ഖബ്‌റിലെ ചോദ്യവും രക്ഷാ ശിക്ഷയും ഉണ്ടെന്ന് വിശ്വസിക്കല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണല്ലോ. എന്നാല്‍ മരിച്ച് ഇത്ര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് സംഭവിക്കുമെന്ന് വല്ല കണക്കുമുണ്ടോ? മണിക്കൂറുകള്‍ക്ക് ശേഷവും ദിവസങ്ങള്‍ക്കു ശേഷവുമൊക്കെയാണ് പല മയ്യിത്തുകളും മറമാടപ്പെടുന്നത്. അതുപോലെ ദഹിപ്പിക്കപ്പെടുന്ന മയ്യിത്തുകളും ധാരാളമുണ്ട്. വെള്ളത്തില്‍ പോയി കാണാതാവുന്നത് വേറെയും. ഇവയൊക്കെ ചോദ്യംചെയ്യപ്പെടുന്നതും മറ്റും എങ്ങനെ? എപ്പോള്‍?
കെ പി അബൂബക്കര്‍ (മുത്തനൂര്‍)
വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നതനുസരിച്ച് മരണം മുതല്‍ ഓരോ ആത്മാവും അല്ലാഹുവിന്റെ അധീനത്തിലാണ്. മരണത്തിനുശേഷം പരേതര്‍ക്ക് എന്തു സംഭവിക്കുമെന്ന് അറിയാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഭൗതികമായ യാതൊരു മാര്‍ഗവുമില്ല. വിശുദ്ധ ഖുര്‍ആനിലും പ്രബലമായ ഹദീസുകളിലും പറഞ്ഞിട്ടുള്ളതിനെ അവലംബിക്കാനേ കഴിയൂ. മരണത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും ഇടയിലുള്ള അവസ്ഥയെക്കുറിച്ച് ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്ന ദിവസം വരെ ഒരു ബര്‍സഖ് (മറ) ഉണ്ടായിരിക്കുന്നതാണ്'' (23:100). ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരുമായോ മറിച്ചോ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ് ബര്‍സഖ്. ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ് `ബര്‍സഖിയായ ജീവിതം' എന്ന പ്രയോഗം നിലവില്‍ വന്നത്.
മറ്റൊരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‌പിക്കപ്പെടും.)'' (40:46)
അന്ത്യദിനത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും മുമ്പുള്ള ഘട്ടത്തിലെ ശിക്ഷ എന്ന നിലയിലാണ് നരകം ദിവസേന രണ്ടുനേരം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിനെ സംബന്ധിച്ച് ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പ്രബലമായ അനേകം ഹദീസുകളിലും ഖബ്‌റിലെ ശിക്ഷയെ സംബന്ധിച്ച പരാമര്‍ശമുണ്ട്. ബുഖാരിയും മറ്റും റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസില്‍ നിന്ന് ഗ്രഹിക്കാവുന്നതനുസരിച്ച് ഖബ്‌റില്‍ മലക്കുകളുടെ ചോദ്യം ചെയ്യല്‍ ഖബ്‌റടക്കം കഴിഞ്ഞിട്ട് ഏറെ വൈകാതെയായിരിക്കും.
ഖബ്‌റില്‍ മറവ് ചെയ്യാത്ത മയ്യിത്തുകളെ ചോദ്യംചെയ്യുന്നത് എപ്പോഴായിരിക്കുമെന്ന് പ്രബലമായ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. അല്ലാഹു ഏത് തരത്തിലും ചോദ്യവും ശിക്ഷയും നടപ്പാക്കാന്‍ കഴിവുള്ളവനാണ്. ബര്‍സഖ് എന്ന പദം സൂചിപ്പിക്കുന്നതു പോലെയും ഹദീസില്‍ വ്യക്തമാക്കപ്പെട്ടതു പോലെയും ഈ ചോദ്യവും ശിക്ഷയും ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയുന്നതല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment