``മുശ്‌രിക്കുകളെക്കുറിച്ച് അവതരിപ്പിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ വഹാബികള്‍ മുസ്‌ലിംകളുടെ മേല്‍ ആരോപിച്ച് അവരെ കൊല്ലുകയും സ്വത്തുക്കള്‍ കവരുകയും ചെയ്‌തു. പിഞ്ചു പൈതങ്ങളെപ്പോലും കാഫിറുകള്‍ എന്നാക്രോശിച്ച് അവര്‍ കഴുത്തറുത്തു നജ്‌ദില്‍ അധികാരമുറപ്പിച്ചു. പിടിച്ചെടുക്കല്‍ തുടര്‍ന്നു. ആദ്യം കിഴക്കന്‍ ഭാഗം. പിന്നെ ഇഖ്‌ലീമുല്‍ ഹസാഅ്, ബഹ്‌റൈന്‍, ഒമാന്‍, മസ്‌ക്കത്ത്, ബഗ്‌ദാദ്, ബസ്വറ ഇങ്ങനെ തെക്കോട്ട്. വടക്കു ഭാഗത്ത് ഹറാര്‍, ഖുയൂഖ്, ഹര്‍ബിയ, ഫറത്ത്, ജുബാന അങ്ങനെ രക്തവിപ്ലവം തുടര്‍ന്നു.'' (ഖുലാഫത്തുല്‍ ഖലാം, രിസാലത്തുല്‍ വറാഖിയ)
മുസമ്പുലു (ഒതായി)
ഇങ്ങനെയുള്ള വഹ്‌ഹാബികള്‍ ഏത് കാലത്താണ് ഉണ്ടായിരുന്നത്? അതോ വഹ്‌ഹാബികള്‍ രണ്ടുതരം ഉണ്ടോ? ഒന്ന്, ശാന്തമായി ഖുര്‍ആനും പ്രവാചകചര്യയും അനുസരിച്ച് പ്രബോധനം നടത്തുന്നവര്‍ (അഥവാ ഇന്നത്തെ അവസ്ഥ). രണ്ട്, ആയുധം കയ്യിലെടുത്ത് രക്തവിപ്ലവം സൃഷ്‌ടിക്കുന്നവര്‍.
വഹാബികള്‍ എന്ന് വിളിപ്പേരിട്ട് യാഥാസ്ഥിതികര്‍ അപവദിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ തന്നെയാണ് ഇപ്പോള്‍ സുഊദി ഭരണകൂടത്തിന് മതപരവും രാഷ്‌ട്രീയവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കുന്നത്. മക്കയും മദീനയും ജിദ്ദയും റിയാദും ദമ്മാമും മറ്റും ഉള്‍ക്കൊള്ളുന്ന വിശാലമായ സുഊദി രാഷ്‌ട്രത്തില്‍ ധാരാളം അമുസ്‌ലിംകളും പല വിഭാഗക്കാരായ മുസ്‌ലിംകളും താമസിക്കുന്നുണ്ട്. ദശലക്ഷക്കണക്കില്‍ മലയാളികളും അവിടെ പലതരം തൊഴിലെടുത്ത് പതിറ്റാണ്ടുകളായി താമസിച്ചുവരുന്നുണ്ട്. മുസ്‌ലിംകളില്‍ ഏതെങ്കിലും വിഭാഗക്കാരെയോ അമുസ്‌ലിംകളെയോ കാഫിര്‍-മുശ്‌രിക്ക് എന്ന് വിളിച്ച് സുഊദികള്‍ അപവദിക്കുകയോ ആക്രമിക്കുകയോ ചെയ്‌ത യാതൊരു സംഭവവും വാര്‍ത്താമാധ്യമങ്ങളില്‍ വന്നിട്ടില്ല. ഏതെങ്കിലും അവിവേകി അങ്ങനെ ചെയ്യുന്ന പക്ഷം സുഊദി ഭരണകൂടം അയാള്‍ക്ക് കടുത്ത ശിക്ഷ നല്‌കുക തന്നെ ചെയ്യും. രണ്ടു സമസ്‌തയുടെയും പണ്ഡിതന്മാര്‍ സുഊദി നഗരങ്ങളില്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ തന്നെ നടത്തുന്നുണ്ട്. വഹ്‌ഹാബികള്‍ അവരില്‍ ആരുടെയെങ്കിലും കഴുത്തറുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തെളിവ് സഹിതം അതവര്‍ എഴുതട്ടെ. പണ്ടത്തെ വഹ്‌ഹാബികളൊക്കെ ആക്രോശികളും കഴുത്തറുപ്പന്മാരുമായിരുന്നുവെന്നും ഇപ്പോഴത്തെ വഹ്‌ഹാബികള്‍ സമാധാനകാംക്ഷികളാണെന്നുമാണ് `നോട്ടീസ് സുന്നി'കളുടെ വാദമെങ്കില്‍ എന്ന് മുതലാണ് വഹാബികള്‍ക്ക് മാറ്റമുണ്ടായതെന്ന് വ്യക്തമാക്കണം.
വഹ്‌ഹാബികളെപ്പറ്റി പരമാവധി പരദൂഷണം പറഞ്ഞാല്‍ സ്വര്‍ഗം ഉറപ്പാണെന്ന് ബഹുജനങ്ങളെ പഠിപ്പിക്കുന്ന ചില പുരോഹിതന്മാരുണ്ട്. അവര്‍ പല ഭാഷകളിലും പച്ച നുണകള്‍ കോര്‍ത്ത് കെട്ടി പുസ്‌തകങ്ങളും ലഘുലേഖകളും ധാരാളം അടിച്ചിറക്കിയിട്ടുണ്ട്. ആ കൂട്ടത്തില്‍ പെട്ടതായിരിക്കും `ഖുലാഫത്തുല്‍ ഖലാം.' അറബിഭാഷയില്‍ ഖുലാഫ, ഖലാം എന്നിങ്ങനെ ഒരു ഗ്രന്ഥത്തിന്റെ പേരായിരിക്കാവുന്ന പദങ്ങളേയില്ല. അല്‌പം വകതിരിവുള്ള വല്ലവരുമാണ് ആ ഉദ്ധരണി എഴുതിയതെങ്കില്‍ ഒമാനും മസ്‌കത്തും രണ്ടു നാടുകളുടെ പേര്‍ എന്ന നിലയില്‍ എഴുതുമായിരുന്നില്ല. അതുപോലെ തന്നെ ബഗ്‌ദാദ്, ബസ്വറ എന്നിവയും. ഒമാന്‍ എന്ന രാഷ്‌ട്രത്തിന്റെ തലസ്ഥാന നഗരമാണ് മസ്‌കത്ത്. ബാഗ്‌ദാദും ബസ്വറയും തമ്മിലുള്ള ബന്ധം ഒമാനും മസ്‌കത്തും തമ്മിലുള്ളതല്ല. ഒന്ന് ഇറാഖിന്റെ തലസ്ഥാനനഗരവും മറ്റേത് അവിടത്തെ തുറമുഖ നഗരവുമാണ്. ശൈഖ് മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബിന്റെ വീക്ഷണങ്ങളോട് യോജിച്ച സുഊദികളോ, അതുപോലുള്ള മറ്റേതെങ്കിലും വിഭാഗമോ ഒരിക്കലും മസ്‌കത്തോ ബഗ്‌ദാദോ ബസ്വറയോ പിടിച്ചെടുത്തിട്ടില്ല. പിടിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുപോലുമില്ല. ഒരു കൂട്ടര്‍ കാല്‍വെക്കുക പോലും ചെയ്യാത്ത നാടുകളില്‍ അവര്‍ സകലരുടെയും കഴുത്തറുത്തു എന്നു പറഞ്ഞാല്‍ പോലും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന കുഞ്ഞാടുകള്‍ക്ക് വേണ്ടിയുള്ളതാണ് സമസ്‌തക്കാരുടെ സാഹിത്യം മുഴുവന്‍.
0 അഭിപ്രായങ്ങള്‍:
Post a Comment