ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സ്വഹീഹുല്‍ ബുഖാരി നൂറ്‌ ശതമാനം സത്യമാണോ?

സ്വഹീഹുല്‍ ബുഖാരി നൂറ്‌ ശതമാനം സത്യമാണോ?       
എം റെജിമോന്‍ നിലമ്പൂര്‍

അല്ലാഹു പറയുന്നു: ``ഖുര്‍ആന്‍ ഒരു മനുഷ്യനാണ്‌ രചിച്ചിരുന്നതെങ്കില്‍ അവര്‍ അതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു. നിശ്ചയമായും നാമാണ്‌ ഇത്‌ ഇറക്കിയത്‌. നാം തന്നെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഖുര്‍ആന്‍ നൂറ്‌ ശതമാനം ശരിയാണെന്നും അതില്‍ യാതൊരു അബദ്ധവും കൈകടത്തലും വന്നിട്ടില്ലെന്നും ഒരു മുസ്‌ലിം വിശ്വസിക്കുന്നു. മനുഷ്യര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ കൈകടത്തലുകളും അബദ്ധങ്ങളും സംഭവിക്കുമെന്ന്‌ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകത്ത്‌ ഏറ്റവും ആധികാരികമായതാണല്ലോ സ്വഹീഹുല്‍ ബുഖാരി. ഇത്‌ നൂറു ശതമാനം ശരിയാണെന്ന്‌ ലോകമുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

എന്നാല്‍ ബുഖാരിയില്‍ മൂസാ(അ) മലക്കുല്‍മൗത്തിന്റെ കണ്ണ്‌ പൊട്ടിച്ചു, നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു, മൂസാ(അ) നഗ്‌നനായി ബനൂഇസ്‌റാഈല്യരുടെ ഇടയിലൂടെ ഓടി തുടങ്ങിയ സംഭവങ്ങള്‍ പറയുന്നുണ്ട്‌. ഇത്‌ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക്‌ എതിരല്ലേ? സ്വഹീഹുല്‍ ബുഖാരി മനുഷ്യന്‍ രചിച്ച ഗ്രന്ഥമെന്ന നിലക്ക്‌ അതില്‍ പിഴവ്‌ സംഭവിക്കാന്‍ സാധ്യതയില്ലേ? ഈ നിലക്ക്‌ മേല്‌പറഞ്ഞ ഹദീസുകള്‍ ഒരാള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അയാള്‍ ഹദീസ്‌ നിഷേധിയാകുമോ?

``ഖുര്‍ആന്‍ ഒരു മനുഷ്യനാണ്‌ രചിച്ചിരുന്നതെങ്കില്‍....'' എന്നല്ല ``അത്‌ അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതാണെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു'' എന്നാണ്‌ വിശുദ്ധ ഖുര്‍ആനിലുള്ളത്‌(4:82). ഖുര്‍ആന്‍ പൂര്‍ണമായി അല്ലാഹുവിന്റെ വചനങ്ങളാണെന്ന കാര്യത്തില്‍ യഥാര്‍ഥ മുസ്‌ലിംകള്‍ക്ക്‌ സംശയത്തിന്നവകാശമില്ല. എന്നാല്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥത്തിന്റെ അവസ്ഥ അങ്ങനെയല്ല. അതില്‍ ഇമാം ബുഖാരി പ്രകടിപ്പിച്ച അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളുമുണ്ട്‌. അതിലെ ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം നബി(സ)യില്‍ നിന്ന്‌ സനദ്‌ (നിവേദക പരമ്പര) സഹിതം ഉദ്ധരിച്ച ഹദീസുകളാണ്‌. സ്വഹാബികളുടെ വാക്കുകള്‍ സനദ്‌ സഹിതം ഉദ്ധരിച്ച റിപ്പോര്‍ട്ടുകളും ചുരുക്കത്തിലുണ്ട്‌. സഹീഹുല്‍ ബുഖാരിയുടെ ശ്രദ്ധേയമായ സവിശേഷത ഓരോ ഹദീസും തനിക്ക്‌ കിട്ടിയത്‌ വിശ്വസ്‌തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെയാണെന്ന്‌ ഉറപ്പ്‌ വരുത്താന്‍ ഇമാം ബുഖാരി പരമാവധി ശ്രമിച്ചിട്ടുണ്ട്‌ എന്നതാണ്‌.

എന്നാലും തന്റെ ഗ്രന്ഥത്തില്‍ വൈരുധ്യങ്ങളൊന്നും കാണപ്പെടുകയില്ലെന്ന്‌ അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. തനിക്കോ തന്റെ ഗുരുപരമ്പയിലുള്ളവര്‍ക്കോ മാനുഷികമായ തെറ്റുകളൊന്നും പറ്റാന്‍ സാധ്യതയില്ലെന്ന്‌ അദ്ദേഹം വാദിച്ചിട്ടുമില്ല. നബി(സ) ഒരു കാര്യം ചെയ്‌തുവെന്നോ പറഞ്ഞുവെന്നോ വിശ്വസ്‌തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടാല്‍ അത്‌ വാസ്‌തവമാകാനാണ്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്‌. എന്നാലും സ്വഹാബികള്‍ക്ക്‌ ശേഷമുള്ള റിപ്പോര്‍ട്ടര്‍മാരില്‍ വിശ്വസ്‌തരായി പൊതുവെ അറിയപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെ ഓര്‍മക്കുറവോ ആശയക്കുഴപ്പമോ ബാധിച്ച വല്ലവരും ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യത ഒട്ടുമില്ലെന്ന്‌ പറയാനാവില്ല.

സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാന ഗ്രന്ഥമായ ഫത്‌ഹുല്‍ബാരിയില്‍ ബുഖാരിയിലെ ചുരുക്കം ചില ഹദീസുകള്‍ വിമര്‍ശന വിധേയമായ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. ചില വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ അദ്ദേഹം സമര്‍ഥിച്ചിട്ടുമുണ്ട്‌. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ നൂറു ശതമാനം സത്യമാണെന്ന്‌ വിശ്വസിക്കല്‍ ഒരു ഈമാന്‍ കാര്യമെന്ന നിലയില്‍ പ്രമുഖ പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാണിച്ചിട്ടില്ല. ഇങ്ങനെയൊരു `വിശ്വാസ കാര്യ'ത്തെക്കുറിച്ച ധാരണപോലും ഇല്ലാതെയാണല്ലോ മഹാന്മാരായ സ്വഹാബികളും തൊട്ടടുത്ത തലമുറയും ജീവിച്ചത്‌. എന്നാല്‍ നബി(സ)യുടെ ഒരു വാക്ക്‌ നേരിട്ടു കേള്‍ക്കുകയോ വിശ്വസ്‌തര്‍ ഉദ്ധരിച്ചത്‌ കേള്‍ക്കുകയോ ചെയ്‌താല്‍ അത്‌ മുഖവിലയ്‌ക്ക്‌ എടുക്കുക എന്ന നിലപാടാണ്‌ സ്വഹാബികളുടെ കാലം മുതല്‍ ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവര്‍ സ്വീകരിച്ചുപോന്നത്‌. മുഹമ്മദ്‌ നബി(സ) തന്നിഷ്‌ടപ്രകാരമല്ല, അല്ലാഹുവിന്റെ ബോധന പ്രകാരമാണ്‌ സംസാരിക്കുന്നത്‌ എന്ന്‌ വിശുദ്ധഖുര്‍ആനില്‍ (53:3,4) വ്യക്തമാക്കിയിട്ടുണ്ട്‌. ദിവ്യബോധനം ലഭിച്ച പ്രവാചകനില്‍ നിന്ന്‌ വിശ്വസ്‌തര്‍ മുഖേന ഉദ്ധരിക്കപ്പെട്ട വചനങ്ങളും നടപടികളും സമാഹരിച്ച ഗ്രന്ഥത്തെ കേവലമൊരു മനുഷ്യരചന എന്ന നിലയിലല്ല വിലയിരുത്തേണ്ടത്‌. അതുകൊണ്ടുതന്നെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികതയുള്ള ഗ്രന്ഥം എന്ന നിലയില്‍ സ്വഹീഹുല്‍ ബുഖാരിയെ മുസ്‌ലിംലോകം പരിഗണിച്ചുപോരുന്നത്‌. എന്നാല്‍ ബുഖാരി സ്വന്തം നിലയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്കോ നബി(സ)ക്കു ശേഷമുള്ള ആരുടെയെങ്കിലും വാക്ക്‌ ഉദ്ധരിച്ചതിനോ ഈ പ്രാമാണികതയില്ല. പണ്ഡിതാഭിപ്രായം എന്ന പരിഗണനയേ അതിനൊക്കെ നല്‌കേണ്ടതുള്ളൂ.

ചോദ്യകര്‍ത്താവ്‌ ചൂണ്ടിക്കാണിച്ച ബുഖാരിയുടെ റിപ്പോര്‍ട്ടുകള്‍ ഖുര്‍ആനിലെ അധ്യാപനങ്ങള്‍ക്ക്‌ തികച്ചും വിരുദ്ധമാണോ അല്ലേ എന്നത്‌ സൂക്ഷ്‌മ പരിശോധന ആവശ്യമുള്ള കാര്യമാണ്‌. ഏതെങ്കിലുമൊരു ഹദീസ്‌ ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ സൂക്ഷ്‌മ പരിശോധനയില്‍ തെളിയുകയാണെങ്കില്‍ ആ ഹദീസിന്‌ പ്രാമാണികത കല്‌പിക്കാവുന്നതല്ലെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഒന്നാം പ്രമാണത്തിനാണല്ലോ രണ്ടാം പ്രമാണത്തെക്കാള്‍ മുന്‍ഗണന നല്‌കേണ്ടത്‌. ഹദീസിന്റെ മൊത്തം പ്രാമാണികതയെ നിഷേധിക്കുന്നതും ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ വ്യക്തമായ ഒന്നോ രണ്ടോ ഹദീസുകള്‍ അംഗീകരിക്കാതിരിക്കുന്നതും ഒരുപോലെയല്ല. ഒരു പണ്ഡിതന്‍ പ്രാമാണികമെന്ന്‌ അഭിപ്രായപ്പെട്ട ഹദീസ്‌ ഇന്ന കാരണത്താല്‍ പ്രാമാണികമല്ലെന്ന്‌ മറ്റൊരു പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുക എന്നത്‌ പൂര്‍വകാലത്ത്‌ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അതിന്റെ പേരില്‍ ആരും ആരെയും ഇസ്‌ലാമില്‍ നിന്ന്‌ പുറത്താക്കിയിട്ടില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers