ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അകാരണമായി നോമ്പു മുറിച്ചാല്‍

ലൈംഗികബന്ധത്തിലൂടെ നോമ്പ്‌ മുറിച്ചാല്‍ അയാള്‍ രണ്ട്‌ മാസം തുടര്‍ച്ചയായി നോമ്പനുഷ്‌ഠിക്കണമെന്നാണല്ലോ പ്രായശ്ചിത്തമായി നിര്‍ദേശിച്ചത്‌. എന്നാല്‍ അകാരണമായി നോമ്പ്‌ മുറിച്ചയാള്‍ക്കും നോമ്പെടുക്കാത്തയാള്‍ക്കുമുള്ള പ്രായശ്ചിത്തമെന്താണ്‌? നോമ്പ്‌ ഉപേക്ഷിക്കുന്നവര്‍ക്ക്‌ പരലോകത്തുള്ള ശിക്ഷയെന്താണ്‌?


അബ്‌ദുല്ല കാപ്പില്‍

റമദ്വാനിലെ നോമ്പ്‌ ഓരോ സത്യവിശ്വാസിക്കും നിര്‍ബന്ധ ബാധ്യതയാണെന്നത്രെ വിശുദ്ധ ഖുര്‍ആനിലെ 2:183-185 സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. രോഗിയും യാത്രക്കാരനും നോമ്പ്‌ ഉപേക്ഷിച്ച്‌ പകരം വേറെ ദിവസം നോമ്പെടുക്കേണ്ടതാണെന്ന്‌ 2:184 സൂക്തത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു.

അകാരണമായി നോമ്പ്‌ മുറിക്കുന്നവരും ഒട്ടും നോമ്പെടുക്കാത്തവരും അല്ലാഹുവിന്റെ കല്‌പനയെ ധിക്കരിക്കുകയാണ്‌ ചെയ്യുന്നത്‌. എന്തെങ്കിലും പ്രായശ്ചിത്തം ചെയ്‌താല്‍ അവരുടെ തെറ്റിന്‌ പരിഹാരമാകുമെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ കല്‌പനയെ ധിക്കരിക്കുന്നവര്‍ പരലോകത്ത്‌ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്‌ 39:13 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. നിര്‍വ്യാജമായി ഖേദിച്ചുമടങ്ങുന്നവരുടെ തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുക്കുമെന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers