവിന്റെ ദാസന്‍' എന്ന അര്‍ഥത്തില്‍ അബ്‌ദുല്‍ വഹ്‌ഹാബ്‌ എന്ന്‌ മുസ്‌ലിംകള്‍ മക്കള്‍ക്ക്‌ പേരിടാറുണ്ട്‌. ഈ പേരുള്ള ധാരാളം പേര്‍ എക്കാലത്തും മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്‌. നജ്‌ദ്‌ എന്ന അറേബ്യന്‍ പ്രവിശ്യയില്‍ ജീവിച്ചിരുന്ന ഒരു അബ്‌ദുല്‍ വഹ്‌ഹാബിന്റെ മുഹമ്മദ്‌ എന്നു പേരുള്ള മകന്‍ (അദ്ദേഹം ഒരു പ്രമുഖ പണ്ഡിതനായിരുന്നു) മുസ്‌ലിം സമൂഹത്തില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ നിരന്തരമായ ബോധവല്‌കരണം നടത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ സാധാരണക്കാര്‍ക്ക്‌ പുറമെ സുഊദ്‌ രാജകുടുംബാംഗങ്ങളും ആകൃഷ്‌ടരായി. അതോടൊപ്പം അദ്ദേഹത്തിന്‌ കുറെ എതിരാളികളും ഉണ്ടായി. അവരാണ്‌ മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബിന്റെ അനുയായികളെ വഹാബി എന്ന വിളിപ്പേരിട്ട്‌ വിമര്‍ശിച്ചത്‌. അവര്‍ക്ക്‌ നീതിബോധമുണ്ടെങ്കില്‍ മുഹമ്മദിനെ അനുകൂലിച്ചവരെ മുഹമ്മദികള്‍ എന്നാണ്‌ വിളിക്കേണ്ടിയിരുന്നത്‌. അദ്ദേഹത്തിന്റെ പിതാവ്‌ അബ്‌ദുല്‍ വഹ്‌ഹാബ്‌ പരമ്പരാഗത യാഥാസ്ഥിതിക സമൂഹത്തിലെ അംഗമായിരുന്നു എന്ന യാഥാര്‍ഥ്യം അവഗണിച്ചുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ പേരില്‍ നിന്ന്‌ ഒരു ഭാഗം അടര്‍ത്തിയെടുത്തുകൊണ്ട്‌ മുഹമ്മദിന്റെ വിമര്‍ശകര്‍ വഹ്‌ഹാബി എന്ന വിളിപ്പേരുണ്ടാക്കിയത്‌.

വഹ്‌ഹാബികള്‍ എന്ന്‌ മുദ്രയടിക്കപ്പെട്ട യഥാര്‍ഥ ഏകദൈവവിശ്വാസികള്‍ മദീനയിലെ ഇസ്‌ലാമിന്റെ യാതൊരു പൈതൃകവും നശിപ്പിച്ചിട്ടില്ല. മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പൈതൃകങ്ങള്‍ അല്‍മസ്‌ജിദുന്നബവി, മസ്‌ജിദുഖുബാ എന്നീ പള്ളികളാണ്‌. വഹ്‌ഹാബികള്‍ എന്ന്‌ മുദ്രയടിക്കപ്പെട്ടവരോ അവരുടെ നിലപാടിനോട്‌ യോജിപ്പുള്ള സുഊദി ഭരണകൂടമോ ഒരിക്കലും ഈ പള്ളികള്‍ക്ക്‌ ഒരു പോറല്‍ പോലും ഏല്‌പിച്ചിട്ടില്ല. ഈ പള്ളികള്‍ നല്ല നിലയില്‍ സംരക്ഷിക്കുകയും വിപുലീകരിക്കുകയുമാണ്‌ സുഊദി ഭരണകൂടം എക്കാലത്തും ചെയ്‌തുപോന്നിട്ടുള്ളത്‌. മദീനയിലെ മസ്‌ജിദുന്നബവിയോട്‌ ചേര്‍ന്നാണ്‌ മുഹമ്മദ്‌ നബി(സ)യുടെയും ഒന്നാം ഖലീഫ അബൂബക്കര്‍(റ), രണ്ടാം ഖലീഫ ഉമര്‍(റ) എന്നിവരുടെയും ഖബ്‌റുകള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ ഖബ്‌റുകള്‍ യാതൊരു കേടുപാടും കൂടാതെ സൂക്ഷിക്കുകയാണ്‌ സുഊദി ഭരണകൂടം ചെയ്യുന്നത്‌. മദീനയില്‍ മുമ്പുണ്ടായിരുന്ന എല്ലാ പള്ളികളും അവിടത്തെ പൊതു ശ്‌മശാനമായ ജന്നത്തുല്‍ ബഖീഉം എക്കാലത്തെയും പോലെ ഇപ്പോഴും അന്യൂനമായി നിലകൊള്ളുന്നുണ്ട്‌. പ്രവാചകപത്‌നിമാര്‍ ഉള്‍പ്പെടെ അനേകം സ്വഹാബികളുടെ (പ്രവാചക ശിഷ്യന്മാരുടെ) ഖബ്‌റുകള്‍ മദീനയിലെ ഖബ്‌റിസ്ഥാനില്‍ ഇപ്പോഴും കാണും. വഹ്‌ഹാബികള്‍ എന്ന്‌ വിളിക്കപ്പെടുന്നവര്‍ മുസ്‌ലിംകളുടെ ആരാധനാലയങ്ങളോ വിദ്യാലയങ്ങളോ ഇസ്‌ലാമിക ചരിത്ര സ്‌മാരകങ്ങളോ യാതൊന്നും നശിപ്പിച്ചിട്ടില്ല. സമസ്‌ത മുസ്‌ലിയാക്കള്‍ ബഹുജനങ്ങളെ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ക്കെതിരില്‍ തിരിച്ചുവിടാന്‍ വേണ്ടി കെട്ടിച്ചമച്ച നുണക്കഥകള്‍ അതേപടി പ്രചരിപ്പിക്കുന്നത്‌ ഒരു ചരിത്രകാരന്‌ ഒട്ടും ഭൂഷണമല്ല. ഇന്ത്യയിലും മറ്റും നടക്കുന്നതു പോലുള്ള ആണ്ടു നേര്‍ച്ചകളും ഉറൂസുകളും മദീനയില്‍ ഒരിക്കലും നടത്തപ്പെട്ടിട്ടില്ല. വഹ്‌ഹാബികളുടെ വരവിന്‌ മുമ്പ്‌ അതൊക്കെ മദീനയില്‍ നടന്നിരുന്നുവെന്ന്‌ സമര്‍ഥിക്കാനാണ്‌ തല്‌പരകക്ഷികള്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്കതിന്‌ വിശ്വസനീയമായ യാതൊരു തെളിവിന്റെയും പിന്‍ബലം ലഭിക്കുകയേ ഇല്ല.

`വഹ്‌ഹാബികള്‍ ബ്രിട്ടീഷുകാരോട്‌ പറഞ്ഞു' എന്നത്‌ ഒരു വാറോല പ്രസ്‌താവനയാണ്‌. ഏത്‌ വഹ്‌ഹാബി ഏത്‌ ബ്രിട്ടീഷുകാരനോട്‌ പറഞ്ഞുവെന്ന്‌ തെളിവ്‌ സഹിതം ഉദ്ധരിക്കുമ്പോഴേ ഒരു ചരിത്രകാരന്റെ ന്യായമായ പ്രസ്‌താവനയാകുകയുള്ളൂ. ഫണ്‍ഡമെന്റലിസ്റ്റുകള്‍ എന്ന്‌ ഇംഗ്ലീഷിലും മതമൗലിക വാദികള്‍ എന്ന്‌ മലയാളത്തിലും ധാരാളം പേര്‍ പ്രയോഗിക്കാറുണ്ടെങ്കിലും അതിനൊരു കണിശമായ നിര്‍വചനം എവിടെയും രേഖപ്പെടുത്തിക്കണ്ടിട്ടില്ല. അല്ലാഹു പ്രവാചകന്മാരിലൂടെ, വേദഗ്രന്ഥങ്ങളിലൂടെ അവതരിപ്പിച്ച മതം മൗലികമാണെന്ന്‌ തന്നെയാണ്‌ യഥാര്‍ഥ വിശ്വാസികളായ എല്ലാ മുസ്‌ലിംകളും കരുതുന്നത്‌. വിശ്വാസവും കര്‍മവും വിശുദ്ധ ഖുര്‍ആനിനും നബിചര്യയ്‌ക്കും അനുസരിച്ചായിരിക്കണം എന്ന മൗലികമായ നിലപാടില്‍ നിന്ന്‌ മാറാന്‍ മുജാഹിദുകള്‍ സന്നദ്ധരല്ല. അതിന്റെ പേരില്‍ ആരൊക്കെ ആക്ഷേപിച്ചാലും ശരി. കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകരെ ആരൊക്കെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അവരൊക്കെ വിശുദ്ധ ഖുര്‍ആനും നബിചര്യയും തന്നെയാണ്‌ ജീവിത പ്രമാണമായി സ്വീകരിച്ചത്‌. എന്നാല്‍ അവര്‍ക്ക്‌ സാമുദായിക സങ്കുചിതത്വമോ വര്‍ഗീയ പക്ഷപാതമോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത വിഷയങ്ങളില്‍ വിശാലവും ഉദാരവുമായ നിലപാടാണ്‌ അവര്‍ സ്വീകരിച്ചിരുന്നത്‌. മുജാഹിദുകള്‍ സംഘടിപ്പിച്ച ഖത്തര്‍ മലയാളി സമ്മേളനത്തിലേക്ക്‌ വിശിഷ്‌ടാതിഥികളായി ശ്രീ ഗംഗാധരന്‍ മാഷ്‌ അടക്കമുള്ള സാമൂഹ്യ, സാംസ്‌കാരിക ചിന്തകരെ ക്ഷണിച്ചുകൊണ്ടുപോയതു തന്നെ മുജാഹിദുകള്‍ അടഞ്ഞ സമൂഹമല്ലെന്നതിന്‌ മതിയായ തെളിവാണെന്ന്‌ `മുസ്‌ലിം' കരുതുന്നു.

മുജാഹിദ്‌ പണ്ഡിതന്മാരെല്ലാം പ്രമാദമുക്തരാണെന്ന്‌ `മുസ്‌ലിം' കരുതുന്നില്ല. പണ്ഡിതന്മാരുടെ ചില വീക്ഷണങ്ങളില്‍ തെറ്റ്‌ സംഭവിക്കാന്‍ ഇടയുണ്ട്‌. ഏതെങ്കിലും വ്യക്തി സ്വര്‍ഗാവകാശിയാകുമോ നരകശിക്ഷ അനുഭവിക്കേണ്ടിവരുമോ എന്നൊന്നും പറയാന്‍ പണ്ഡിതന്മാര്‍ക്ക്‌ അവകാശമില്ല. പ്രവാചകന്മാര്‍ക്ക്‌ പോലും അല്ലാഹു അറിയിച്ചു കൊടുത്താല്‍ മാത്രമേ അക്കാര്യം പ്രഖ്യാപിക്കാന്‍ പറ്റൂ. `അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്‌' എന്ന്‌ ചോദിച്ചവരോട്‌ മൂസാനബി(അ) പറഞ്ഞ മറുപടി വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുണ്ട്‌: ``അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്റെ രക്ഷിതാവിന്‌ പിഴവ്‌ പറ്റുകയില്ല. അവന്‍ മറന്നുപോവുകയും ഇല്ല'' (വി.ഖു 20:52). മരിച്ചുപോയ മനുഷ്യരുടെയൊക്കെ ഭാഗധേയം ലോകരക്ഷിതാവ്‌ നിശ്ചയിച്ച പ്രകാരമായിരിക്കും. ഏതൊക്കെ തരത്തില്‍ പെട്ടവര്‍ സ്വര്‍ഗാവകാശികളാകും, ഏതൊക്കെ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ നരകാവകാശികളാകും എന്നത്‌ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലുമുള്ള പരാമര്‍ശങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ്‌ പ്രബോധകര്‍ ചെയ്യേണ്ടത്‌. ഒരു വ്യക്തി എവിടെയെത്തുമെന്ന കാര്യം അല്ലാഹു തീരുമാനിച്ചുകൊള്ളും.

ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദം ജനങ്ങളുടെ മേല്‍ അടിച്ചേല്‌പിക്കുന്ന അല്‍ഖാഇദയെയും താലിബാനെയും പോലുള്ള വിഭാഗങ്ങളെ ഉദ്ദേശിച്ചാണ്‌ ശ്രീ ഗംഗാധരന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ എന്ന പദം പ്രയോഗിക്കുന്നതെങ്കില്‍, തീവ്രവാദത്തെ നീക്കുപോക്കില്ലാതെ എതിര്‍ക്കുന്ന കേരളത്തിലെ മുജാഹിദുകളെ ആ വകുപ്പില്‍ ഉള്‍പ്പെടുത്തുന്നത്‌ ഒരു നിഷ്‌പക്ഷ ചരിത്രകാരന്‌ ഭൂഷണമല്ലെന്നേ പറയാനുള്ളൂ. വിശ്വാസവും കര്‍മവും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക്‌ അനുസൃതമാക്കുന്നതിലും അതിന്റെ ആവശ്യകതയെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുന്നതിലുമാണ്‌ കേരളത്തിലെ മുജാഹിദുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം പാടില്ലെന്ന ഖുര്‍ആനിക അധ്യാപനം (2:256) അവര്‍ ഊന്നിപ്പറയുന്നു. വിശുദ്ധ ഖുര്‍ആനിലെ 25:52 സൂക്തത്തില്‍ ആജ്ഞാപിച്ചിട്ടുള്ള ആശയപരമായ ജിഹാദാണ്‌ അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌. അതായത്‌ ഖുര്‍ആനിക ആദര്‍ശത്തിന്റെ ഊര്‍ജിതമായ പ്രബോധനം.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers