ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നബി(സ) നിര്‍ദേശിക്കാതെ സ്വഹാബികള്‍ നമസ്‌കരിക്കുകയോ?


"ഞങ്ങള്‍ സൂര്യാസ്‌തമയത്തിന്‌ ശേഷം രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ) അത്‌ കണ്ടിട്ട്‌ ഞങ്ങളോട്‌ അപ്രകാരം ചെയ്യാന്‍ കല്‌പിക്കുകയോ ഞങ്ങളെ അതില്‍ നിന്ന്‌ വിലക്കുകയോ ചെയ്‌തില്ല.'' (മുഖാമുഖം, ശബാബ്‌-2010 ഏപ്രില്‍ 9).

നബി(സ) ചെയ്‌ത്‌ കാണിക്കുന്ന പ്രവൃത്തികള്‍ മാത്രമാണല്ലോ സ്വഹാബികള്‍ ചെയ്‌തിരുന്നത്‌ എന്നാണ്‌ നമ്മളിതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ മേല്‌പറഞ്ഞ ഉത്തരത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌, നബിയുടെ അനുവാദമില്ലാതെ സ്വഹാബികള്‍ ഈ നമസ്‌കാരം നിര്‍വഹിച്ചുവെന്നാണ്‌. സ്വഹാബികള്‍ തന്നിഷ്‌ടപ്രകാരം ആരാധനകള്‍ നിര്‍വഹിച്ചിരുന്നുവെന്നല്ലേ ഇതില്‍ നിന്ന്‌ മനസ്സിലാകുന്നത്‌?
സി എം സി അബ്‌ദുല്‍ഖാദര്‍  തിരൂര്‍

ഈ വിഷയകമായി ഈ ഹദീസ്‌ മാത്രമല്ല ഉള്ളത്‌. അബ്‌ദുല്ലാഹിബ്‌നു മുഗഫ്‌ഫലില്‍ നിന്ന്‌ ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: റസൂല്‍(സ) പറഞ്ഞു: ``നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കൂ. നിങ്ങള്‍ മഗ്‌രിബിന്‌ മുമ്പ്‌ നമസ്‌കരിക്കൂ.'' മൂന്നാം തവണ അവിടുന്ന്‌ പറഞ്ഞു: ``അങ്ങനെ ഉദ്ദേശിക്കുന്നവര്‍ക്ക്‌.'' ജനങ്ങള്‍ അത്‌ പതിവായി സ്വീകരിക്കുമോ എന്ന ഭയം നിമിത്തമാണ്‌ അപ്രകാരം പറഞ്ഞത്‌. എല്ലാവരും പതിവായി ചെയ്യേണ്ടതല്ലെങ്കിലും കൂടുതല്‍ പുണ്യം ആഗ്രഹിക്കുന്നവര്‍ക്ക്‌ ചെയ്യാവുന്ന ഒരു സുന്നത്ത്‌ നമസ്‌കാരമാണ്‌ അത്‌ എന്നത്രെ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. നബി(സ)യുടെ അനുവാദമോ നിര്‍ദേശമോ കൂടാതെയല്ല സ്വഹാബികള്‍ മഗ്‌രിബിന്‌ മുമ്പ്‌ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിച്ചതെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. ആ നമസ്‌കാരം സംബന്ധിച്ച നിലപാട്‌ നബി(സ) നേരത്തെ വ്യക്തമാക്കിയതുകൊണ്ടാണ്‌ നമസ്‌കരിക്കാത്തവരോട്‌ ആവര്‍ത്തിച്ചു കല്‌പിക്കുകയോ നമസ്‌കരിച്ചവരെ അതില്‍ നിന്ന്‌ വിലക്കുകയോ ചെയ്യാതിരുന്നത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers