ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വഖ്‌ഫ്‌ നടത്തിപ്പിന്റെ അവകാശം

വഖ്‌ഫ്‌ ചെയ്‌ത വ്യക്തി ജീവിച്ചിരിക്കെ ഒരു വഖ്‌ഫിന്റെ കൈകാര്യ കര്‍ത്തൃത്വം, നടത്തിപ്പ്‌, ഉദ്ദേശ്യം മുതലായ കാര്യങ്ങള്‍ എങ്ങനെയായിരിക്കണമെന്ന്‌ നിര്‍ദേശിക്കാന്‍ വാഖിഫിന്‌ പ്രത്യേകം വല്ല അവകാശവും ഉണ്ടോ? ആയത്‌ പരിഗണിക്കുകയും നടപ്പാക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണോ?
പി അബ്‌ദുര്‍റഹ്‌മാന്‍ - തലശ്ശേരി

ഒരു സ്വത്ത്‌ നഷ്‌ടപ്പെടാതെ അതില്‍ നിന്നുള്ള ഉല്‌പന്നമോ വരുമാനമോ പ്രയോജനമോ ഇസ്‌ലാമില്‍ പുണ്യകരമായിട്ടുള്ള ഒരു കാര്യത്തിനു വേണ്ടി സ്ഥിരമായി നീക്കിവെക്കുകയെന്നതാണ്‌ വഖ്‌ഫിന്റെ താത്‌പര്യം. അല്ലാഹുവോ റസൂലോ(സ) അംഗീകരിച്ചിട്ടുള്ള ഏതു നല്ല കാര്യത്തിനുവേണ്ടിയും സ്വത്ത്‌ വഖ്‌ഫ്‌ ചെയ്യാന്‍ സത്യവിശ്വാസികള്‍ക്ക്‌ അവകാശമുണ്ട്‌. വഖ്‌ഫ്‌ സ്വത്ത്‌ ഏതു നല്ല കാര്യത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന്‌ നിര്‍ദേശിക്കാനുള്ള അവകാശം വാഖിഫിന്‌ അഥവാ വഖ്‌ഫ്‌ ചെയ്‌ത വ്യക്തിക്കുണ്ട്‌. അയാളുടെ ജീവിതകാലത്തോ മരണശേഷമോ അതിന്റെ കൈകാര്യകര്‍ത്തൃത്വം ഏല്‌പിക്കപ്പെടുന്നവര്‍ അയാളുടെ അഭിലാഷം മാനിക്കാന്‍ ബാധ്യസ്ഥരാണ്‌. അതായത്‌ അയാളുടെ നിയ്യത്തിന്‌ വിരുദ്ധമായി വഖ്‌ഫ്‌ സ്വത്തിന്റെ ആദായം വിനിയോഗിക്കാന്‍ പാടില്ല.

എന്നാല്‍ അജ്ഞത നിമിത്തം ഇസ്‌ലാമില്‍ തെളിവില്ലാത്ത അനാചാരം നടത്തുന്നതിന്റെ ചെലവിലേക്ക്‌ ഒരാള്‍ സ്വത്ത്‌ വഖ്‌ഫ്‌ ചെയ്‌താല്‍ അതിന്റെ കൈകാര്യകര്‍ത്തൃത്വം ഏല്‌പിക്കപ്പെട്ട വ്യക്തിക്ക്‌ വാഖിഫിന്റെ തെറ്റായ ഉദ്ദേശ്യം നടപ്പാക്കാന്‍ ബാധ്യതയില്ല. ആ പ്രദേശത്തെ ഏറ്റവും അവശതയുള്ളവര്‍ക്കുവേണ്ടിയോ അത്യാവശ്യമായ ദീനീപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ആ വഖ്‌ഫ്‌ സ്വത്തിന്റെ ആദായം ഉപയോഗപ്പെടുത്താവുന്നതാണ്‌. കാരണം, വഖ്‌ഫ്‌ ഇസ്‌ലാമികമായ ഒരു പുണ്യകര്‍മമാണ്‌. ഇസ്‌ലാം പ്രാധാന്യം കല്‌പിക്കുന്ന കാര്യങ്ങളാണ്‌ വഖ്‌ഫ്‌ സ്വത്തിന്റെ ഏറ്റവും ഉചിതമായ വിനിമയമാര്‍ഗം.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers