ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഒരു ശൈഖിനെ പിന്തുടരാതെ മോക്ഷമില്ലെന്നോ?

സ്വഹാബികളെല്ലാം മോക്ഷത്തിന്‌ അര്‍ഹരായത്‌ നബി(സ)യുടെ മാര്‍ഗദര്‍ശനം പിന്തുടര്‍ന്നതുകൊണ്ടാണെന്നും, അതുപോലെ ഏത്‌ കാലത്തും ഒരു ആത്മീയ ഗുരുവിനെ പിന്തുടരേണ്ടത്‌ മോക്ഷം ലഭിക്കുന്നതിന്‌ അനുപേക്ഷ്യമാണെന്നും ചില ത്വരീഖത്തിന്റെ വക്താക്കള്‍ പറയുന്നു. ഈ വാദത്തിന്‌ തെളിവുകളുടെ പിന്‍ബലമുണ്ടോ?
മുഹമ്മദ്‌ സാലിക്‌- കൊച്ചി

മുസ്‌ലിംകളുടെയെല്ലാം ആത്മീയ ഗുരു മുഹമ്മദ്‌ നബി(സ)യാണ്‌. അദ്ദേഹം അന്തിമ പ്രവാചകനായതുകൊണ്ട്‌ ലോകാവസാനം വരെയുള്ള മനുഷ്യര്‍ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനമാണ്‌ പിന്തുടരേണ്ടത്‌. അദ്ദേഹത്തിന്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ബോധനം ലഭിച്ചിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം തികച്ചും അന്യൂനമാണെന്നും അത്‌ പിന്തുടര്‍ന്നാല്‍ തെറ്റുപറ്റുകയില്ലെന്നും നമുക്ക്‌ ഉറപ്പിക്കാം. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മാറ്റത്തിരുത്തല്‍ കൂടാതെ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്ന മാര്‍ഗദര്‍ശികളെയും നമുക്ക്‌ പിന്തുടരാം. വിശുദ്ധ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങള്‍ക്കും വിരുദ്ധമായ വല്ല ആശയവും ആ മാര്‍ഗദര്‍ശികള്‍ മുന്നോട്ട്‌ വെച്ചാല്‍ അത്‌ തള്ളിക്കളയേണ്ടതുമാണ്‌.

മുഹമ്മദ്‌ നബി(സ)യുടെ ഉമ്മത്തില്‍ (സമുദായത്തില്‍) ഏറ്റവും ശ്രേഷ്‌ഠതയുള്ള വ്യക്തികള്‍ സച്ചരിതരായ ഖലീഫമാര്‍ എന്ന പേരില്‍ അറിയപ്പെടുന്നവരാണ്‌. നബി(സ)യുടെ വിയോഗത്തിന്‌ ശേഷം മത-ലൗകിക കാര്യങ്ങളിലൊരു പോലെ മുസ്‌ലിം സമൂഹത്തിന്‌ നേതൃത്വം നല്‌കിയ അബൂബക്കര്‍, ഉമര്‍, ഉഥ്‌മാന്‍, അലി(റ) എന്നിവര്‍. ഇവരാരും സ്വന്തമായി ത്വരീഖത്ത്‌ ഉണ്ടാക്കിയിട്ടില്ല. അല്ലാഹുവും നബി(സ)യും പഠിപ്പിച്ച ശരീഅത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ യാതൊരു ആശയവും ഈ ഖലീഫമാര്‍ സമൂഹത്തെ പഠിപ്പിച്ചിട്ടില്ല. പിന്നീട്‌ വന്ന ഖലീഫമാരില്‍ ചിലര്‍ക്ക്‌ ചില വിഷയങ്ങളില്‍ വീഴ്‌ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അവരും ഏതെങ്കിലും ത്വരീഖത്ത്‌ സ്വീകരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്‌തിട്ടില്ല.

നബി(സ)യുടെയും സ്വഹാബികളുടെയും മാര്‍ഗമല്ലാത്ത, അതിനൊക്കെ വിരുദ്ധമായ സൂഫിസം എന്ന നൂതന മതസങ്കല്‌പം ചമച്ചുണ്ടാക്കിയവരാണ്‌ ത്വരീഖത്ത്‌ എന്ന സമ്പ്രദായം ആവിഷ്‌കരിച്ചത്‌. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച ശരീഅത്ത്‌ പ്രകാരം ജീവിക്കുന്നതുകൊണ്ട്‌ ആത്മീയമായ ഔന്നത്യം അഥവാ അല്ലാഹുവില്‍ ലയിച്ചു ചേരുക എന്ന ലക്ഷ്യം നേടാന്‍ കഴിയില്ല എന്നാണ്‌ ത്വരീഖത്തുകാരുടെ വാദം. ഈ വാദം വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും തീര്‍ത്തും വിരുദ്ധമാണ്‌. കാരണം, നബി(സ)യും ഉത്തമശിഷ്യന്മാരും അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്വമുള്ളവരായത്‌ ശരീഅത്തിലെ വിധിവിലക്കുകള്‍ അനുസരിച്ച്‌ ജീവിച്ചതുകൊണ്ടാണ്‌. ആ ജീവിതം കൊണ്ട്‌ അവര്‍ ലക്ഷ്യമാക്കിയത്‌ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലഭിക്കുക എന്നതാണ്‌. അല്ലാഹുവില്‍, ദൈവിക സത്തയില്‍ ലയിച്ചുചേരുക എന്നൊരു ലക്ഷ്യത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ പറഞ്ഞിട്ടേയില്ല.

ശൈഖുമാരെ അഥവാ ഗുരുനാഥന്മാരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്‌ ഇസ്‌ലാം പ്രാധാന്യം കല്‌പിക്കുന്നുണ്ട്‌. ഗുരുനാഥന്മാര്‍ പഠിപ്പിക്കുന്നത്‌ ഖുര്‍ആനിനോടും നബിചര്യയോടും യോജിക്കുന്നതാണെങ്കിലേ അവരെ ആദരിക്കുന്നതിനും അനുസരിക്കുന്നതിനും പ്രസക്തിയുള്ളൂ. ശരീഅത്ത്‌ മാറ്റിനിര്‍ത്തിയിട്ട്‌ സ്വയം ആവിഷ്‌കരിച്ച അനുഷ്‌ഠാനങ്ങളും സാധനകളുമാണ്‌ ശൈഖ്‌ പഠിപ്പിക്കുന്നതെങ്കില്‍ അത്‌ ഇസ്‌ലാമല്ലാത്ത മറ്റൊരു മതം നിര്‍മിച്ചുണ്ടാക്കലാണ്‌. വിശുദ്ധ ഖുര്‍ആനില്‍ കല്‌പിച്ച നിര്‍ബന്ധ നമസ്‌കാരങ്ങള്‍ പോലും ഒഴിവാക്കി ശൈഖ്‌ നിര്‍ദേശിച്ച ദിക്‌റുകള്‍ ചൊല്ലുന്നതാണ്‌ ചില ത്വരീഖത്തുകളുടെ രീതി. ജുമുഅക്ക്‌ പോകുന്നതിന്‌ പകരം ശിഷ്യന്മാരെ ശൈഖിന്റെ വീട്ടില്‍ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമിച്ചുകൂട്ടി എന്തൊക്കെയോ അനുഷ്‌ഠാനങ്ങള്‍ ചെയ്യിക്കുന്ന സമ്പ്രദായം പോലും നിലവിലുണ്ട്‌. അല്ലാഹു കല്‌പിച്ച കാര്യങ്ങള്‍ ഒഴിവാക്കാനും അവന്‍ വിലക്കിയ കാര്യങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കുന്ന ശൈഖുമാര്‍ ശിഷ്യന്മാരെ മോക്ഷത്തിലേക്കല്ല നരകത്തിലേക്കാണ്‌ നയിക്കുന്നത്‌.

ത്വരീഖത്ത്‌ ശൈഖുമാരില്‍ പലരും അറബിയില്‍ വഹ്‌ദത്തുല്‍ വുജൂദ്‌ എന്ന്‌ പറയുന്ന അദൈ്വത സിദ്ധാന്തത്തിന്റെ വക്താക്കളാണ്‌. അല്ലാഹുവല്ലാതെ യാതൊന്നുമില്ല അഥവാ ഉള്ളതെല്ലാം അല്ലാഹു തന്നെയാണ്‌ എന്നാണ്‌ ഈ സിദ്ധാന്തത്തിന്റെ രത്‌നച്ചുരുക്കം. ഇത്‌ പ്രകാരം സൃഷ്‌ടിയും സ്രഷ്‌ടാവും ഒന്നുതന്നെയാണ്‌. ആരാധിക്കുന്നവനും ആരാധിക്കപ്പെടുന്നവനും പ്രകീര്‍ത്തിക്കുന്നവനും പ്രകീര്‍ത്തിക്കപ്പെടുന്നവനും ഒന്നുതന്നെ. വിലയം പ്രാപിക്കുന്ന സത്തയും വിലയം പ്രാപിക്കപ്പെടുന്ന സത്തയും ഒന്നുതന്നെ. ശൈഖും മുരീദും ഒരേ സത്തയുടെ രൂപാന്തരങ്ങള്‍ തന്നെയാണെങ്കില്‍ ഒരാള്‍ മറ്റൊരാളെ ത്വരീഖത്തിലൂടെ വഴിനടത്തേണ്ട ആവശ്യമെന്താണെന്ന്‌ ചോദിച്ചിട്ട്‌ കാര്യമില്ല. സൃഷ്‌ടിയും സ്രഷ്‌ടാവും ഒരേ സത്തയുടെ രണ്ടു അവസ്ഥകളാണെങ്കില്‍ സ്രഷ്‌ടാവില്‍ ലയിച്ചു ചേരാന്‍ ത്വരീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും കടമ്പകള്‍ കടക്കേണ്ട ആവശ്യമെന്താണ്‌ എന്ന ചോദ്യത്തിനും ത്വരീഖത്ത്‌ ശൈഖുമാരില്‍ നിന്ന്‌ ഉത്തരം ലഭിക്കാനിടയില്ല.
ദൈവത്തിന്റെ സത്തയും ദാസന്റെ സത്തയും അടിസ്ഥാനപരമായി ഒന്നുതന്നെയാണെങ്കില്‍, ദൈവത്തിന്‌ ദാസനല്ലാതാകാനോ ദാസന്‌ ദൈവമല്ലാതാകാനോ കഴിയില്ലെങ്കില്‍ മോക്ഷത്തെ സംബന്ധിച്ച ത്വരീഖത്തുകാരുടെ സംസാരം തന്നെ നിരര്‍ഥകമായിത്തീരും. ദൈവവിശ്വാസിയും ദൈവനിഷേധിയും ഒരുപോലെ അല്ലാഹുവിന്റെ `മള്‌ഹറാ' (പ്രകാശനം) ണെങ്കില്‍ മതം തന്നെ അപ്രസക്തമായിത്തീരില്ലേ? സൂഫിസാഹിത്യത്തിന്റെ കാല്‌പനിക ഭംഗിയില്‍ ഭ്രമിച്ചു പോകുന്ന ആളുകള്‍ അദൈ്വതം സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച്‌ അധികമൊന്നും ചിന്തിക്കാറില്ലെന്നാണ്‌ തോന്നുന്നത്‌. ചിന്തകനും ചിന്താവിഷയവും ഒന്നാണെങ്കില്‍ ചിന്തയുടെ ആവശ്യം തന്നെ ഉദിക്കുന്നില്ലല്ലോ!

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers