ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നമസ്‌കാരവും നോമ്പും `ഖദ്വാ' വീട്ടല്‍


ഒരാളുടെ കൗമാരക്കാലത്ത്‌ കൃത്യമായി നമസ്‌കരിക്കാതെ, നോമ്പെടുക്കാതെ കഴിച്ചുകൂട്ടി. ഇേപ്പാള്‍ അയാള്‍ അതെല്ലാം നമസ്‌കരിക്കുകയും നോമ്പുകള്‍ നോറ്റുവീട്ടുകയും ചെയ്യേണ്ടതുണ്ടോ? ഇല്ലെങ്കില്‍ പ്രായശ്ചിത്തം വല്ലതുമുണ്ടോ?

ഇര്‍ഫാന്‍ തിരൂര്‍

ബോധപൂര്‍വം, കാരണമൊന്നും കൂടാതെ നമസ്‌കാരമോ നോമ്പോ ഉപേക്ഷിച്ചവന്‍ പിന്നീട്‌ സൗകര്യപ്പെടുമ്പോള്‍ അതൊക്കെ `ഖദ്വാ വീട്ടി'യാല്‍ അല്ലാഹു സ്വീകരിക്കുമെന്നതിന്‌ വിശുദ്ധഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വ്യക്തമായ തെളിവൊന്നുമില്ല. റസൂല്‍(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ട്‌ സനദ്‌ (നിവേദകപരമ്പര) കൂടാതെ ബുഖാരിയില്‍ ചേര്‍ത്തിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: ``ന്യായമായ കാരണമോ രോഗമോ കൂടാതെ റമദ്വാനിലെ ഒരു ദിവസം വല്ലവനും നോമ്പ്‌ ഉപേക്ഷിച്ചാല്‍ പകരം കൊല്ലം മുഴുവന്‍ നോമ്പെടുത്താലും അതിന്‌ പരിഹാരമാവുകയില്ല.'' തുടര്‍ന്ന്‌ ബുഖാരി എഴുതുന്നു: ``ഇതേ അഭിപ്രായം തന്നെയാണ്‌ ഇബ്‌നുമസ്‌ഊദ്‌ പറഞ്ഞിട്ടുള്ളത്‌. സഈദുബ്‌നു മുസ്വയ്യബ്‌, ശഅ്‌ബി, ഇബ്‌നുജുബൈര്‍, ഇബ്‌റാഹീം, ഖതാദഃ, ഹമ്മാദ്‌ എന്നിവര്‍ പറഞ്ഞിട്ടുള്ളത്‌ അവന്‍ അതിന്‌ പകരം മറ്റൊരു ദിവസം നോറ്റുവീട്ടണമെന്നാണ്‌.'' (ബുഖാരിയുടെ `കിതാബുസ്സൗമി'ലെ 29ാം അധ്യായം) അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ നിവേദക പരമ്പര അന്യൂനമല്ലെന്നാണ്‌ അത്‌ സംബന്ധിച്ച്‌ ഇബ്‌നുഹജര്‍(റ) നടത്തിയ വിശകലനത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. (ഫത്‌ഹുല്‍ബാരി 5:661 നോക്കുക) ഉപേക്ഷിച്ച നോമ്പിന്‌ പകരം അത്രയും എണ്ണം നോറ്റുവീട്ടുകയും അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുകയാണ്‌ വേണ്ടതെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അവരും അനിഷേധ്യമായ തെളിവൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. രോഗം, യാത്ര, ആര്‍ത്തവം എന്നീ കാരണങ്ങളാല്‍ നോമ്പ്‌ ഉപേക്ഷിച്ചാല്‍ പകരം അത്രയും ദിവസം നോറ്റുവീട്ടേണ്ടതാണെന്നതിന്‌ ഖുര്‍ആനിലും പ്രബലമായ ഹദീസിലും തെളിവുണ്ട്‌.

ബോധപൂര്‍വം നമസ്‌കാരം ഉപേക്ഷിച്ചാല്‍ എന്തുചെയ്യണമെന്ന കാര്യത്തിലും പണ്ഡിതന്മാര്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. മറ്റെപ്പോഴെങ്കിലും ആ നമസ്‌കാരം നിര്‍വഹിച്ചാല്‍ അല്ലാഹു സ്വീകരിക്കുമെന്നതിന്‌ അനിഷേധ്യമായ തെളിവ്‌ അവരാരും ചൂണ്ടിക്കാണിച്ചിട്ടില്ല. മറന്നുപോയവന്‍ ഖദ്വാ വീട്ടേണ്ടതുണ്ടെങ്കില്‍ ഓര്‍മയോടെ ഉപേക്ഷിച്ചവന്‍ ഏതായാലും വീട്ടുക തന്നെ വേണമെന്ന ഒരു ന്യായമാണ്‌ ചിലര്‍ ഉന്നയിച്ചിട്ടുള്ളത്‌. നിര്‍ബന്ധനമസ്‌കാരം കടബാധ്യതപോലെയാണെന്നും അതിനാല്‍ എപ്പോഴെങ്കിലും നിര്‍വഹിച്ചു കഴിഞ്ഞാലേ ബാധ്യത തീരുകയുള്ളൂവെന്നുമാണ്‌ മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നത്‌. എന്നാല്‍ സാധിക്കുമ്പോള്‍ കൊടുത്തുവീട്ടിയാല്‍ മതിയാകുന്ന കടത്തോട്‌ കൃത്യസമയത്ത്‌ തന്നെ നിര്‍വഹിക്കേണ്ട നമസ്‌കാരത്തെ സാമ്യപ്പെടുത്തുന്നത്‌ ശരിയാണോ എന്ന കാര്യം സംശയാസ്‌പദമാകുന്നു. ഒരിക്കലും ബോധപൂര്‍വം നമസ്‌കാരം വിട്ടുപോകാതെ ശ്രദ്ധിക്കുക. മുമ്പ്‌ വിട്ടുപോയതിന്‌ നിഷ്‌കളങ്കമായി പശ്ചാത്താപം ചെയ്യുക. ഇതാണ്‌ സൂക്ഷ്‌മതയുള്ളവര്‍ ചെയ്യേണ്ടത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers