ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഹദീസിന്‌ അല്ലാഹുവിന്റെ സംരക്ഷണം ലഭിച്ചില്ലേ?

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമാണ്‌ വിശുദ്ധ ഖുര്‍ആനും ഹദീസും. പ്രവാചകന്‍(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഓര്‍മപ്പെടുത്തിയത്‌ ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണ്‌. എന്നാല്‍ പ്രവാചകന്റെ(സ) മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ സ്വഹീഹായതും ദ്വഈഫായതുമായ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കുന്നത്‌. അപ്പോഴേക്കും മുസ്‌ലിംകളില്‍ ഒരുപാട്‌ അവാന്തര വിഭാഗങ്ങള്‍ രൂപംകൊള്ളുകയും ചെയ്‌തിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായിട്ടും ഖുര്‍ആനിന്‌ അല്ലാഹു നല്‌കുമെന്ന്‌ പറഞ്ഞ സംരക്ഷണം എന്തുകൊണ്ടാണ്‌ ഹദീസിന്റെ വിഷയത്തില്‍ ഇല്ലാതെ പോയത്‌?
കെ ഇ ശാഹുല്‍ ഹമീദ്‌ പെരുമണ്ണ

സ്വഹാബികളുടെ കാലം മുതല്‍ ഇന്ന്‌ വരെയും മുസ്‌ലിം സമൂഹം ജീവിച്ചുപോന്നിട്ടുള്ളത്‌ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമനുസരിച്ചാണ്‌. ഹദീസ്‌ ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെടുന്നതിനു മുമ്പും മുസ്‌ലിംകള്‍ നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും നിര്‍വഹിച്ചുപോന്നത്‌ നബി(സ)യുടെ വാക്കുകളെയും പ്രവൃത്തികളെയും പിന്തുടര്‍ന്നുകൊണ്ടാണ്‌. സ്വഹാബികളും തൊട്ടടുത്ത തലമുറക്കാരും നബിചര്യ അവരുടെ മനസ്സുകളിലാണ്‌ പ്രധാനമായും സൂക്ഷിച്ചത്‌. അവരെല്ലാം പ്രവാചക മാതൃക സ്വജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ളവര്‍ക്ക്‌ അറിയിച്ചുകൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അടുത്ത തലമുറകളില്‍ സാക്ഷരത വ്യാപകമായതോടെ ഹദീസ്‌ ലിഖിതങ്ങള്‍ ഏറെയുണ്ടായി. നബി(സ)യുടെ വിയോഗത്തിനു ശേഷം ഒരു നൂറ്റാണ്ടു കഴിയുന്നതിനു മുമ്പായിത്തന്നെ വിപുലമായ ഹദീസ്‌ ക്രോഡീകരണ യത്‌നങ്ങള്‍ നടന്നിട്ടുണ്ട്‌. വിഷയാടിസ്ഥാനത്തില്‍ അധ്യായങ്ങളായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ തയ്യാറാക്കപ്പെട്ടത്‌ അധികവും രണ്ടും മൂന്നും നൂറ്റാണ്ടുകളിലാണ്‌. അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ട്‌ ആരോ എഴുതിയുണ്ടാക്കിയതാണ്‌ ഹദീസ്‌ ഗ്രന്ഥങ്ങളെന്ന ധാരണ ഹദീസ്‌ നിഷേധികള്‍ വളര്‍ത്തിയതാണ്‌. ഹദീസുകള്‍ അവഗണിക്കപ്പെടുകയോ വിസ്‌മരിക്കപ്പെടുകയോ ചെയ്‌ത ഒരു കാലഘട്ടവും ഇസ്‌ലാമിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.

മുഹമ്മദ്‌ നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും വ്യവസ്ഥാപിതമായും സത്യസന്ധമായും ക്രോഡീകരിക്കപ്പെട്ടതുപോലെ മനുഷ്യചരിത്രത്തില്‍ മറ്റൊരു വ്യക്തിയുടെയും വാക്കുകളോ നടപടികളോ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. നബി(സ)യുടെ കാലം മുതല്‍ ബുഖാരിയെപ്പോലുള്ള ഗ്രന്ഥകര്‍ത്താക്കള്‍ വരെ എത്ര റിപ്പോര്‍ട്ടര്‍മാര്‍ ഹദീസുകള്‍ ഉദ്ധരിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ടോ അവരുടെ മുഴുവന്‍ പേരുകള്‍ ക്രമപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇതിനാണ്‌ സനദ്‌ എന്ന്‌ പറയുന്നത്‌. സനദുകളിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരുടെയും ജീവചരിത്രം ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്‌. ഹദീസുകളുടെ ബലവും ദൗര്‍ബല്യവും എക്കാലത്തുമുള്ളവര്‍ക്ക്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്താന്‍ ഈ ജീവചരിത്രക്കുറിപ്പുകള്‍ സഹായകമാകുന്നു. അവിശ്വസ്‌തരായ ചിലര്‍ വ്യാജ ഹദീസുകള്‍ ചമച്ചിട്ടുണ്ടെങ്കിലും ഹദീസ്‌ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയവര്‍ക്ക്‌ അവ തിരിച്ചറിയാന്‍ പ്രയാസം നേരിടുകയില്ല. ഇതൊക്കെയും അല്ലാഹുവിന്റെ ഹിതമനുസരിച്ച്‌ ഹദീസുകളുടെ സംരക്ഷണത്തിനായി നടന്ന കാര്യങ്ങളാകുന്നു. വിവിധ വിഷയങ്ങളില്‍ നബിചര്യ എന്താണെന്ന്‌ പണ്ഡിതന്മാര്‍ക്കും ചിന്തകന്മാര്‍ക്കും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടെങ്കിലേ ഹദീസുകള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന്‌ പറയാനൊക്കൂ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers